പൂത്തുലയുന്ന കണ്ണുകള്‍ തമ്മില്‍ ഇടനാഴിയില്‍വച്ച് കൂട്ടിമുട്ടിയത് അറിഞ്ഞുകൊണ്ടായിരുന്നു. എന്റെ ദരിദ്ര യവ്വനത്തിന്റെ ശോഷിച്ച നോട്ടത്തിന് അതൊട്ട് താങ്ങാനാവില്ലെന്നും അറിയാമായിരുന്നു. ആ ചൂഴ്ന്നുള്ള ചിരി ഒരേറുപോലെ നെഞ്ചില്‍ക്കൊള്ളുന്നത് കിനാവുകണ്ടു. യൂണിവേര്‍സിറ്റിയുടെ പൊതുചര്‍ച്ചകളില്‍ ഇടയ്ക്കൊക്കെ കൊട്ടിക്കേറുന്ന ശബ്ദത്തെ , അതുവരെ ഞാൻ നിർമിച്ചെടുത്ത രൂപത്തിനു കൈമാറിക്കഴിഞ്ഞു. പുച്ഛത്തോടെ മാത്രം കണ്ടിരുന്ന റൊമാന്റിക് അസ്കിതകള്‍, തിയറിക്ലാസുകളില്‍ കിനിഞ്ഞിങ്ങി അലോസരപ്പെടുത്തി."രോഗം മറ്റെതാണ്.." സുഹൃത്ത് പറഞ്ഞു.ഞാന്‍ വിനയപൂര്‍വ്വം മൂളി.
"പ്രണയമാണ്..."
"എനിക്കും."
ഒരുവര്‍ഷത്തോളം ആ ചുമട്ടുപണിയുടെ വോളെന്‍റെറിവര്‍ക്ക് ഏറ്റെടുത്തു...
"നീ അണ്‍റൊമാന്റിക് ആണ്.."
"ഉം.."
"എനിക്ക് നീ വലിയ പൊട്ടു കുത്തുന്നത് ഇഷ്ടമല്ല..."
"ഉം.."
"നീയെന്താ ഡ്രസ്സ് ഒക്കെ ഇങ്ങനെ കെയര്‍ലെസ്സായി...???"
"ഉം.."
"ഇമോഷണല്‍ അല്ലാത്ത പെണ്ണിനെപറ്റി എനിക്ക് ചിന്തിക്കാനേ ആവില്ല!"
"ഉം.."
പ്രണയത്തിലൂടെ ഞാനിപ്പോ സ്വാതന്ത്ര്യത്തിന്റെ വിപ്ലവമുണ്ടാക്കുമത്രേ..!!!
ഒരാണ്ടിന്റെ വഴങ്ങിക്കൊടുക്കലുകള്‍... നിന്റെ നീറ്റലുകള്‍ ഒപ്പിമാറ്റാനും, ചുണ്ടനക്കങ്ങളിലെ പൈങ്കിളികളെ ആരാധിക്കാനും , നീ വെയില്‍വെട്ടങ്ങളില്‍ മറ്റുള്ളവര്‍ക്കായി എയ്തുവിടുന്ന ലിബറല്‍ ചുഴിക്കുതത്തുകളില്‍ ആശ്വസിക്കാനും,ഞാന്‍ കുടിച്ചുതീര്‍ത്ത അക്ഷരങ്ങളും,ചേര്‍ത്തുവച്ച സ്വപ്നങ്ങളും എന്നെ അഴിച്ചുവിടുന്നില്ലല്ലോ!!
ഇറങ്ങിപ്പോക്ക് മനസുകളില്‍ നിന്നാവുമ്പോള്‍, ഒഴിഞ്ഞുകിടക്കല്‍ ആനന്ദമാണ്.