ജനറല്‍ കമ്പാര്‍ട്ട്മെന്റിലെ തിരക്കിന്റെ ഉച്ച്വാസം വളരെയെളുപ്പം ഊഹിക്കാനായതുകൊണ്ട്, ഒരു കോച്ച് ഇപ്പറം ലേഡീസ് കമ്പാര്‍ട്ട്മെന്റിന്‍റെ വരാന്തയില്‍ സീറ്റുപിടിക്കുകയായിരുന്നു. ഒറ്റയ്ക്ക്. ഒഴിഞ്ഞ മനസും തിരക്കുള്ള കാഴ്ചകളുമായി പണിയെടുക്കുന്ന പെണ്ണുങ്ങളുടെ വിയര്‍ത്തൊട്ടലിന്റെ നടുവിലിരിക്കുന്നതാണ് സ്വാതന്ത്രത്തിന്റെ ഏറ്റവും സ്വകാര്യമായ വേര്‍ഷനെന്ന്‍ വിസ്വസിക്കുന്നൊരാളാണ് ഞാന്‍. പിന്നിലേയ്ക്ക് പായുന്ന വെളിച്ചപ്പൊട്ടുകളല്ലാതെ മറ്റൊന്നും ഒറ്റനോട്ടത്തില്‍ വ്യക്തമല്ല. ഒട്ടും വശമില്ലാത്ത ഭാഷ സംസാരിക്കുന്ന ഒരുപറ്റം പെണ്‍കുട്ടികള്‍ ഇടതുവാക്കിന് കൂടിയിരുപ്പുണ്ട്. ഒരാളുടെ കലങ്ങിയ കണ്ണ് സ്വപ്നംകാണുകയും, ബാക്കിയുള്ളവരുടെ മുഖങ്ങള്‍ മൊബൈല്‍ സ്ക്രീനിന്റെ വെട്ടത്തില്‍ വികൃതമായും തോന്നിച്ചു. അവരുടെ, സ്ക്രീനിന്റെ പലഭാകങ്ങളിലേക്ക് നൃത്തംചെയ്യുന്ന കൈവിരലുകള്‍ക്കൊപ്പം മാറി മാറി തെളിയുന്ന മുഖത്തെ ചിരി എന്നെ രസിപ്പിച്ചു.ഒരുവള്‍ യാതൊരു പകചിലുമില്ലാതെ കയ്യെത്തി മുലചൊറിഞ്ഞു. നിറം മങ്ങിയ ബ്രാ അയച്ചിടുന്നതിനിടെ അവള്‍ ചിരിയോടെ വര്‍ത്തമാനം പറഞ്ഞുകൊണ്ടേയിരുന്നു. ശൂന്യമാവലിന്റെ സന്തോഷം പങ്കുവയ്ക്കപ്പെടാനുള്ളതല്ല. അഥവാ ആതിന്റെ ഭാഷ ശ്രേണീബധമായി മെരുക്കപെടാത്ത ഒന്നാണ്. അപ്രതീക്ഷിതമെന്നു നാം കരുതുന്നവ പലതും പറ്റിപ്പോകലുകളാണല്ലോ. പറ്റരുതെന്ന് നമ്മെത്തന്നെ വിശ്വസിപ്പിച്ചിരുന്ന ചിലത്. അത് സൃഷ്ടിക്കുന്ന ശൂന്യത ചിലപ്പോള്‍ ചിലത് സംഭവിക്കുന്ന സന്തോഷത്തേക്കാള്‍ വലുതാകും. ആനന്ദം, വിട്ടുപോകുന്നവ ദാനമായി എറിഞ്ഞുതരുന്ന അവസ്ഥയാണെന്നു ചുരുക്കം.
അത്തരത്തില്‍ ഓരോന്നും അടുത്ത നിമിഷത്തിന്റെ മരണക്കുറിപ്പുകളാണ്. എന്താണ് ചിന്തിക്കുന്നതെന്ന് അടുത്ത മാത്രയില്‍ ഒന്നുകൂടി ചിന്തിക്കുമ്പോള്‍ നേരത്തെ ചിന്തിച്ച ചിന്ത ആ നേരത്തോടൊപ്പം മരിക്കുന്നു. അങ്ങനെയാവാം ചിന്ത നവീകരിക്കപ്പെടുന്നത്. ചിന്തയുടെയും ചിന്തിക്കുന്ന സമയത്തിന്റെയും മരണപ്പെടലുകളില്ലെങ്കില്‍ സമയം നിശ്ചലമായ തന്തുവിലേക് മാറ്റപ്പെടുകയും, ചിന്ത തുടക്കമോ ഒടുക്കമോ ഇല്ലാത്ത നീണ്ടുപോകുന്ന ആ തന്തുവിലെ നിശ്ചല ബിന്ദുവായി തുടരുകയും ചെയ്യും.
പാട്ടുകേട്ട് ഉണ്മാദിയാവുന്ന അവസ്ഥയില്‍ പാട്ടിനെയും നമ്മുക്കുള്ളിലെ ശൂന്ന്യതയെയും വേര്‍തിരിക്കനൊക്കില്ല. പാടുന്നതില്‍/ പാട്ട് ഉള്ളെടുക്കുന്നതില്‍ (reception) വരുന്ന നേരിയ തടസം പോലും ആസ്വാദകന്റെ മനസിലെ ശൂന്യതയോട് സംവദിക്കുകയും, ഉന്മാദിയായ ആസ്വാദകന്‍ മരണപ്പെടുകയും ചെയ്യുന്നു.
...............
കാഴ്ചയ്ക്കനുഭവപ്പെടുന്ന തിരക്ക് മനസിനനുഭവപ്പെടുന്നതില്‍ നിന്നും വേറെയല്ല. അസ്വസ്ഥമായ ചില നേരങ്ങളില്‍ ചിലപ്പോള്‍ പൂര്‍ണമായും മരവിച്ചു പോകാറുണ്ട്. അപ്പോഴൊക്കെ ഒഴിഞ്ഞ ഇടങ്ങളില്‍ പോലും വളരെ തിരക്കുള്ള കാഴ്ചകള്‍ കണ്ണുടക്കാറുണ്ട്. ഉറുമ്പ് വരിവെക്കുന്നത് മുതല്‍ ശുക്ലം ചുവയ്ക്കുന്ന നോട്ടങ്ങള്‍ വരെ അതില്‍ പെടും. ഒരു നീണ്ട മരവിപ്പ് ക്രമേണ ഓര്‍മകളെ പോലും ബാധിക്കാറുണ്ട്. അപ്പോഴൊക്കെ മിക്കവാറും കറുത്ത ഒരു പ്രതലത്തെപ്പറ്റിയാവും ചിന്തിക്കുക. കൃത്യമായ അറ്റവും അരികും ഇല്ലാത്ത, ആകൃതിക്ക് മെരുങ്ങാത്ത, വശങ്ങള്‍ കൊണ്ട് കുഴക്കുന്ന കറുത്ത പ്രതലം. ചില മരണങ്ങളാകും അത് നിറയെ. ശബ്ദത്താല്‍ അനങ്ങാതെ ഏറെ നേരം അങ്ങനെ ഇരിക്കാറുണ്ട്. ഒരു ക്രൂരമായ വിനോദമെന്ന നിലയ്ക്ക് ഈ ശൂന്യമാകല്‍ മനപൂര്‍വം നിര്‍മിച്ചെടുക്കാറുണ്ടെങ്കിലും, മുന്നറിയിപ്പിന്റെ ഭാരമില്ലാതെ ചിലത് സംഭവിക്കുമ്പോള്‍, പെരുത്ത് വരുന്ന മനസിന്റെ സുഖമാണ് ആനന്ദത്തിന്റെ ഒരേറ്. ഞെട്ടലിന്റെ ഇടവേളകള്‍ തരുന്ന ബുദ്ധിയില്‍ പ്രിയമുള്ളവരുടെ മരണം ഞാന്‍ സങ്കല്‍പ്പിക്കാറുണ്ട്. വളരെ ശ്രമകരമായ പ്രവൃത്തിചെയ്യുന്നെന്ന ബോധ്യത്തോടെ ഞാനത് ഓരോ നിമിഷവും ഉടച്ചുണ്ടാക്കികൊണ്ടിരിക്കും. നിരന്തരമുള്ള ഈ പ്രവൃത്തിയിലാണ് വറ്റിത്തീരാത്ത സ്നേഹം എന്നില്‍ നിന്ന് ഞാന്‍ കണ്ടെത്തുന്നത്. അത് അപാരമായ പ്രണയത്തില്‍ നിന്ന് ഉണ്ടാകുന്ന വികൃതമായ സൃഷ്ടി/ ചിന്തയാവാം.