നിവൃത്തികേടിന്റെ അതിഭീകരമായൊരു അരാഷ്ട്രീയതയുണ്ട്. പറഞ്ഞു തീര്‍പ്പാക്കാന്‍ പറ്റാത്ത നീതികേട്. അതുണ്ട് എന്ന ബോധ്യം കൊണ്ടുമാത്രം കാര്യമുണ്ടാകുന്നത്. ആ ഗതികേടില്‍ നിങ്ങള്‍( ഒരിക്കലും) കവിതഎഴുതരുത്.
Saturday, 20 May 2017
മരിച്ചോരെപ്പറ്റി ഓര്‍ക്കുമ്പോഴൊക്കെ നീണ്ടു മെലിഞ്ഞ കൈവിരലുകളിലെ ദ്രവിച്ച നഖങ്ങളും, മുഴുവിക്കാന്‍പറ്റാതെ അറച്ച് നിക്കണ കവിതയുമാണ് ആദ്യം ചിത്രരൂപത്തില്‍ മനസില് കിട്ടുക. നെഞ്ച് തുളച്, കനച്ച വേദന കണ്ണിലൂടെ ഒഴുകും. ചോരപോലെ. വിഷയബധമല്ലാത്ത വരികള്‍കൊണ്ട് കവിത ഉണ്ടാക്കിയാണ് ഇതൊക്കെ മായ്ച്ചുകളയുക, പലപ്പോഴും. ചെലപ്പോ അയ്യപ്പനേം, റുള്‍ഫോയെയും നെറയെ വായിക്കും. അങ്ങനെ, അടുക്കി നെയ്ത വിഷാദത്തിന്റെ വേരുകളിലേക്കും, ഒച്ചകളില്‍ പരതുന്ന മരണപ്പെട്ട പ്രണയങ്ങളിലേയ്ക്കും എളുപ്പത്തില്‍ ഒളിച്ചിരിക്കാന്‍ പറ്റാറുണ്ട്. തലയ്ക്കകത്ത് തീനീച്ചകൂട്ടം ശബ്ദത്തോടെയും അല്ലാതെയും വട്ടമിട്ടുപറക്കും. ഉറക്കമില്ലാതെ, പിണഞ്ഞുകിടക്കുന്ന സാങ്കല്പിക ശരീരങ്ങളോട് ശബ്ദമില്ലാതെ കവിത ചൊല്ലും. പിന്നെയും ചെറിയൊരു കുലുക്കത്തോടെ മരിച്ചവര്‍ വരിവെക്കും. അസഹാനീയതയുടെ വെടിപ്പുള്ള ഓര്‍മ്മകള്‍. നാല് പെണ്മക്കളെ ആണ്‍ബലത്തിന്റെ ചൂരില്ലാതെ വളര്‍ത്തി,ഒപ്പം വളര്‍ന്ന അമ്മൂമ്മ നെറച് തന്ന കഥകളുടെ ഒരു ബലമുണ്ട്. ഒന്നിനും ഒപ്പിയെടുക്കാന്‍ പറ്റാത്ത ഒന്ന്. മെലിഞൊട്ടിയ വെളുത്ത വയറുകൊണ്ട് ചിതയിട്ട ചില ചിന്തകളുണ്ട്. ഒരാളുടെ ഇമാജിനേഷനെ/ചിന്തയുടെ എയിസ്തെറ്റിക്സിനെ കൃത്യമായി സ്വാധീനിക്കുന്ന ചിലതുണ്ട്ന്ന്‍ അപ്പോഴൊക്കെ ഓര്‍ക്കാറുണ്ട്. തടിച്ച മുലകലുമായി മലര്‍ന്നു കിടക്കുന്ന ശരീരത്തില്‍നിന്ന് പറന്നുപൊങ്ങുന്ന മഞ്ഞിച്ച പൂമ്പാറ്റകള്‍. മുറിവുണങ്ങാത്ത ചലമൊലിച്ച ചിരികള്‍. കിണറ്റിലേക്ക് എത്തിനോക്കി കുരച് സന്തോഷിക്കുന്ന നായ്ക്കുട്ടി. ഇറയത് ചവച്ചുതുപ്പിയ മുറുക്കാന്റെ ചോപ്പ് തഴമ്പ്പോലെ ഉറച് കിടക്കുന്നു. അത് ഭൂപടങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തപെട്ട ചിലതിനെ സ്മരിക്കുന്നു.അതിന്റെ വശങ്ങളില്‍ മുക്കുറ്റി വളരാറുണ്ട്. ഉള്ളില്‍ മരണമിങ്ങനെ മഷിയറ്റ് വേര്‍ത്തുകിടക്കുന്നു.
Subscribe to:
Comments (Atom)