Wednesday, 7 November 2018


നാരകത്തിന്റെ  ഇല ഞെരടി മണത്തു.
കൃത്യമായി വരച്ചൊരു നേർരേഖ പോലെ
അത് തലച്ചോറിലെത്തുകയും
എന്തിനെയൊക്കെയോ ആഞ്ഞു കുലുക്കുകയും ചെയ്തു.
അതിയായി വിശന്നു.
ഒട്ടും പരിചയമില്ലാത്ത പലഹാരങ്ങൾ
വിശപ്പിനുവേണ്ടിയല്ലാതെ തിന്നാൻ തോന്നി.
വിരലുകളിൽ ദീർഘനേരം തങ്ങി നിന്ന ചമ്മന്തി ഇനിച്ചു.
നാരകത്തിന്റെ ഇല കാണുമ്പോഴൊക്കെ
പലതരം ഗന്ധങ്ങൾ കൊണ്ടുണ്ടാക്കിയ
 ഓർമ്മയുടെ സത്ത ചുഴലിപോലെ വന്നടിക്കാറുണ്ട്.
എന്നെത്തന്നെ അതിലേക് വരിഞ്ഞു കെട്ടിയതായും
ആട്ടത്തിന്റെ  ആക്കം കൊണ്ട്
ആ കെട്ട് മുറുകിപ്പോയതായും  തോന്നും.
7/11/18 12.40

Tuesday, 6 November 2018


എല്ലാമായിരുന്ന ഒരാളിനോട് ഭാഷ നഷ്ടപ്പെടുക.
തൊലി പോലെ ആവരണം ചെയ്തുകഴിഞ്ഞെന്നുറപ്പിച്ച്
ഉടുപ്പൂരാൻ തുടങ്ങിയപ്പോ
സ്പര്ശത്തിന് തർജ്ജിമ വേണ്ടിവരുന്നു
എന്ന് മനസിലാക്കുന്നു.
ഉമ്മ വെക്കാൻ ഇടവേളകൾ ആവശ്യപ്പെടുക.
പേനയെടുത്ത്  എന്തെങ്കിലുമെഴുതാൻ
കുഴഞ്ഞു കിടന്ന എന്നെ
ഞാൻ തന്നെ
നീണ്ട നാളുകൾക്കു ശേഷം നിർബന്ധിക്കുക.
മുതുകിൽ പുണ്ണുള്ള പ്രിയപ്പെട്ട  നായ്ക്കുട്ടിയെ ഓർക്കുക.
മരിച്ചുപോയ സ്ത്രീയെ ഓർത്ത് ദീർഘനേരം കരയുക.
വറ്റിത്തടിച്ച ഞരമ്പുകളിൽ
നെറ്റി ചേർക്കാൻ കൊതിക്കുക്ക.
രണ്ട്  ഉടലുകളെ ബന്ധിപ്പിച്ചിരുന്നത്
സിമന്റു തറയുടെ തണുപ്പാണെന്നറിയുക.


Wednesday, 26 September 2018

മണ്ണിൽ നിന്ന് മാറി
അതിനെ നിരീക്ഷിക്കുക
മണ്ണിലൂടെ അതിനെ തൊടുക.
അരിപ്പ പോലെ
കണ്ണുകൊണ്ട് തടയിടുക.
വെള്ളം.
ബുദ്ധിയുറച്ച്  ജലമായി മാറ്റുക.
water.
H2O.
ഉടലിൽ നിന്ന് ,
ചെടിയുടെ ഉയിരിൽ നിന്ന്,
ഒഴുക്കിന്റെ അനക്കത്തിൽ  നിന്ന്,
സൂക്ഷ്മമായി പറിച്ചെറിയുക.
സ്ത്രീകളുടെ വരണ്ട തൊലിപ്പുറത്തു നിന്ന്
കവിതകളിലേക്കുള്ള
ജലദൂരങ്ങൾ.
വെള്ളം എന്ന ഏകകത്തെ
ചരിത്രത്തിൽ ഇമ്പമല്ലാതാക്കുക.
ഒന്നായി പഠിക്കാൻ ശേഷിയില്ലാതെയാക്കുക.
മഷി.
രക്തം.
അരികുകെട്ടാത്ത  കുഴൽക്കിണറിൽ അകപ്പെട്ട ഒച്ച.
കെട്ടികിടന്ന്  മഴ.
നോട്ടങ്ങളുടെ അറ്റത്തെ നുരയുന്ന വിഷം.
കൊഴുത്ത തുപ്പൽ.
സകലത്തിനുമപ്പുറം
പതപ്പു പൊട്ടി -വെള്ളം.
ഇറവെള്ളത്തിന്റെ  കൃത്യമായ  ഇടവേളകളുള്ള
വിശപ്പ്.
വെള്ളം കൊണ്ടൊരു വെടിപ്പ്.

Monday, 27 August 2018



രണ്ടു പെണ്‍കുട്ടികള്‍
രാത്രി ഭക്ഷണം കഴിക്കാനൊരുങ്ങുന്നു.
വളരെ ചേര്‍ന്ന് നടന്ന് 
തീന്‍മേശയിലെത്തുന്നു.
പല കള്ളികളായി തിരിച്ച ചോറ്റുപാത്രം.
ഓരോന്നിലും,
മറവിയിലെന്നോണം ആണ്ടുകിടക്കുന്ന, കറികള്‍.
വിരലുകള്‍ കൊണ്ടുള്ള നൃത്തം പോലെ
മാറി മാറി അവരത് തൊട്ടുനോക്കുന്നു,
സമയമെടുത്തെങ്കിലും, വേഗത്തിൽ.
ശൂന്യതയിലേക്ക്
ഗന്ധത്തെ, രുചികളെ, അവ പുരണ്ട തൊലിയെ
തര്‍ജിമ ചെയ്തുകൊണ്ടേയിരിക്കുന്നു.
കുഴച്ചു തിന്നുന്ന ഓരോ ഉരുളയ്ക്കിടയിലും
അവസാനത്തെ കണ്ടുമുട്ടലില്‍ എന്നപോലെ
അവര്‍ വര്‍ത്തമാനം പറയും.
സ്റ്റീല്‍ ഗ്ലാസിന്‍റെ തണുപ്പ് തൊട്ട്
ദാഹത്തിന്റെ ദൂരമളക്കും.
വെന്ത് വെടിച്ച ചോറുപോലെ
ആഹ്ളാദരായി 
ബഹളങ്ങള്‍ ഒന്നുമില്ലാതെ
കണ്ണ്കാണാന്‍ കഴിയാത്ത രണ്ടു പെണ്‍കുട്ടികള്‍,
വളരെ ചേര്‍ന്ന് നടന്ന്
തീന്‍മേശ വിടുന്നു.



Sunday, 27 May 2018



ഗ്രൂപ്പ് ഫോട്ടോ സൂം ചെയ്യുകയും
മരിച്ചവന്റെ തോളില്‍ പതിഞ്ഞിരിക്കുന്ന
എന്റെ കൈപ്പത്തി കുറേയേറെ നേരം 
നോക്കിയിരിക്കുകയും ച്യ്തതിനാലാവണം 
കരച്ചിലിന്റെ സാധ്യതയോട് തന്നെ ഒരകല്‍ച്ച തോന്നി. 
എല്ലാ ദിവസവും ജീന്‍സ് അലക്കിയിടാറുണ്ടായിരുന്ന 
മനുഷ്യന്‍, ദിവസത്തിലെ വൃത്തി വ്യവഹാരങ്ങള്‍ 
തുടങ്ങുന്നതിനു മുന്‍പ് തന്നെ നെഞ്ച് പൊട്ടി മരിച്ചു പോയിരിക്കുന്നു.
തേരി കേറിയപ്പോഴൊക്കെ കിതയ്ച്ചു.
കിതയ്ച്ചപ്പോഴൊക്കെ ചിരിച്ചു.
വിഷാദത്തിന്റെ നെടുകൂറ്റന്‍ ചിരികള്‍.
ഓരോ ശ്വാസത്തിലും അടുപ്പം തോന്നുന്നു.
ഇറങ്ങി നടക്കുമ്പോള്‍ കാലിന്റെ സ്വാഭാവിക ചലനങ്ങളെ 
നിരീക്ഷിക്കുക എന്ന അസുഖകരമായ ശീലം 
എന്ന് മുതലാണ്‌ തുടങ്ങിയതെന്ന്‍ ഞാന്‍ അമ്പരന്നു.

പെഡ്രോ പരാമോയെ പറ്റി ഞങ്ങള്‍ ദീര്‍ഖ നേരം സംസാരിച്ചിരുന്നു.
മലയാളത്തില്‍ നല്ല നോവല്‍ എഴുത്തുകാര്‍ ഇല്ലെന്നും
അതുകൊണ്ട് നോവല്‍ വായന തീരെയില്ലെന്നും പറഞ്ഞു.
"റഫീക്ക് അഹമ്മദ് കൊള്ളം". "മ്മം".
വളരെയടുത്ത ആരെയോ പോലെ ബഷീറിനെ പറ്റി ഞങ്ങള്‍ അഭിമാനിച്ചു.


മരണ ദിവസം, ഏകദേശം മരണത്തോടൊപ്പം തന്നെ  
അയാളുടെ ഏറ്റവും മോശപ്പെട്ട കവിത ഷെയര്‍ ചെയ്യപ്പെട്ടു.

പതിവില്‍ കൂടുതല്‍ രേഖകളുള്ള ഒരു കൈപ്പത്തി.
വായനയുടെ സത്ത ഊറ്റിക്കുടിച്ച
അവ്യക്തമായ മണമുള്ള ഡയറി.
അവസാനിക്കാന്‍ നല്ലൊരു ബിന്ദു അന്വേഷിക്കുന്ന
കട്ടിയുള്ള സമാന്തര രേഖകള്‍.
ഉച്ചസ്ഥായിയില്‍ ഇമ്പമുള്ളതാകുന്ന പാട്ടുകള്‍.
ചില്ല് ജനാലയുടെ കയ്യെത്തുന്ന അറ്റത്ത്
വെയില് നോക്കിയിരിക്കുന്ന കടുംപച്ച ഇലച്ചെടി.
തെയ്യത്തറയില്‍ നിന്ന്  ആകാശത്തേക്ക് ഗതിയില്ലാതുയര്‍ന്ന തീപ്പൊരി.
അത് ചൂടാക്കിയ തെയ്യക്കാരന്റെ വേര്‍പ്പ്.
കോളിയടുക്കയ്ക്കുള്ള രാത്രി 7.30 ന്‍റെ അവസാനത്തെ പ്രൈവറ്റ് ബസ്‌.
പഥേര്‍ പാഞ്ജലിയിലെ സംഗീതം പോലെ
ഞങ്ങളെ ബന്ധിപ്പിച്ചിരുന്ന വിഷാദത്തിന്റെ നേര്‍ത്ത ഒരു ചരട്.


Tuesday, 3 April 2018

ഉണങ്ങാത്തൊരു മുറിവ്.
എവിടെയാണെന്നറിയാത്ത കൃത്യതയില്‍.
ദീര്‍ഖനേരമായി അഴലെടുക്കുന്ന ഒന്ന്.
തൊലിപ്പുറം നേര്‍ത്ത്‌ നേര്‍ത്ത്‌ 
മുറിവിനൊപ്പം താഴുന്നു.
പൊടിപാറുന്ന സ്കൂള്‍ മുറ്റത്തിന്റെ
ചരിവിലുള്ള എച്ചില്‍കുഴിയെന്നോണം
ഭംഗിയുള്ളത്.
ശബ്ദം കൊണ്ട് നീറ്റി.
സ്പര്‍ശം കൊണ്ട് പൊള്ളി.
അനക്കമില്ലാതെ.
ഒരു മുറിവ്.

Thursday, 29 March 2018

ഒരു സ്ത്രീ മരിച്ചു പോകുന്നു.
കൃത്യം പറഞ്ഞാല്‍ ആറു കൊല്ലം മുന്‍പ്
മിഥുന മാസത്തില്‍.
ഒപ്പം ഒരു കുഞ്ഞിന്റെ ലോകത്തെ
അപ്പാടെ കൂടെ കൂട്ടുന്നു.
കാഴ്ച്ചയുടെ, സ്പര്‍ശത്തിന്റെ
അറ്റമില്ലാത്ത ചുഴി.


Friday, 23 March 2018



                           "ഡിസ്പേര്‍സ്ഡ് എമങ്ങ് സ്നൈയില്‍സ് ആന്‍ഡ്‌ റൂട്സ്."

Wednesday, 10 January 2018

 ഓര്‍മ്മകള്‍ റദ്ദ് ചെയ്യപ്പെടുന്നത് എന്ത് കഷ്ടമാണ്?
അറിവ് മുറ്റുമ്പോള്‍ സ്വയം അലിഞ്ഞു പോകുന്നവയും.
കടും പച്ച അഴക്‌വെച്ച വല്യൊരു ആഞ്ഞിലി മരത്തിന്റെ താഴെ തണുപ്പ് തട്ടി കിടന്നിരുന്ന കിണര്‍.പായല് വരിവച്ച ഉയര്‍ന്ന മുറ്റത്തിന്റെ ഇടത് ഭാഗത്ത്. അമ്മൂമ്മ, സ്നേഹത്തിന്റെ കപ്പീം കയറും കൊണ്ട് വരിഞ്ഞുകെട്ടിയ ആഴങ്ങള്‍ ഒളിപ്പിച്ചുവെച്ചത്. ഉടുപ്പൂരി, അമ്മൂമ്മയെ ചേര്‍ന്നു നിന്ന് കുളിക്കും. ആഞ്ഞിലി വേരിന്റെ ഇടയില്‍ ഒച്ചുകള്‍ ഇഴയും. അതിസാന്ദ്രമായ ഒരുറക്കം പോലെ അമ്മൂമ്മ നേര്‍ത്തു കിടക്കുന്നു. തണുത്ത വെള്ളം അലുമിനിയം തൊട്ടീല് പൊങ്ങി വരുമ്പഴേ ഉടല് വിറയ്ക്കും.ധാരാളം കഥപറഞ്ഞ് നെറയെ സമയമെടുത്ത് അമൂമ്മ കുളിപ്പികുമ്പോ, അവരുടെ ശോഷിച്ച വിരലുകള്‍, നനവ്‌ മായ്ക്കാനെന്നോണം ദേഹമാകെ ഓടിനടക്കും. സ്പര്‍ശംകൊണ്ട് ജീവനെ തളച്ചിടുന്ന അപാരമായൊരു വിദ്യ.

വയ്കുന്നേരത്തെ വെട്ടം പരന്ന മഞ്ഞ ചുമരുകളുള്ള ദൂരദേശത്തെ ബാത്‌റൂമില്‍, സ്പര്‍ശം കൊണ്ട് ഓര്‍മ ഇളക്കപെടുന്നു. ജലത്തിനും ശരീരത്തിനും മദ്ധ്യേ മറവിയുടെ വരമ്പ്പൊട്ടുന്നു. കരഞ്ഞു. ആലോചിക്കുമ്പോഴൊക്കെ കരയുന്നു. ഒരു പമ്പരം പോലെ ഭാഷയില്ലാതെ അത് ഒറ്റ ബിന്ദുവില്‍ കറങ്ങുന്നു. ഓര്‍മ്മകള്‍ റദ്ദ് ചെയ്യപ്പെടുന്നത് എന്ത് കഷ്ടമാണ്? 

Sunday, 7 January 2018

ഒരു വലിയ നുണ പറയുന്നു.
കാമുകന്റെ നാഭിക്കു കീഴെ
നോട്ടം കൊണ്ടത് കുഴിച്ചിടുന്നു.
ഒരു കരുതലായി
നേര്‍ത്ത ചിരിപോലെ
നുണ അടക്കം ചെയ്യപ്പെടുന്നു.
ഞങ്ങള്‍ മാത്രമാകുമ്പോള്‍
അതിസൂക്ഷ്മമായി
വഴുവഴുപ്പുള്ള വിരലുകള്‍ കൊണ്ട്
അതിനെ പുറത്തെടുക്കും.
കുഞ്ഞെന്നോണം തലോടും.

നുണ നുണയായി ഉയിരറ്റു.
അത് പൊടിച്ച് വിത്തിട്ടു.
രണ്ടു കുലങ്ങളെ അതുലച്ചു.
നുണ ചിരിച്ചു.
നുണ വിചാരണ ചെയ്യപ്പെട്ടു.
ഞങ്ങളുടെ കിടപ്പുമുറിക്ക് ഇടതുവശം
വിധിപകര്‍പ്പുകള്‍ കത്തിക്കപ്പെട്ടു.
മെയ് വഴക്കത്തിന്റെ ദീര്‍ഖമായ ഒരു നൃത്തം പോലെ
ഞങ്ങള്‍ തീയാളുന്നത് കണ്ടു.