Sunday, 17 February 2019


ഒറ്റയടിക്ക് ഇല്ലാതായിപ്പോകുന്നത്ര ആഴത്തിൽ   ഒരു ചിന്ത.


ഒറ്റയടിക്ക് ഇല്ലാതായിപ്പോകുന്നത്ര ആഴത്തിൽ
ഒരു ചിന്ത.
മീനെടുക്കുന്ന കൊഴുത്ത തുപ്പലുനോക്കി നിന്ന കുഞ്ഞ്,
ഭംഗിയായി അലങ്കരിച്ച ഒരൊറ്റ ബിന്ദുവിൽ കുടുങ്ങിപ്പോയിരിക്കുന്നു.
തനിക്ക്  നേരെ ഓങ്ങിയ കത്തിമുന.
അത് പാഞ്ഞടുക്കുന്നതിനും
തൊലി തോടുന്നതിന് തൊട്ടു മുന്നേ,
അപകടത്തിന്റെ ബോധ്യം തലയിടുക്കിലേയ്ക്
തള്ളിക്കയറുന്നതിനും മുന്നേ,
ഒരൊറ്റനിമിഷം,
നിങ്ങളൊരു ബിന്ദുവാകുന്നു.
വീതികുറഞ്ഞൊരു സ്വപ്നത്തിലേക്ക്
ഉറങ്ങി വീഴുംപോലെ
നേർത്തു പോകുന്നു.
മണങ്ങളോട്  വെറുപ്പും
ആഴങ്ങളോടസൂയയും തോന്നുന്നു.
തീരെ നിനച്ചിരിക്കാതെ
നിങ്ങളപൂർണമാവുന്നു.
ഒരു പെല്ലറ്റ്
കാലത്ത് സ്കൂളിലേക്കു പായാനാഞ്ഞ കുട്ടിയെത്തേടി
ഒട്ടും സാവധാനമല്ലാതെയെത്തുന്ന പോലെ
നിങ്ങളുടെ ലോകം തീരുന്നു.
വളരെ നീണ്ടൊരു കാവ്യം പോലെ
എവിടെയെങ്കിലുമൊടുങ്ങി വിശ്രമിക്കാൻ
ഏങ്ങുന്നു.
കൊഴുത്ത തുപ്പൽ ബിന്ദു, ഘോഷയാത്രയ്‌ക്കെടുത്ത
മാനത്തുകണ്ണികൾ.
സമയത്തിനും, വെളിച്ചം കുത്തുന്ന  ആകാശത്തിനും
ഇടയിൽ
കപ്പൽഛേദം  കണക്കെ,
മലർന്നു നീന്തുന്നുവെന്നല്ലാതെ ,
അനക്കത്തിന്റെ യാതൊരു തെളിവുമില്ലാതെ നിങ്ങൾ.
ഭൂപടത്തിന്റെ മാതൃക
ഒഴുക്കുവെള്ളത്തിൽ ഇല്ലാതാകുന്നത് കാണുന്ന നിസംഗത.
നൃത്തം ചെയുന്ന,
ജലത്തിൽ സദാ നൃത്തം ചെയ്യുന്ന,
തായ്ത്തടിയുടെ നിഴൽ.
തൊണ്ട പൊട്ടുമാറ്  പുറത്തേയ്ക്കായുന്ന
അവസാനത്തെ കരച്ചിൽ
അതിനു രൂപം നല്കാനാവാതെ നാടുവിടുന്ന വേദന.
ശൂന്യമാവലിന്റെ അവസാനത്തെ വിശേഷണം.