Friday, 5 April 2019

അതി വിരസമായി ജീവിക്കുന്നതിനിടെയാണ്
മലർന്നു നീന്തുന്ന കണക്കെ
നട്ടെല്ലിന് കുറുകെയെന്നോണം
പനിപിടിക്കുന്നത്.

ചുറ്റും
വെളിപാടിന്റെ ആക്കം പോലെ
ഓറഞ്ചു മണക്കുന്നു.

സാവധാനത്തിലല്ലാതെ ഇടപെടാൻ കഴിയാത്ത
ഒന്നാണ് ഓറഞ്ച്.

കലശലായ പനിയിലും
നിങ്ങളാ  മണത്തെ ഊറ്റിക്കുടിക്കുന്നു.
നാവിലൂടെ,
നിങ്ങൾ നീരുള്ള ഒരു നിറമായി മാറും.
ധിറുതിയൊട്ടുമില്ലാതെ പരക്കും.

കിടക്കയിലും പരിസരത്തും ഓറഞ്ച് തൊലികൾ
മാറ്റപ്പെടാതെ വിതറിയിരിക്കുന്നു.
നിങ്ങളൊരു ഓറഞ്ച് ഉന്മാദിയായിരിക്കുന്നു.

ഇതുവരെ ഞാനൊരു ഓറഞ്ച് മരം കണ്ടിട്ടില്ല.
തിരക്കുള്ളടത്തൊന്നും  ഓറഞ്ച് മരങ്ങൾ വളരില്ലെന്ന്
ദീർഘകാലം,
അല്ലാ, ഇപ്പോഴും ഞാൻ വിശ്വസിച്ച്‌  പോരുന്നു.
ഒരു സ്വപ്നം കണക്കെ
രേഖപെടുത്താനിടമില്ലാതെ
അത് അയഞ്ഞ് കിടക്കുന്നു.

ഓറഞ്ച് തിന്നുന്നതിലൊരു ഒളിഞ്ഞു നോട്ടമുണ്ട്.
തൊലി പൊളിക്കുന്നു.
തുപ്പല് തൊട്ട  ഓറഞ്ച് കുരുക്കൾ
പെട്ടെന്ന് സാധുക്കളായി
വഴുവഴുപ്പിന്റെ വിനയത്തിൽ
ഇണങ്ങാതെ തെന്നി മാറുന്നു.
പിടുത്തം കിട്ടാതെ ആയത്തിൽ  തുപ്പുന്നു.
ഓറഞ്ചു തിന്നുന്നു.

നിങ്ങൾക്ക് പൊളിച്ചു മാറ്റാനാവാത്ത എന്തോ ഒന്നുണ്ടെന്ന്
അനന്തരം തോന്നിക്കുന്നു.
ഓറഞ്ച്,  അക്ഷരം പോലെ, നിങ്ങളെ ചിതറിക്കുന്നു.
നിങ്ങൾ വേർപെടുന്നു.