Monday, 28 June 2021

 ആദ്യത്തെ പുസ്തക മോഷണം 


ആദ്യത്തെ പുസ്തക മോഷണം 

പ്രാർത്ഥനയുടെ ചലനനിർമ്മിതിയാണ്,

അല്ലെങ്കിൽ പ്രദർശന മാതൃക.

മറ്റാർകും പരിചയമില്ലാത്ത കാരണങ്ങളിൽ 

തീഷ്ണമായൊരു നിമിഷം.

ഇപ്രകാരമാകാം എന്ന് തയ്യാറായിട്ടുണ്ടാവില്ല,

ആകയാൽ 

ആ തോന്നലിന്  ആകൃതിയില്ല.

സൂചിയനങ്ങാത്ത ഉച്ചനേരത്ത്‌

സമയത്തിന്‍റെ  ഒരിടിവിൽ 

രണ്ടാമതൊരാളില്ലാതെ 

അടുക്കിൽ നിന്ന് ചൂണ്ടുവിരലുകൊണ്ട് 

മുന്നോട്ടു വലിച്ച്, 

ശബ്ദമില്ലായ്മയുടെ ഉഷ്ണത്തിൽ 

സ്വന്തമല്ലാത്ത പ്രിയപെട്ടതിനെ വീട്ടിലെത്തിക്കുന്നു.

എണ്ണത്തിലധികം കാണില്ല; ഒന്നോ രണ്ടോ.

എങ്കിലുമത് 

ഉറക്കം കുറഞ്ഞു തുടങ്ങുമ്പോൾ 

എടുത്തുനോക്കാനൊരു കൊളുത്ത്.

(മിക്കവാറും മുൻവശത്തെ സീലിലുടക്കിയ 

ദീർഘനേരങ്ങൾ)


മോഷ്ടിച്ച ആദ്യത്തെ പുസ്തകം.

അതിൽ നിരയില്ലാതെഴുതിയിരിക്കുന്ന 

മടക്ക തീയതികൾ.

പക്വതയെത്തിയ വായനക്കാരി.

Saturday, 26 June 2021

 ധൃതി 

ഒരൊഴിഞ്ഞ കളത്തിൽ 

തിരശ്ചീനമായി വീണുകിടക്കുന്ന 

ചുവന്ന നിറമുള്ളൊരു റിസീവർ:

രഹസ്യങ്ങളിലേക്കുള്ള 

ടണൽ വിരിവു പോലെ.

ഒച്ചകൊണ്ട് ഏറു കിട്ടിയവർ.

സമയത്തെ നേർപ്പിച്ച് 

തുപ്പലിറക്കത്തിലൊളിപ്പിച്ചു .

പിൻവാങ്ങലിന്‍റെ  ബിംബഘടനയുള്ളൊരു

സ്വചിത്രം.

ധൃതി,

ക്ഷമയാചിക്കുന്നവനിൽ നിന്ന് 

നിങ്ങളെ പിരിച്ചു കൊണ്ടുപോയേക്കാം

-ഒഴുക്ക് പകർത്തുന്നവളുടെ 

അടച്ചുപിടിച്ച ഇടംകണ്ണുപോലെ 

സ്വാഭാവികമായൊരു മധ്യസ്ഥം.

നെഞ്ചിടിപ്പാണ് കൂലി.


പൂച്ച 

വിട്ടുപോയൊരു നൂൽപ്പന്തിന്‍റെ  അറ്റംപോലെ 

അകലത്തിന്‍റെയും അടുപ്പത്തിന്‍റെയും 

ഭയപെടുത്തുന്നൊരു ഉരസൽ.

ചേർന്ന് കിടന്നുറങ്ങുമ്പോഴും 

ദൂരെനിന്നു കാണുമ്പോഴും 

ആർദ്രമായൊരിണക്കം

- പൂച്ച.

ഓരോ തവണ കടന്നു പോകുമ്പോഴും 

തിരിച്ചു വരില്ലെന്ന സാധ്യതകൊണ്ട് മുറിപ്പെടുത്തിയും 

വേഗത്തിലോടിവന്നെന്‍റെ പേടിയെ മെരുക്കിയും 

അവൾ ഹൃദയത്തെ തുലാസിന്‍റെ  രൂപത്തിലാക്കികഴിഞ്ഞു.

ദേഹമാകെ നക്കിത്തുടയ്ക്കുമ്പോൾ 

ഒറ്റയ്ക്കുള്ളൊരു ടാംഗോ നൃത്തം.

അരം കൂർപ്പിച്ച നാക്കിൽ അറ്റുപോയതിന്‍റെയൊക്കെ 

പിടച്ചിൽ.

ഒരാലോചനയുടെ എതിർവശം കണക്കെ 

ശൂന്യമായിരിക്കലുണ്ട്  ഏറെനേരം 

പിന്നെ പൊടുന്നനേ  

നമ്മുടെ രഹസ്യങ്ങളൊക്കെ അറിഞ്ഞിട്ടെന്നോണം 

ഒരു നോട്ടം,

ഭംഗിയിൽ ഒരു നടത്തം.


ഫ്ലോറൽ പ്രിന്‍റുള്ള തടത്തുണി 

പഴയ സാരിയുടെ മുന്താണിയാണ് പുതിയ തടത്തുണി.

അതിൽ, പല വലിപ്പത്തിലുള്ള പൂക്കളുടെ ഞെരുക്കം

- മഞ്ഞയും, ഇളം പിങ്കും, വെള്ളയും കൂടിയത്.

ഉടുത്തുടുത്ത് നേർത്തും വലിഞ്ഞും 

പശിമയുള്ളതായിക്കഴിഞ്ഞു.

ചൂട് പാത്രത്തിലേക്ക് ബലത്തിൽ ചേർക്കുമ്പോഴൊക്കെ 

ഞെട്ടലിന്‍റെ തളർച്ചയുണ്ട്.

അമ്മയുടെ തൊലിയൊട്ടിക്കിടന്ന 

സർക്കീട്ടോർമ്മകൾക്കൊക്കെ 

നൂലടർന്ന തുമ്പുരുകുമ്പോൾ 

തീപിടിക്കുന്നുണ്ടാവും.

__________________________________________________________ 



*അമ്മ, വെന്തതിനുമേലെ പൂക്കൾ ചുറ്റിയിരുന്ന കാലം 

വേർത്തു പോയ്കഴിഞ്ഞു.