Tuesday, 2 November 2021

1. വാക്കുകൾക്ക് പറ്റുന്നത് 


വാക്കുകൾക്ക് പറ്റുന്നത് 

തീരേ കുറച്ചാണ്.

തീരേ,

കുറച്ച്‌ .

ശ്രമിക്കരുതെന്നല്ല.

സ്വസ്ഥരായിരിക്കുമ്പോൾ 

ഓർത്തു നോക്കൂ.

വാക്കുകൾക്ക്

പറ്റുന്നത് 

തീരേ 

കുറച്ചാണ്.

എങ്കിലും 

എന്നുമേ,

പുറകോട്ടു സഞ്ചരിച്ചു 

സംഭാഷങ്ങൾ പൂരിപ്പിച്ചുകൊണ്ടിരിക്കുന്നു.

വാക്കുകൾക്ക് പറ്റുന്നത് 

തീരേ കുറച്ചല്ലേ?


2.

 റെയിൽ പാളത്തിനരികെ പൂക്കൾ.

കുഞ്ഞു കുഞ്ഞു പൂക്കൾ.

എരിക്ക് കൂടിനിക്കുന്ന വേഗങ്ങൾ.

ചിലരതിന്റെ ചിത്രം പകർത്തുന്നു.

ഭൂപ്രദേശങ്ങൾ  മാറുന്നത് 

ജനാലാ മാറ്റമായി മനസിലാക്കുന്നു.

കുഞ്ഞു പൂക്കൾ തറപറ്റി അനങ്ങുന്നു:

ഭാരമറ്റ കുസൃതിയിൽ ഈർപ്പം വറ്റാതെ.


3.

കടൽത്തീരത്തുകൂടി 

ഓടുന്ന കൂട്ടുകാർ.

നനഞ്ഞൊട്ടി കനം വെച്ച ഉടുപ്പുകൾ.

മണലുരസി പോറല് വീണ ശരീരങ്ങൾ 

വീഴ്ചയിൽ നോവാതെ 

ഉപ്പാൽ കണ്ണ് നീറാതെ 

ഉല്ലാസരായി 

കൂട്ടുകാർ.


ഒറ്റയ്ക്കു കടലുകാണാൻ 

വന്നിരിക്കുന്നൊരാൾ.