Wednesday, 10 August 2022

 ചിന്തയും കാഴ്ചയും തമ്മിൽ  അസ്വാഭാവികമായൊരകൽച്ചയുണ്ടായിട്ടും 

ഏറ്റവും ഇഴുകി നിന്നുകൊണ്ട് ഒരുപമ ജനിക്കുന്നു.

പതിയെ നടക്കാൻ ശീലിച്ചതിൽ പിന്നെയോ, 

ഒറ്റയ്ക്കു ഭക്ഷണം കഴിക്കുമ്പോഴോ 

ഈ ഉപമകൾക്ക് നീളം വെക്കുന്നു.

അതൊരാളുടെ ഓർമയോ, സത്യമോ ആയിപ്പോകുന്നു.


ഒച്ചിന്റെ യാത്രയവഷേപ്പിച്ച തിളക്കമുള്ള വരകളിൽ 

മേഘങ്ങൾ പ്രതിഫലിച്ചു.

തൊലിമൂടിയ എന്റെ അസ്തിയിൽ 

പൂമ്പാറ്റയുടെ  ഫോസിൽ  

നിറം മങ്ങാതെ ഒട്ടിക്കിടന്നു.

ചെവിയിൽനിന്ന് അസ്തമയസൂര്യന്റെ 

അവസാനത്തെ പ്രകാശം മൂർച്ചയിൽ എറിയപെട്ടു.

കഴുത്തെല്ലുകളിൽ ഉറുമ്പ് വരിവെച്ചു, 

ഇരുട്ടത്ത്‌  പച്ചനിറത്തിൽ ചതഞ്ഞു മരിച്ച പ്രാണി 

സ്വപ്നത്തിൽ തിരിച്ചു പോരുന്നു

അത് സ്വരം താഴ്ത്തി എന്നോട് മിണ്ടുന്നു.

ശേഷം,

അരണയുടെ ഓർമയിൽ ഞാൻ പനിച്ചു കിടന്നു.


പ്രാണികളുടെ സൂക്ഷ്മജീവിതം 

എന്നെക്കടന്നു പോകുന്നേയില്ല 

അത് വ്രണപ്പെട്ടും അല്ലാതെയും തൊലിയിൽ തങ്ങികിടക്കുന്നു.

ജീർണിച്ച് മാത്രമല്ല ആ ദൂരം കുറയുകെന്നറിയുന്നു,

വശങ്ങളിലേക്ക് ചാഞ്ഞു ചാഞ്ഞു പോവുന്നു.

Tuesday, 8 February 2022

Wednesday, 26 January 2022

 പതനത്തെപ്പറ്റി.


പ്രളയജലത്തിൽപെട്ടപോലെ  

അനിനിയന്ത്രിതമായ ഭയമരിച്ച 

വിരൽത്തുമ്പുകൾ സൂചിയായുള്ളൊരു   

ഘടികാരം ചുമന്നാണ് നടപ്പ്.

പതിയെയുള്ള സംസാരം 

രണ്ടുപേർക്കിടയിൽ സൃഷ്ടിക്കുന്ന 

നീരൊഴുക്കിൻ ചൂട്.

സമയത്തിന്‍റെ ചുളിവുകളെ  

അത് നികത്തിപോന്നിരുന്നു.

വിങ്ങലിന്‍റെ പതിവില്ലായ്മയിൽ എനിക്ക് നോവുണ്ടായി.


വിലക്കപ്പെട്ട പ്രദേശം.

വേലികെട്ടിത്തിരിച്ചിരിക്കുന്ന,

കാവൽക്കാരുള്ള,

നിയന്ത്രിതമായ ശ്വാസോച്ഛാസമുള്ളവരുടെ  നഗരം

എന്നിലേക്ക് ഒലിച്ചടിഞ്ഞു കിടന്നു.

കഴുത്തുറയ്ക്കാത്ത കുഞ്ഞിനെപ്പോലെ 

അതിനെ കൈപ്പത്തിയിൽ ഒതുക്കിയെടുത്തു.


ഏങ്ങലിൽ മുറിവിന്‍റെ വിസ്താരം 

എനിക്കറിയാനൊത്തു-

നടക്കുന്നതിന്‍റെ ക്രമത്തിൽ 

ചിന്തിക്കാൻ ശീലിച്ചതുകൊണ്ടാവും.

അവസാനത്തെ സംഭാഷണം 

സംവത്സരങ്ങളുടെ കുരുക്കിൽ 

തൂങ്ങിയാടി, അമർത്തി 

തുട രണ്ടും മാന്തിപ്പൊളിച്ചു.

അലിഞ്ഞുപോകുന്ന ഏതോ ദ്രാവകത്തിൽ 

എന്നെത്തന്നെ മുക്കിയെടുത്ത ശേഷം 

ഞാനാകെ അൽപ്പായുസായിപ്പോയിരിക്കുന്നു.

കളങ്ങളുള്ളൊരു പ്രതലത്തിലേക്കുരുളുന്ന 

പന്തുപോലെ 

നിലയ്കാൻ  വേഗത കുറച്ച് 

കിടക്കയിൽ മലർന്നു കിടക്കുന്നു.


അവിശുദ്ധങ്ങളായ പുലർച്ചകളിൽ 

വളർത്തുപൂച്ചയുടെ മാറെല്ലിന്‍റെ അനക്കം നോക്കി 

കൺപോളകൾ വീർത്ത് 

അടുത്ത ദിവസവുമെന്നെ വായ്പയ്ക്കെടുത്തു.