Wednesday, 10 August 2022

 ചിന്തയും കാഴ്ചയും തമ്മിൽ  അസ്വാഭാവികമായൊരകൽച്ചയുണ്ടായിട്ടും 

ഏറ്റവും ഇഴുകി നിന്നുകൊണ്ട് ഒരുപമ ജനിക്കുന്നു.

പതിയെ നടക്കാൻ ശീലിച്ചതിൽ പിന്നെയോ, 

ഒറ്റയ്ക്കു ഭക്ഷണം കഴിക്കുമ്പോഴോ 

ഈ ഉപമകൾക്ക് നീളം വെക്കുന്നു.

അതൊരാളുടെ ഓർമയോ, സത്യമോ ആയിപ്പോകുന്നു.


ഒച്ചിന്റെ യാത്രയവഷേപ്പിച്ച തിളക്കമുള്ള വരകളിൽ 

മേഘങ്ങൾ പ്രതിഫലിച്ചു.

തൊലിമൂടിയ എന്റെ അസ്തിയിൽ 

പൂമ്പാറ്റയുടെ  ഫോസിൽ  

നിറം മങ്ങാതെ ഒട്ടിക്കിടന്നു.

ചെവിയിൽനിന്ന് അസ്തമയസൂര്യന്റെ 

അവസാനത്തെ പ്രകാശം മൂർച്ചയിൽ എറിയപെട്ടു.

കഴുത്തെല്ലുകളിൽ ഉറുമ്പ് വരിവെച്ചു, 

ഇരുട്ടത്ത്‌  പച്ചനിറത്തിൽ ചതഞ്ഞു മരിച്ച പ്രാണി 

സ്വപ്നത്തിൽ തിരിച്ചു പോരുന്നു

അത് സ്വരം താഴ്ത്തി എന്നോട് മിണ്ടുന്നു.

ശേഷം,

അരണയുടെ ഓർമയിൽ ഞാൻ പനിച്ചു കിടന്നു.


പ്രാണികളുടെ സൂക്ഷ്മജീവിതം 

എന്നെക്കടന്നു പോകുന്നേയില്ല 

അത് വ്രണപ്പെട്ടും അല്ലാതെയും തൊലിയിൽ തങ്ങികിടക്കുന്നു.

ജീർണിച്ച് മാത്രമല്ല ആ ദൂരം കുറയുകെന്നറിയുന്നു,

വശങ്ങളിലേക്ക് ചാഞ്ഞു ചാഞ്ഞു പോവുന്നു.