വേവിച്ച ചീനിക്കിഴങ്ങിലൊന്നെടുത്ത്
രണ്ടായിട്ട് പൊളിച്ചു.
ചൂടുള്ള ആവി പതിഞ്ഞു മേലേക്ക് പൊന്തി.
ഒറ്റയ്ക്ക് അത് കഴിക്കുന്നതില്പരം സങ്കടമുള്ളൊരു നേരം എനിക്കില്ല
പകുത്ത കഷ്ണത്തിലൊരു പങ്ക് കൊടുക്കാൻ അടുത്താരുമില്ല.
ഇളക്കമുള്ള മണ്ണിൽനിന്ന് അനായാസം പിഴുത
കിഴങ്ങിന്റെ തണുപ്പ്,
വീട്ടിലേക്ക് ചുമന്നത്തിന്റെ ക്ഷീണം
ഓർമയിൽ ചാമ്പല് മുക്കി സൂക്ഷിച്ച വിത്ത് കഷണങ്ങൾ.
പൊള്ളലുള്ളൊരു തൊലിപോലെ നൊന്ത് കെടക്കണ
ചീനിയുടെ പശിമയുള്ള അകം.
അത്, ഒറ്റയ്ക്ക് ആയല്ലോ എന്നോർമിപ്പിക്കും.
അങ്ങനെ തന്നെയാണ്,
ആളൊഴിഞ്ഞ മുറികളിൽ, തിരക്കുള്ള കടകളിൽ, കയറ്റങ്ങളിൽ ആയ്ക്കുമ്പോൾ
പുതിയ ഉടുപ്പ് വാങ്ങുമ്പോ , ഫോട്ടോ കാണുമ്പോ
ഒക്കെയും
ചീനിയുടെ പാതി പിടിച്ച് നിന്നുപോകും.
ചുവന്ന, പാടപോലുള്ള തൊലി കളഞ്ഞു വേഗം തിന്നിട്ട്
ഉമിനീരിനു കഴലിക്കാൻ സമയം കൊടുക്കാതെ
എന്തെങ്കിലും ചെയ്തു നേരം കളയും.
'ഇനി വാങ്ങരുതെന്ന്' എന്നും കരുതും .