ചെറിയ വിശേഷങ്ങളാണ് ഉള്ളത്,
ഈയിടെയായിട്ട്.
എത്ര അകറ്റി കെട്ടിയാലും നീളം തോന്നിക്കാത്തത്.
പുതുതായി വാങ്ങിയ നെയിൽ പോളിഷിന്റെ നിറം,
മുറിയിലേക്ക് പെട്ടെന്ന് വന്ന പൂച്ച,
അല്ലറ-ചില്ലറ ഷോപ്പിംഗ്,
ഇന്ന് റിലീസായ പടം,
അമ്മ കൊടുത്തയച്ച മീനച്ചാറ്,
അങ്ങനെ,
പറയത്തക്ക പൊലിമയൊന്നുമില്ലാത്ത
കുഞ്ഞു കാര്യങ്ങളിൽ പറ്റിപിടിച്ചാണ് സമയം നീങ്ങുക.
ഫോൺ സംഭാഷങ്ങൾ കുറഞ്ഞതിനെപ്പറ്റി,
നടക്കാനിറങ്ങുമ്പോൾ എന്നും കാണുന്ന കുഞ്ഞ്,
വേഗത്തിൽ നടക്കുന്ന കെട്ടിടം പണികൾ,
ഇതൊക്കെ കേറിക്കൂടിയ സംസാരം.
ഇഷ്ടപെട്ടവരൊക്കെ വെവ്വേറെ നഗരത്തിലായതോർക്കും,
പൂക്കളുടെ ഫോട്ടോ എടുക്കും, നിറയെ.
അവധി കിട്ടാത്തതിന് പഴിക്കും.
സന്തോഷത്തിന്റെ പടുകുഴിയിൽ
നിലാവെത്ര വീണു.
അറിയാത്തൊരിടത്തേയ്ക്ക് ആരും പോവൂല്ലാന്ന്
അമ്മച്ചി പറയും,
അറിയാവുന്നെല്ലാം മാഞ്ഞുപോകും വരെ ഞാൻ നിൽക്കും.