പല ദിവസം; ഉച്ചനേരം
1.
അരപ്പാതിയിൽ ആകാശം കണ്ടു.
നേർപ്പിച്ചടച്ച വാതിലിൽ തങ്ങിക്കിടന്ന വെട്ടം
പൊട്ടുകാറ്റിൽ മുറിയെ പറ്റം വിഴുങ്ങി.
തെറിച്ചേ വീണു ഉച്ചനേരം.
2.
വേർപ്പാവിയായി ദേഹമൊട്ടി,
വിശപ്പടക്കി
രണ്ടാളും വാതിൽപ്പടിയിൽ
നേർക്കുനേർ മിണ്ടിയിരുന്നു.
തൊലിറപ്പുത്ത് മെഴുക്കടിഞ്ഞു.
വർഷമേറേ
ഒഴുക്കിൽപ്പെട്ടും, സന്തോഷിച്ചും,
മുഷിപ്പിലും, കയം മുട്ടുന്ന സങ്കടത്തിലും
പറ്റിനിന്നു ജീവിച്ചവർ.
ഉപ്പ്കയ്ക്കും ഈരപ്പകലിൽ
പതിയെയാഞ്ഞിട്ടവർ ഉമ്മവെച്ചു.
ദീർഘനേരം.
ശേഷം ചുളിഞ്ഞ കടലാസുപോലെ
ചേർന്നിരുന്നു.
3
ഈർപ്പം ശാഖകളായി പതിഞ്ഞ കെട്ടിടത്തിൽ
മഷിപോലെ വെയിൽ പടർന്നു.
മരത്തിന്റെ ചില്ലയാടി നിഴലനങ്ങി.
നേർത്തൊരു പാട്ട് കേൾക്കുന്ന മുറിയിലേക്ക്
വെളിച്ചം ക്ഷണിക്കപ്പെട്ടു.