Tuesday, 19 July 2016



കൂട്ട് തെറ്റിയ ആളുകളെച്ചുമന്നാണ്
കടല്‍പ്പാലങ്ങള്‍ തകരുന്നത്.
ഇനിയ്കുന്ന കാഴ്ചകള്‍ക്ക് മേലേ
മണലുരസി നടക്കുന്നവര്‍ക്കാണ്
കടല്പാലം കാലംചെയ്യുന്നത്.
കടലിന് കുറുകെ
കാറ്റിനെതിരെ
കലങ്ങിക്കുഴയുന്ന ചിരിക്കള്‍ക്ക് കീഴേ
കടല്പാലം.
ദ്രവിച്ച ചിന്തകളാണ്
കാലിലൂടെ, ഉടലളന്ന്‍,
കണ്ണുകള്‍ കൊണ്ട് ബലിയിട്ട്
അറ്റം വരെ നടക്കുന്നത്.

നൂറായി നുറുങ്ങപ്പെട്ട്
പൊങ്ങുതടിപോലെ
എടുത്തെറിയപ്പെട്ട നീല.
നോട്ടങ്ങള്‍ കൊണ്ട്
പലരാല്‍ പണയംവച്ച
സ്പര്‍ശത്തിന്റെ നനവ്‌.

പായല് പടര്‍ന്ന,
തിരകളാല്‍ എതിര്‍ക്കപ്പെടുന്ന
നിന്റെ നിലവിളികളുള്ള
പാലങ്ങളാണ്
ഓരോ തവണ കാണുമ്പോഴും
കടലിനെ,
ദൈന്യതയുടെ,
അടിക്കുറുപ്പുപോലെ
നേര്‍പ്പിച്ചുകളയുന്നത്.

Sunday, 27 December 2015

കിടക്ക, നിവര്‍ന്നിരിക്കുന്നവരുടെ മിത്താണ്.



ഗ്നതയൂറ്റിക്കിടന്ന
വെളുത്ത മെത്തവിരിയിലെ
ചുവന്ന സുഷിരത്തില്‍ നിന്ന്
മുളച്ചു പൊന്തുമ്പോഴും
ഞാന്‍ നിവര്‍ന്നു തന്നെയിരുന്നു.
എന്നിലൂടെ
ഊര്‍ന്നും,
വളഞ്ഞും,
ഇഴുകിയും,
പൊടിച്ചു കയറി
പൂക്കളാലെന്നെ മൂടി
വഴക്കത്തോടെ കിടക്കയിലേക്ക് ചരിച്ച്
ഉയിരിന്റെ വേരടര്‍ത്തുമ്പോ,
ഞാന്‍ പെറ്റ
പൂമ്പാറ്റകള്‍
ഒറ്റവരയ്ക്ക് ചിറകു വച്ചപോലെ
നീലപ്പരപ്പിലേക്ക്
നിവര്‍ന്ന നോട്ടങ്ങളുമായി
പറന്നു പൊങ്ങി.

Monday, 23 November 2015

ജനിക്കാനിരിക്കുന്നവന്റെ ആത്മഹത്യാക്കുറിപ്പ്‌ .



ഉറക്കത്തിനിടെ പിറവിയുടെ ഞരമ്പ്
പിടച്ചപ്പോഴാണ് , ഓര്‍മ്മയില്‍
പറിച്ചെടുത്ത നഖങ്ങള്‍
ചിതറിയത്.
ജനിച്ചവന്റെ ജീവിക്കാനുള്ള ബാധ്യത
നെഞ്ചിന്റെ തുടിപ്പിനോപ്പം അളന്നപ്പോള്‍,
ഞാന്‍ ,
ആത്മഹത്യ ചെയ്യാന്‍
തീരുമാനിക്കുകയായിരുന്നു.
കാത്തിരിക്കുന്ന അമ്മയ്ക്കും
തിരിച്ച് പോകേണ്ട ശൂന്യതയ്ക്കുമിടയി-
ലെപ്പോഴോ സ്വയം തിരിഞ്ഞ്
മെഴുക്കിലെന്നപോലെ
ഞാന്‍ തെന്നി.
ശ്വാസം നിലയ്ക്കണ്ടേ?
അമ്മ ആഞ്ഞാഞ്ഞ് പിടയുന്നതിനിടെ
ഭൂമിയില്‍ ആകാശം ചുവന്നു.
അടിവയറ്റില്‍ വേരാഴ്ത്തി,
എന്റെ കനംവയ്ക്കാത്ത പൊക്കിള്‍ക്കൊടി
വലിഞ്ഞു പൊട്ടാന്‍
മേപ്പോട്ട് പടര്‍ന്നു.
സ്നേഹമിറ്റിയ മാറിടം.
അമ്മ തികട്ടിയ
ആനന്ദത്തിന്റെ ഉച്ചിഷ്ടങ്ങള്‍.
വേദനകൊണ്ട് വിറച്ച
പതപ്പ്‌ പൊട്ടിച്ച്
ഞാന്‍ അസ്തമയങ്ങളിലേക്ക് പാഞ്ഞു.
താഴേ, അങ്ങ് ദൂരത്ത്,
അമ്മ വേര്‍പെട്ടു.
കുരുങ്ങിക്കോര്‍ത്ത
ജീവന്റെ നാരുകള്‍
എന്റെ ആത്മഹത്യാക്കുറിപ്പ്‌.
നിലാവെട്ടത്തില്‍ ചാപിള്ളയായുയിരിട്ടത്
സുഷുപ്തിയില്‍ ഞാനേറ്റ
പുനര്‍ജനിയ്ക്കായാണ്.

Monday, 9 November 2015

പ്രണയത്തിന്റെ രാജിക്കത്ത്



നിരത്തുകളില്‍ നിന്നും ഞാ-
നകന്നു പോകുന്നത്
കാല്‍പാദങ്ങള്‍ കടന്ന്
നീ നില്‍ക്കുന്നതു കൊണ്ടാണ്..
കണ്ണുകളില്‍ നിന്നും
കാഴ്ചകളെ പറിച്ചുനീക്കിയത്
കാഴ്ചയ്ക്കറ്റം നിന്റെ
നോട്ടമില്ലെന്ന ബോധ്യമാണ്.
ചുംബിക്കാനാഞ്ഞവരില്‍നിന്ന്
ഒഴിഞ്ഞു മാറിയത്
നീ നനയ്ക്കാത്ത  എന്റെ
വരണ്ട ചുണ്ടുകള്‍.
അനാവശ്യമായി ചിരിച്ചത്
നമുക്കിടയിലെ
ആണിനേയും പെണ്ണിനേയും കുറിച്ചോര്‍ത്ത്.
(എന്റെ ചിരിയോര്‍ത്ത് നീ
സ്ഖലിക്കാറുള്ള കഥയാണ്‌
ഇന്നെന്റെ നേരമ്പോക്ക്.)
പറയാനൊരുങ്ങുമ്പോഴൊക്കെ
നീ സ്നേഹംകൊണ്ടെന്നെ
കുഴക്കിയിരുന്നു.
എന്റെ വെളുത്ത തൊലിപ്പുറത്തേക്ക്
നിന്റെ തിളങ്ങുന്ന നിറത്തെ
ചേര്‍ത്തത്  ഞാനായിരുന്നു.
മടുപ്പ് ദിവാസ്വപ്നമല്ലല്ലോ...
നമ്മളിലെ ഞാന്‍
അടര്‍ന്ന്‌ മാറി
വീണ്ടും കിളിര്‍ക്കട്ടെ.

Monday, 7 September 2015

അനന്തരം അത് പ്രണയമാകുന്നില്ല.



                                    പൂത്തുലയുന്ന കണ്ണുകള്‍ തമ്മില്‍  ഇടനാഴിയില്‍വച്ച് കൂട്ടിമുട്ടിയത് അറിഞ്ഞുകൊണ്ടായിരുന്നു. എന്റെ ദരിദ്ര യവ്വനത്തിന്റെ ശോഷിച്ച  നോട്ടത്തിന് അതൊട്ട്‌ താങ്ങാനാവില്ലെന്നും അറിയാമായിരുന്നു.  ആ ചൂഴ്ന്നുള്ള ചിരി ഒരേറുപോലെ നെഞ്ചില്‍ക്കൊള്ളുന്നത് കിനാവുകണ്ടു. യൂണിവേര്‍‌സിറ്റിയുടെ പൊതുചര്‍ച്ചകളില്‍ ഇടയ്ക്കൊക്കെ കൊട്ടിക്കേറുന്ന ശബ്ദത്തെ , അതുവരെ ഞാൻ നിർമിച്ചെടുത്ത രൂപത്തിനു കൈമാറിക്കഴിഞ്ഞു. പുച്ഛത്തോടെ മാത്രം കണ്ടിരുന്ന റൊമാന്റിക്‌ അസ്കിതകള്‍, തിയറിക്ലാസുകളില്‍ കിനിഞ്ഞിങ്ങി അലോസരപ്പെടുത്തി."രോഗം മറ്റെതാണ്.." സുഹൃത്ത് പറഞ്ഞു.ഞാന്‍ വിനയപൂര്‍വ്വം മൂളി.

                                "പ്രണയമാണ്..."
                                 "എനിക്കും."
ഒരുവര്‍ഷത്തോളം ആ ചുമട്ടുപണിയുടെ വോളെന്‍റെറിവര്‍ക്ക്‌ ഏറ്റെടുത്തു...

                             "നീ അണ്‍റൊമാന്റിക്‌ ആണ്.."
                                "ഉം.."
                             "എനിക്ക് നീ വലിയ പൊട്ടു കുത്തുന്നത് ഇഷ്ടമല്ല..."
                               "ഉം.."
                               "നീയെന്താ ഡ്രസ്സ്‌ ഒക്കെ ഇങ്ങനെ കെയര്‍ലെസ്സായി...???"
                               "ഉം.."
                           "ഇമോഷണല്‍ അല്ലാത്ത പെണ്ണിനെപറ്റി എനിക്ക് ചിന്തിക്കാനേ ആവില്ല!"
                                  "ഉം.."


            പ്രണയത്തിലൂടെ ഞാനിപ്പോ സ്വാതന്ത്ര്യത്തിന്റെ വിപ്ലവമുണ്ടാക്കുമത്രേ..!!!
ഒരാണ്ടിന്റെ വഴങ്ങിക്കൊടുക്കലുകള്‍... നിന്റെ നീറ്റലുകള്‍ ഒപ്പിമാറ്റാനും, ചുണ്ടനക്കങ്ങളിലെ പൈങ്കിളികളെ ആരാധിക്കാനും , നീ വെയില്‍വെട്ടങ്ങളില്‍ മറ്റുള്ളവര്‍ക്കായി എയ്തുവിടുന്ന ലിബറല്‍ ചുഴിക്കുതത്തുകളില്‍ ആശ്വസിക്കാനും,ഞാന്‍ കുടിച്ചുതീര്‍ത്ത അക്ഷരങ്ങളും,ചേര്‍ത്തുവച്ച സ്വപ്നങ്ങളും എന്നെ അഴിച്ചുവിടുന്നില്ലല്ലോ!!

  ഇറങ്ങിപ്പോക്ക് മനസുകളില്‍ നിന്നാവുമ്പോള്‍, ഒഴിഞ്ഞുകിടക്കല്‍ ആനന്ദമാണ്.



Monday, 10 August 2015

അമ്മക്കാര്യങ്ങള്‍


"ലാല്‍സംഗത്തിനു ശേഷം ഡല്‍ഹിയില്‍ പതിമൂന്നുകാരിയുടെ തലയറുത്തുമാറ്റി".ബ്രേകിംഗ് ന്യൂസായി എഴുതിക്കാണിച്ച വാര്‍ത്തകണ്ട് ഞങ്ങള്‍ ഓരോ വിധത്തില്‍ പ്രതികരിച്ചു. "ഇതൊക്കെ ഇപ്പോള്‍ ഒരു സ്ഥിരം സംഭവമല്ലേ..." എന്നാണ് ഞാന്‍ പറയാനൊരുങ്ങിയത്. അച്ഛന്‍, " ഇനി എന്തൊക്കെ കാണാനിരിക്കുന്നു," എന്ന രീതിയില്‍ ധീർഘമായൊന്നു നിശ്വസിച്ചു. ഞങ്ങള്‍ അമ്മയെ നോക്കി; അമ്മ നിര്‍ത്താതെ കരയുന്നു! "ഈ അമ്മമാര്‍ എപ്പോഴുമെന്താ ഇങ്ങനെ" എന്ന് മുഖം ചുളിച്ചുകൊണ്ട് ഞാന്‍ ആലോച്ചിക്കുമ്പോഴേക്കും, അച്ഛന്‍ മുറി വിട്ടിരുന്നു.

സ്വപ്നാടനത്തിന്റെ വഴിയറ്റം


ഞങ്ങൾ നടക്കാനിറങ്ങി. നീണ്ട വഴിയിലൂടെ സമയത്തെ പിളര്‍ന്ന്‍ കാല്പാദത്തിനു കനം വയ്പ്പിച്ചു. പെട്ടെന്ന് ഉള്ളിലെന്തോ കാളിയപ്പോഴാണ് തിരിഞ്ഞുനോക്കിയത്. നടന്നു വന്ന വഴി , തലേന്നത്തെ സ്വപ്നം പോലെ മാഞ്ഞു പോയിരിക്കുന്നു. അവനെ നോക്കി. കണ്ണുകളില്‍ നിറയെ ചിരി. സഞ്ചി തുറന്ന്‍ അവന്‍ കുറേ പുസ്തകങ്ങള്‍ നീട്ടി. എനിക്ക് തലകറങ്ങും പോലെ തോന്നി. ഭയവും അമ്പരപ്പും ഒരുമിച്ചുള്ള അവസ്ഥയിലായതിനാല്‍ ഞാന്‍പോലുമറിയാതെ എന്‍റെ കൈകള്‍ നീണ്ടു. ശേഷം, വഴിയോടൊപ്പം അവനും പോടിഞ്ഞില്ലതായി. ഭൂമിക്കുള്ളിലേക്ക് ഒരു സൂചിക്കുത്ത് പോലെ ആഴത്തില്‍ വീണുമറഞ്ഞു... അസ്തമിച്ച വഴിയെനോക്കി, ആഴത്തില്‍ മറഞ്ഞ സ്നേഹിതനെ നോക്കി തിരഞ്ഞെടുപ്പിന്‍റെ സാധ്യതയറിയാതെ ഞാന്‍ നിന്നു. തിരികെ നടക്കണമെന്നാണെങ്കില്‍ പുതിയ വഴി കണ്ടെത്തണം. ഇരുട്ട് പരക്കുന്നതിനൊപ്പം, പുസ്തകക്കെട്ടിലെ എന്‍റെ പിടി മുറുകി വന്നു.