Friday, 3 March 2017

വളരെ കാലത്തിന് ശേഷം അനുഭവപ്പെട്ട അസ്വസ്ഥതയുടെ കാരണം, തന്നെത്തന്നെ ബോധ്യപ്പെടുത്താനാവാതെ സ്വസ്തി ഞെരങ്ങി.അഴക്കയം പോലെ ഭയപ്പെടുത്തുന്ന മൌനത്തിലും, എകാംഗിയുടെ നിഷേധതിലും, നിലാവ് പരക്കുന്നത് ഭ്രാന്ത്പിടിപ്പിക്കാനാണെന്ന് ദീര്‍ഘനേരത്തെ ആലോചനയ്ക്ക് ശേഷം അവള്‍ കണ്ടെത്തുകയായിരുന്നു. മയങ്ങിക്കിടന്ന കവിള്‍രോമങ്ങളെ ചൂടുപിടിപ്പിച്ചുകൊണ്ട് കണ്ണീര് ഒലിച്ചിറങ്ങി. ഓര്‍മ്മകള്‍ വരിവെച്, അടക്കത്തോടെ പായുന്നു. ചിലതൊക്കെ മാറ്റിയടുക്കാന്‍ തോന്നുന്നു. മുഖങ്ങള്‍ക്കൊക്കെ എന്തൊരു തെളിച്ചം. വാക്കുകള്‍ക്ക് അശുദ്ധി.ബോധ്യങ്ങള്‍ക്ക് മങ്ങലിന്റെ ചിതലിപ്പ്. ഏറെനേരം, കഴിഞ്ഞുപോയ കടല്‍ദൂരങ്ങളെപ്പറ്റി ഓര്‍ത്തിരിക്കാനുള്ള കെല്‍പ്പില്ലാത്തത് കൊണ്ടായിരിക്കണം, ടെറസ്സിന്റെ ഇരുട്ടില്‍ സ്ഥിരം ഇരിക്കാറുള്ള ചൂരല്‍കസേരയില്‍നിന്ന്, നക്ഷത്രങ്ങള്‍ പുള്ളികുത്തിയ, തനിക്കുമേലെ പോട്ടിവീഴാന്‍ ശ്വാസംപിടിച്ചുനില്‍ക്കുന്ന ആകാശപ്പരപ്പിലെക്ക്, അവള്‍ പറന്നു പോയി. മാലാഖയെപ്പോലെ സാരിത്തുമ്പ് നാലുപാടും പറന്നാടി. മുഖം, കാണാനാവാത്ത എന്തിനെയോ എത്തിനോക്കും വിധം മുകളിലേയ്ക്കുയര്‍ത്തി, ശാസ്ത്രത്തിന്റെ എല്ലാ കണക്കുകളെയും വകഞ്ഞുമാറ്റി, സ്വസ്തി മുകളിലേക്കുയര്‍ന്നു. താഴെ ഭുഗോളം, എറിഞ്ഞുവീഴ്ത്തിയ ഗോട്ടി പോലെ കാണാനാവാതെ പൊന്തക്കാട്ടില്‍ പതുങ്ങികിടന്നു.
പെണ്ണുങ്ങളിങ്ങനെ അന്തമില്ലാതെ എഴുതിക്കൂട്ടി, മുടിക്കെട്ടിന്റെ ജെടയ്ക്കുള്ളില്‍ വിരല് കുടുക്കി, ആണിടങ്ങളുടെ ഉച്ചീലേക്ക് നോട്ടമയയ്ച്ച്, ബുദ്ധിജീവി  ആരാഷ്ട്രീയത്തിലേക്ക് നടുവിരല് കാട്ടി, തുപ്പലില്‍ അലിയാതെകിടക്കണ മീന്‍മണം കൊണ്ട് പടങ്ങള് കോറി, അയഞ്ഞ മുലകള്‍ക്കു നേരെ കണ്ണാടി കാട്ടി, കാലുകള്‍ വിടര്‍ത്തി വെച്ച്, അമ്മേടെ തേഞ്ഞ കറുത്ത നഖംമുങ്ങിയ രസച്ചോറു തിന്ന്‍, ഉന്മാദത്തിന്റെ നീര്‍ക്കെട്ടില്...
 നിങ്ങളുടെ  എലീറ്റ് ആണ്‍ പെണ്‍ നടുവരമ്പിന്റെ വിശാലമാനവപ്പെടലുകലുണ്ടല്ലോ, ആ എഴുത്തുകള്‍ ഉണര്‍ത്താത്ത അവസ്തപ്പെടലുകലാണ് എഴുത്തിന്റെ എന്നല്ല കലയുടെതന്നെ എയിസ്തറ്റിക്സ്.

Friday, 18 November 2016



എന്റെ ശവം
പോതുദര്‍ശനത്തിന് വയ്ക്കരുത്.
ശ്വാസം നിലച്ച്,
കണ്ണടഞ്ഞ്
ആനന്തത്തിലാഴ്ന്ന നിമിഷം
മണ്ണിലാഴ്ത്തി
വേര് പൊടിപ്പിച്ച്
മുകളിലായൊരു
കുഞ്ഞു കനകാംബരം നടണം.
എന്റെ സത്ത ഊറ്റിക്കുടിച്ച് വളരാന്‍ പോന്ന
കുസൃതി നിറഞ്ഞ ഒന്ന്.
അതില്‍ നിറയെ
മഞ്ഞപ്പൂമ്പാറ്റകള്‍ പറക്കണം.

വിളറിയ വെളുപ്പ്‌.
ആത്മരതി.
ഭോഗിക്കപ്പെട്ട സ്വപ്നങ്ങളുടെ
നീണ്ട പകലുറക്കം പോലെ
മരണം.
കൊന്നൊടുക്കി,ഏച്ചുകെട്ടിയ
റീത്ത് വയ്ക്കെരുതെന്നപേക്ഷ.
വാടിയ പൂമണം ചൊരുക്കാണെനിക്ക്.
കടം കിട്ടിയ പുസ്തകങ്ങള്‍
ആളൊഴിയും മുന്‍പേ
തിരികെക്കൊടുക്കണം.
തുറക്കാനറച്ച പേന
ശര്‍ദിച്ചുവെച്ച വാക്കുകള്‍
കൊടുക്കാനുറച്ച പ്രണയം
എന്നോടൊപ്പം നശിക്കട്ടെ.
എന്റെ തണുപ്പോര്‍ത്ത്,
കഥകള്‍ കുമിഞ്ഞ്‌
തിരക്കിനിടയില്‍ ഒറ്റയ്ക്ക് നില്‍ക്കുന്നവനെ
ചികഞ്ഞുപിടിച്
ശവം കാട്ടരുത്.
ഒരു പൊട്ടിച്ചിരിയുടെ കനത്തോടെ
ഞാനുണര്‍ന്നുപോകും.

മഴയുള്ള ദിവസമാണെങ്കില്‍
മഴ തൊടീക്കുക.
നിരത്തിലേയ്ക്ക് വെമ്പുന്ന
വിരലുകളെ
കൂട്ടിക്കെട്ടരുത്.
ഇളം നീലകൊണ്ട് പൊതിഞ്ഞ്
നോട്ടങ്ങള്‍ കൊണ്ട് നനയിക്കാതെ
നിലവിളികൊണ്ടശുദ്ധമാക്കാതെ
ശാപത്തിന്റെ വായ്ക്കരിയിട്ട്
ഒഴുക്കുക.
മണ്ണ് മടുപ്പുപോലെ മൂടട്ടെ.
ഒച്ചയുണ്ടാക്കാതെ,
ഇറ്റ് ശ്വാസത്തില്‍ സമാധി.

Tuesday, 19 July 2016



കൂട്ട് തെറ്റിയ ആളുകളെച്ചുമന്നാണ്
കടല്‍പ്പാലങ്ങള്‍ തകരുന്നത്.
ഇനിയ്കുന്ന കാഴ്ചകള്‍ക്ക് മേലേ
മണലുരസി നടക്കുന്നവര്‍ക്കാണ്
കടല്പാലം കാലംചെയ്യുന്നത്.
കടലിന് കുറുകെ
കാറ്റിനെതിരെ
കലങ്ങിക്കുഴയുന്ന ചിരിക്കള്‍ക്ക് കീഴേ
കടല്പാലം.
ദ്രവിച്ച ചിന്തകളാണ്
കാലിലൂടെ, ഉടലളന്ന്‍,
കണ്ണുകള്‍ കൊണ്ട് ബലിയിട്ട്
അറ്റം വരെ നടക്കുന്നത്.

നൂറായി നുറുങ്ങപ്പെട്ട്
പൊങ്ങുതടിപോലെ
എടുത്തെറിയപ്പെട്ട നീല.
നോട്ടങ്ങള്‍ കൊണ്ട്
പലരാല്‍ പണയംവച്ച
സ്പര്‍ശത്തിന്റെ നനവ്‌.

പായല് പടര്‍ന്ന,
തിരകളാല്‍ എതിര്‍ക്കപ്പെടുന്ന
നിന്റെ നിലവിളികളുള്ള
പാലങ്ങളാണ്
ഓരോ തവണ കാണുമ്പോഴും
കടലിനെ,
ദൈന്യതയുടെ,
അടിക്കുറുപ്പുപോലെ
നേര്‍പ്പിച്ചുകളയുന്നത്.

Sunday, 27 December 2015

കിടക്ക, നിവര്‍ന്നിരിക്കുന്നവരുടെ മിത്താണ്.



ഗ്നതയൂറ്റിക്കിടന്ന
വെളുത്ത മെത്തവിരിയിലെ
ചുവന്ന സുഷിരത്തില്‍ നിന്ന്
മുളച്ചു പൊന്തുമ്പോഴും
ഞാന്‍ നിവര്‍ന്നു തന്നെയിരുന്നു.
എന്നിലൂടെ
ഊര്‍ന്നും,
വളഞ്ഞും,
ഇഴുകിയും,
പൊടിച്ചു കയറി
പൂക്കളാലെന്നെ മൂടി
വഴക്കത്തോടെ കിടക്കയിലേക്ക് ചരിച്ച്
ഉയിരിന്റെ വേരടര്‍ത്തുമ്പോ,
ഞാന്‍ പെറ്റ
പൂമ്പാറ്റകള്‍
ഒറ്റവരയ്ക്ക് ചിറകു വച്ചപോലെ
നീലപ്പരപ്പിലേക്ക്
നിവര്‍ന്ന നോട്ടങ്ങളുമായി
പറന്നു പൊങ്ങി.

Monday, 23 November 2015

ജനിക്കാനിരിക്കുന്നവന്റെ ആത്മഹത്യാക്കുറിപ്പ്‌ .



ഉറക്കത്തിനിടെ പിറവിയുടെ ഞരമ്പ്
പിടച്ചപ്പോഴാണ് , ഓര്‍മ്മയില്‍
പറിച്ചെടുത്ത നഖങ്ങള്‍
ചിതറിയത്.
ജനിച്ചവന്റെ ജീവിക്കാനുള്ള ബാധ്യത
നെഞ്ചിന്റെ തുടിപ്പിനോപ്പം അളന്നപ്പോള്‍,
ഞാന്‍ ,
ആത്മഹത്യ ചെയ്യാന്‍
തീരുമാനിക്കുകയായിരുന്നു.
കാത്തിരിക്കുന്ന അമ്മയ്ക്കും
തിരിച്ച് പോകേണ്ട ശൂന്യതയ്ക്കുമിടയി-
ലെപ്പോഴോ സ്വയം തിരിഞ്ഞ്
മെഴുക്കിലെന്നപോലെ
ഞാന്‍ തെന്നി.
ശ്വാസം നിലയ്ക്കണ്ടേ?
അമ്മ ആഞ്ഞാഞ്ഞ് പിടയുന്നതിനിടെ
ഭൂമിയില്‍ ആകാശം ചുവന്നു.
അടിവയറ്റില്‍ വേരാഴ്ത്തി,
എന്റെ കനംവയ്ക്കാത്ത പൊക്കിള്‍ക്കൊടി
വലിഞ്ഞു പൊട്ടാന്‍
മേപ്പോട്ട് പടര്‍ന്നു.
സ്നേഹമിറ്റിയ മാറിടം.
അമ്മ തികട്ടിയ
ആനന്ദത്തിന്റെ ഉച്ചിഷ്ടങ്ങള്‍.
വേദനകൊണ്ട് വിറച്ച
പതപ്പ്‌ പൊട്ടിച്ച്
ഞാന്‍ അസ്തമയങ്ങളിലേക്ക് പാഞ്ഞു.
താഴേ, അങ്ങ് ദൂരത്ത്,
അമ്മ വേര്‍പെട്ടു.
കുരുങ്ങിക്കോര്‍ത്ത
ജീവന്റെ നാരുകള്‍
എന്റെ ആത്മഹത്യാക്കുറിപ്പ്‌.
നിലാവെട്ടത്തില്‍ ചാപിള്ളയായുയിരിട്ടത്
സുഷുപ്തിയില്‍ ഞാനേറ്റ
പുനര്‍ജനിയ്ക്കായാണ്.

Monday, 9 November 2015

പ്രണയത്തിന്റെ രാജിക്കത്ത്



നിരത്തുകളില്‍ നിന്നും ഞാ-
നകന്നു പോകുന്നത്
കാല്‍പാദങ്ങള്‍ കടന്ന്
നീ നില്‍ക്കുന്നതു കൊണ്ടാണ്..
കണ്ണുകളില്‍ നിന്നും
കാഴ്ചകളെ പറിച്ചുനീക്കിയത്
കാഴ്ചയ്ക്കറ്റം നിന്റെ
നോട്ടമില്ലെന്ന ബോധ്യമാണ്.
ചുംബിക്കാനാഞ്ഞവരില്‍നിന്ന്
ഒഴിഞ്ഞു മാറിയത്
നീ നനയ്ക്കാത്ത  എന്റെ
വരണ്ട ചുണ്ടുകള്‍.
അനാവശ്യമായി ചിരിച്ചത്
നമുക്കിടയിലെ
ആണിനേയും പെണ്ണിനേയും കുറിച്ചോര്‍ത്ത്.
(എന്റെ ചിരിയോര്‍ത്ത് നീ
സ്ഖലിക്കാറുള്ള കഥയാണ്‌
ഇന്നെന്റെ നേരമ്പോക്ക്.)
പറയാനൊരുങ്ങുമ്പോഴൊക്കെ
നീ സ്നേഹംകൊണ്ടെന്നെ
കുഴക്കിയിരുന്നു.
എന്റെ വെളുത്ത തൊലിപ്പുറത്തേക്ക്
നിന്റെ തിളങ്ങുന്ന നിറത്തെ
ചേര്‍ത്തത്  ഞാനായിരുന്നു.
മടുപ്പ് ദിവാസ്വപ്നമല്ലല്ലോ...
നമ്മളിലെ ഞാന്‍
അടര്‍ന്ന്‌ മാറി
വീണ്ടും കിളിര്‍ക്കട്ടെ.