"Hoping that there could still be a story to tell... Maybe at home".
Tuesday, 8 February 2022
Wednesday, 26 January 2022
പതനത്തെപ്പറ്റി.
പ്രളയജലത്തിൽപെട്ടപോലെ
അനിനിയന്ത്രിതമായ ഭയമരിച്ച
വിരൽത്തുമ്പുകൾ സൂചിയായുള്ളൊരു
ഘടികാരം ചുമന്നാണ് നടപ്പ്.
പതിയെയുള്ള സംസാരം
രണ്ടുപേർക്കിടയിൽ സൃഷ്ടിക്കുന്ന
നീരൊഴുക്കിൻ ചൂട്.
സമയത്തിന്‍റെ ചുളിവുകളെ
അത് നികത്തിപോന്നിരുന്നു.
വിങ്ങലിന്‍റെ പതിവില്ലായ്മയിൽ എനിക്ക് നോവുണ്ടായി.
വിലക്കപ്പെട്ട പ്രദേശം.
വേലികെട്ടിത്തിരിച്ചിരിക്കുന്ന,
കാവൽക്കാരുള്ള,
നിയന്ത്രിതമായ ശ്വാസോച്ഛാസമുള്ളവരുടെ നഗരം
എന്നിലേക്ക് ഒലിച്ചടിഞ്ഞു കിടന്നു.
കഴുത്തുറയ്ക്കാത്ത കുഞ്ഞിനെപ്പോലെ
അതിനെ കൈപ്പത്തിയിൽ ഒതുക്കിയെടുത്തു.
ഏങ്ങലിൽ മുറിവിന്‍റെ വിസ്താരം
എനിക്കറിയാനൊത്തു-
നടക്കുന്നതിന്‍റെ ക്രമത്തിൽ
ചിന്തിക്കാൻ ശീലിച്ചതുകൊണ്ടാവും.
അവസാനത്തെ സംഭാഷണം
സംവത്സരങ്ങളുടെ കുരുക്കിൽ
തൂങ്ങിയാടി, അമർത്തി
തുട രണ്ടും മാന്തിപ്പൊളിച്ചു.
അലിഞ്ഞുപോകുന്ന ഏതോ ദ്രാവകത്തിൽ
എന്നെത്തന്നെ മുക്കിയെടുത്ത ശേഷം
ഞാനാകെ അൽപ്പായുസായിപ്പോയിരിക്കുന്നു.
കളങ്ങളുള്ളൊരു പ്രതലത്തിലേക്കുരുളുന്ന
പന്തുപോലെ
നിലയ്കാൻ വേഗത കുറച്ച്
കിടക്കയിൽ മലർന്നു കിടക്കുന്നു.
അവിശുദ്ധങ്ങളായ പുലർച്ചകളിൽ
വളർത്തുപൂച്ചയുടെ മാറെല്ലിന്‍റെ അനക്കം നോക്കി
കൺപോളകൾ വീർത്ത്
അടുത്ത ദിവസവുമെന്നെ വായ്പയ്ക്കെടുത്തു.
Tuesday, 2 November 2021
1. വാക്കുകൾക്ക് പറ്റുന്നത്
വാക്കുകൾക്ക് പറ്റുന്നത്
തീരേ കുറച്ചാണ്.
തീരേ,
കുറച്ച് .
ശ്രമിക്കരുതെന്നല്ല.
സ്വസ്ഥരായിരിക്കുമ്പോൾ
ഓർത്തു നോക്കൂ.
വാക്കുകൾക്ക്
പറ്റുന്നത്
തീരേ
കുറച്ചാണ്.
എങ്കിലും
എന്നുമേ,
പുറകോട്ടു സഞ്ചരിച്ചു
സംഭാഷങ്ങൾ പൂരിപ്പിച്ചുകൊണ്ടിരിക്കുന്നു.
വാക്കുകൾക്ക് പറ്റുന്നത്
തീരേ കുറച്ചല്ലേ?
2.
റെയിൽ പാളത്തിനരികെ പൂക്കൾ.
കുഞ്ഞു കുഞ്ഞു പൂക്കൾ.
എരിക്ക് കൂടിനിക്കുന്ന വേഗങ്ങൾ.
ചിലരതിന്റെ ചിത്രം പകർത്തുന്നു.
ഭൂപ്രദേശങ്ങൾ മാറുന്നത്
ജനാലാ മാറ്റമായി മനസിലാക്കുന്നു.
കുഞ്ഞു പൂക്കൾ തറപറ്റി അനങ്ങുന്നു:
ഭാരമറ്റ കുസൃതിയിൽ ഈർപ്പം വറ്റാതെ.
3.
കടൽത്തീരത്തുകൂടി
ഓടുന്ന കൂട്ടുകാർ.
നനഞ്ഞൊട്ടി കനം വെച്ച ഉടുപ്പുകൾ.
മണലുരസി പോറല് വീണ ശരീരങ്ങൾ
വീഴ്ചയിൽ നോവാതെ
ഉപ്പാൽ കണ്ണ് നീറാതെ
ഉല്ലാസരായി
കൂട്ടുകാർ.
ഒറ്റയ്ക്കു കടലുകാണാൻ
വന്നിരിക്കുന്നൊരാൾ.
Wednesday, 13 October 2021
ഒരു മിന്നാമിന്നിയെ
പേഴ്സിൽ സൂക്ഷിച്ചിരിക്കുന്നെന്ന്
നാളേറെ കഴിഞ്ഞ് ഞാനറിയുന്നു.
പകൽവെളിച്ചത്തിലാ ജീവിയെക്കാണുന്നതിന്
ചേർച്ചയില്ലായ്മയുടെ ഒരു പകപ്പുണ്ട് .
പൊട്ടുവെളിച്ചത്തെ
ഒരു ജന്തുശരീരമായി സ്ഥിരപ്പെടുത്തിയതിന്‍റെ അസ്വസ്ഥത.
അതിനു കണ്ണുകളുണ്ടായിരുന്നില്ല.
സ്വർണത്തിന്‍റെ മഞ്ഞയിൽ ചിറക്:
നേർത്തൊരു കണ്ണാടിക്കുപ്പായം പോലെ.
അതിനറ്റത്ത് , പരാചയപ്പെട്ടൊരു പിടുത്തം കണക്കെ
കറുത്ത രണ്ടു പൊട്ടുകൾ.
ഞാൻ കാത്തിരുന്നു.
മിന്നുന്നേയില്ല, ജഡം.
മിന്നുന്നേയില്ല.
ജഡം.
11.07.2020
Monday, 28 June 2021
ആദ്യത്തെ പുസ്തക മോഷണം
ആദ്യത്തെ പുസ്തക മോഷണം
പ്രാർത്ഥനയുടെ ചലനനിർമ്മിതിയാണ്,
അല്ലെങ്കിൽ പ്രദർശന മാതൃക.
മറ്റാർകും പരിചയമില്ലാത്ത കാരണങ്ങളിൽ
തീഷ്ണമായൊരു നിമിഷം.
ഇപ്രകാരമാകാം എന്ന് തയ്യാറായിട്ടുണ്ടാവില്ല,
ആകയാൽ
ആ തോന്നലിന് ആകൃതിയില്ല.
സൂചിയനങ്ങാത്ത ഉച്ചനേരത്ത്
സമയത്തിന്‍റെ ഒരിടിവിൽ
രണ്ടാമതൊരാളില്ലാതെ
അടുക്കിൽ നിന്ന് ചൂണ്ടുവിരലുകൊണ്ട്
മുന്നോട്ടു വലിച്ച്,
ശബ്ദമില്ലായ്മയുടെ ഉഷ്ണത്തിൽ
സ്വന്തമല്ലാത്ത പ്രിയപെട്ടതിനെ വീട്ടിലെത്തിക്കുന്നു.
എണ്ണത്തിലധികം കാണില്ല; ഒന്നോ രണ്ടോ.
എങ്കിലുമത്
ഉറക്കം കുറഞ്ഞു തുടങ്ങുമ്പോൾ
എടുത്തുനോക്കാനൊരു കൊളുത്ത്.
(മിക്കവാറും മുൻവശത്തെ സീലിലുടക്കിയ
ദീർഘനേരങ്ങൾ)
മോഷ്ടിച്ച ആദ്യത്തെ പുസ്തകം.
അതിൽ നിരയില്ലാതെഴുതിയിരിക്കുന്ന
മടക്ക തീയതികൾ.
പക്വതയെത്തിയ വായനക്കാരി.
Saturday, 26 June 2021
ധൃതി
ഒരൊഴിഞ്ഞ കളത്തിൽ
തിരശ്ചീനമായി വീണുകിടക്കുന്ന
ചുവന്ന നിറമുള്ളൊരു റിസീവർ:
രഹസ്യങ്ങളിലേക്കുള്ള
ടണൽ വിരിവു പോലെ.
ഒച്ചകൊണ്ട് ഏറു കിട്ടിയവർ.
സമയത്തെ നേർപ്പിച്ച്
തുപ്പലിറക്കത്തിലൊളിപ്പിച്ചു .
പിൻവാങ്ങലിന്‍റെ ബിംബഘടനയുള്ളൊരു
സ്വചിത്രം.
ധൃതി,
ക്ഷമയാചിക്കുന്നവനിൽ നിന്ന്
നിങ്ങളെ പിരിച്ചു കൊണ്ടുപോയേക്കാം
-ഒഴുക്ക് പകർത്തുന്നവളുടെ
അടച്ചുപിടിച്ച ഇടംകണ്ണുപോലെ
സ്വാഭാവികമായൊരു മധ്യസ്ഥം.
നെഞ്ചിടിപ്പാണ് കൂലി.
പൂച്ച
വിട്ടുപോയൊരു നൂൽപ്പന്തിന്‍റെ അറ്റംപോലെ
അകലത്തിന്‍റെയും അടുപ്പത്തിന്‍റെയും
ഭയപെടുത്തുന്നൊരു ഉരസൽ.
ചേർന്ന് കിടന്നുറങ്ങുമ്പോഴും
ദൂരെനിന്നു കാണുമ്പോഴും
ആർദ്രമായൊരിണക്കം
- പൂച്ച.
ഓരോ തവണ കടന്നു പോകുമ്പോഴും
തിരിച്ചു വരില്ലെന്ന സാധ്യതകൊണ്ട് മുറിപ്പെടുത്തിയും
വേഗത്തിലോടിവന്നെന്‍റെ പേടിയെ മെരുക്കിയും
അവൾ ഹൃദയത്തെ തുലാസിന്‍റെ രൂപത്തിലാക്കികഴിഞ്ഞു.
ദേഹമാകെ നക്കിത്തുടയ്ക്കുമ്പോൾ
ഒറ്റയ്ക്കുള്ളൊരു ടാംഗോ നൃത്തം.
അരം കൂർപ്പിച്ച നാക്കിൽ അറ്റുപോയതിന്‍റെയൊക്കെ
പിടച്ചിൽ.
ഒരാലോചനയുടെ എതിർവശം കണക്കെ
ശൂന്യമായിരിക്കലുണ്ട് ഏറെനേരം
പിന്നെ പൊടുന്നനേ
നമ്മുടെ രഹസ്യങ്ങളൊക്കെ അറിഞ്ഞിട്ടെന്നോണം
ഒരു നോട്ടം,
ഭംഗിയിൽ ഒരു നടത്തം.
ഫ്ലോറൽ പ്രിന്‍റുള്ള തടത്തുണി
പഴയ സാരിയുടെ മുന്താണിയാണ് പുതിയ തടത്തുണി.
അതിൽ, പല വലിപ്പത്തിലുള്ള പൂക്കളുടെ ഞെരുക്കം
- മഞ്ഞയും, ഇളം പിങ്കും, വെള്ളയും കൂടിയത്.
ഉടുത്തുടുത്ത് നേർത്തും വലിഞ്ഞും
പശിമയുള്ളതായിക്കഴിഞ്ഞു.
ചൂട് പാത്രത്തിലേക്ക് ബലത്തിൽ ചേർക്കുമ്പോഴൊക്കെ
ഞെട്ടലിന്‍റെ തളർച്ചയുണ്ട്.
അമ്മയുടെ തൊലിയൊട്ടിക്കിടന്ന
സർക്കീട്ടോർമ്മകൾക്കൊക്കെ
നൂലടർന്ന തുമ്പുരുകുമ്പോൾ
തീപിടിക്കുന്നുണ്ടാവും.
__________________________________________________________
*അമ്മ, വെന്തതിനുമേലെ പൂക്കൾ ചുറ്റിയിരുന്ന കാലം
വേർത്തു പോയ്കഴിഞ്ഞു.
Wednesday, 5 May 2021
a failed attempt to document intimacy
as i was watching the afternoon rain
a crow came down from the floating clouds
and sat on the balcony.
soaking wet,
she carried the remaining lights in her eyes.
we ignored each other’s presence.
i could hear the buzzing of dragonflies
on a clear day over the barren paddy fields.
she must also be thinking of something
-maybe the panting of an earthworm.
or tracing the viscous fear
slowly finding its way through her fingertips.
the evening was unusually quiet.
an injured silence swallowed the moment:
we let it mature.
-an exile in itself
this brief friendship i cherish is a scissor in disguise.
with every embrace, the wound widens.
i was complaining about
the dryness in my throat
and the fading sun in my stomach.
the crow, shook up from the uneven wind
refuses to bid farewell.
a reassurance that i exist-
to the warm ashes sedimented under the last layer of my skin.
the poor little thing
perches on to the burning sill.
the weight we hide
never be shared
-like homesickness.
a gentle attempt to fly
can scar our company.
a muted anticipation sealed in pain.
not yet.
she is still there,
in the rain,
still wet.
a crow
and a woman
disarranging sighs
in a wreath.