Saturday, 27 February 2021

 ഫുട്നോട്ട് ടു ഇൻസോംനിയ 


ഒറിഗാമി മുയലിന്‍റെ, അളവുതെറ്റിയ ആദ്യത്തെ മടക്ക്.

സ്വയം വലിഞ്ഞും പലതായി പിരിഞ്ഞും 

മാംസനൃത്തം പോലെ തിരക്ക്.

അതിന്‍റെ പല വശങ്ങളിൽ നിന്നും 

പരിചയമുണ്ടെന്നു തോന്നിക്കുന്ന മനുഷ്യർ 

വാങ്ങാനുദ്ദേശിക്കാത്ത വസ്തുക്കളുടെ പേര് 

തൊണ്ട വീങ്ങുമാറ് വിളിച്ച് 

കടകളിലേക്ക് ബലത്തിൽ വലിച്ചിടുംപോലെ.

നടത്തത്തിന്  ഭാരമേറി, കൈവീശാൻ ശേഷിയില്ലാതെ.

തോളിലാരോ പറ്റിയിരുന്ന് 

ബിഗ്ഷോപ്പറിലെ എന്‍റെ പിടുത്തത്തിലേക്ക്  

സൂചി തുന്നുന്നു:

തൊലിയിൽ  സമ്മതമില്ലാതെ പൊങ്ങലുകളുണ്ടാക്കുന്നു.

അമ്മ വർഷങ്ങളായി ഉടുക്കുന്ന 

അതേ മജന്ത പൂക്കളുള്ള പോളിസ്റ്റർ സാരിയിൽ 

ഒരു സ്ത്രീ കടന്നു പോയി.

അത് വീട്ടിലെത്തി പറഞ്ഞു സന്തോഷിക്കാനാളില്ലെന്നോർത്ത്  

ഞാൻ മാഞ്ഞുപോയി.


പിരിപിണങ്ങിയ അടപ്പുപോലുറക്കം.

കോഫീ ഹൗസിലെ   

കളിമൺ പാത്രങ്ങളുടെ ഉരസൽ  ശബ്ദത്തിന്‍റെ 

ആരോഹണം താങ്ങാനാവാതെയാണ് ഞെട്ടിയെഴുന്നേൽക്കുന്നത്. 

തണുത്ത വെള്ളം കുടിക്കാൻ തോന്നിയെങ്കിലും 

കരയുകയാണുണ്ടായത്.

ഉപ്പൂറ്റി ശക്തിയിലൂന്നി നടന്നു, മുറിയാകെ.

ഒരിളവും നൽകാതുറക്കം പൊയ്ക്കഴിഞ്ഞു.

കൺപീലികളിലോരോന്നിലും വെളിച്ചത്തിന്‍റെ റോന്തുചുറ്റൽ.

ഇപ്പോളനാവശ്യമായി ഓർക്കാനാണ് 

നട്ടുച്ചയ്ക് ഇലവുങ്കാ പൊട്ടിയ കണ്ടതുതന്നെ.

ശാഖകളുള്ളൊരു വയറുവേദന നഖങ്ങളിൽ നീന്തി തുടങ്ങി.


ധൃതിയിൽ ഞാൻ പുറത്തേക്കോടി 

ഒരു കെട്ട് മുല്ലമൊട്ടയഞ്ഞപോലെ 

ഛർദിച്ചു.


Monday, 15 February 2021

 നെരിപ്പോട് വെക്കുന്ന സമയത്താണ് ഫോണടിക്കുന്നത്.

സിമന്റ് തറയിലൂടെ 

കൈമുട്ടിന്‍റെയറ്റം വരെ ഉരസിനീക്കി റിങ് ടോൺ കെടുത്തി.

വീണ്ടും വിളിച്ചതുകൊണ്ടെടുത്തു.

കടൽത്തീരമില്ലാത്ത നഗരത്തിൽ 

സ്ഥിരതാമസമാക്കിയ സുഹൃത്താണ്.


എന്റെ ഞരമ്പിലൂടെ സ്വസ്ഥതയുടെ വെളിച്ചം പാഞ്ഞു.

അതെന്‍റെ ശബ്ദത്തെ മിനുസമുള്ളതാക്കി.

സകലതിനോടും ഒരു സ്നേഹം വന്നുനിറഞ്ഞു.


" ഒരുമിച്ചു വായിച്ച കവിത കണ്ടു,

പഴയ മാസിക തപ്പിയപ്പോൾ. 

കേൾപ്പിക്കാല്ലോ എന്നോർത്തു".

ഒരു പുതപ്പുപോലെയാണയാളുടെ ശബ്ദം, കയർക്കാനൊക്കാത്തതരം.

"ആടോ"

ഞാനെന്‍റെ രക്തത്തെയാകെ കേൾവിയിലേക്കെടുത്തിരുന്നു.  

പ്രിയപ്പെട്ട അധ്യാപകനെ ടൗണിൽ വെച്ച് കണ്ടുമുട്ടുന്ന 

കണ്ണുകാണാനാകാത്ത  വിദ്യാർഥിനികൾ. 

അതാണാ കുഞ്ഞു കവിത.


കവിത പറഞ്ഞു കഴിഞ്ഞുടനെ 

ഒരു മിന്നലിനെ ഞങ്ങൾ രണ്ടാളും വിഴുങ്ങിയിരിക്കണം!

മൂടൽമഞ്ഞിന്‍റെ അസ്തമയം തലച്ചോറിൽ പതിച്ചപോലെ ഞാൻ വിറച്ചു.

ഭൂമിയാകെ അനക്കമറ്റ് വെമ്പിയപോലെ.

എനിക്കുറപ്പായിരുന്നു,

ഈർപ്പമുള്ള കൈപ്പത്തികളായിരുന്നതിന്‍റെ പ്രാർത്ഥന.

വർത്തമാനത്തിന്  പ്രാർത്ഥനയുണ്ടാകുക

എന്നതെത്ര വാത്സല്യമുള്ള ശേഷിപ്പാണ്!


ചെന്നടിയാൻ മനുഷ്യർ പരസ്പരം തിരഞ്ഞെടുക്കുന്നല്ലോ!   

നിമിഷങ്ങളുടെ നീറ്റലിലായാൽക്കൂടി,

സൗഹാർദമായത് കടന്നുവരും.

Sunday, 14 February 2021

ജീവിതത്തിലന്നു വരെ കണ്ട ഏറ്റവും,

സുന്ദരങ്ങളായ രണ്ട് സ്വപനങ്ങൾ 

പരസ്പരം വീണ്  കണികകളായി ചിതറി

ശരീരത്തിലൊരു തിരമാലയുണ്ടാക്കിയപോല 

ആ കാഴ്ച്ച, 

ആർദ്രതയുടെ നീരനക്കം സൃഷ്ടിച്ചു.


കാക്കക്കുഞ്ഞുങ്ങളുടെ കുളിയായിരുന്നത്.


നോക്കിനിൽക്കുംതോറുമത്

ഹൃദയത്തിൽ വരകളുണ്ടാക്കി.

ഒരു ദൂരദർശിനിയെടുത്ത്

അവരുടെ വായിലെ ചുവപ്പ്

ശ്രദ്ധിച്ചു, ഞാൻ.

ഉപ്പൻ്റെ കണ്ണിലേതുപോലുള്ള

കടും ചുവപ്പ്.  പശിമയുള്ളത്.

ഒരു കുഞ്ഞു ജീവിയുടെ ചലനത്തിൻ്റെ

ഭംഗി കാണാൻ കാത്തിരിക്കുന്നതിലൊരു

വൈചിത്രമില്ലേ?

ആ ചലനത്തിൻ്റെ ദൈർഘ്യമോ, വേഗമോ,

ആകൃതിയോ അറിയാതെ

എത്രനേരമിങ്ങനെ?

തലകറക്കം പോലുള്ള ദിവസത്തെ,

ശ്വാസമിടിപ്പിൻ്റെ നേരിയ തുടിപ്പിലേക്ക്

ഒരു കാഴ്ചയുടെ ഉല്ലാസം ഊറിക്കൂട്ടുന്ന കണ്ടു.


കാക്കക്കുഞ്ഞുങ്ങൾ വെള്ളത്തിൽ തലമുക്കി

ഇടത്തേക്കും വലത്തേക്കും വേഗത്തിൽ ലാഞ്ചി

നിവർന്ന്,

ഒപ്പം ചിറക് രണ്ടും വിടർത്തി, വായ തുറന്ന്

ശക്തിയിൽ കുടഞ്ഞു.

അപ്പോൾ,

തൂവലുകൾ വശങ്ങളിലേക്ക് ഏറ്റ് നിന്ന്

വൃത്താകൃതിയിലൊരു കിരീടമുണ്ടാക്കി.

നിമിഷത്തിൽ നനവൊട്ടി മിഴിച്ചു.

വെയിലുമായി അവർ നടത്തുന്ന ഒരിഴുക്കലെത്ര ചന്തമുള്ളതാണ്!

പലേ വലിപ്പത്തിൽ കാക്കകൾ

പലശൈലിയിൽ പറന്നിറങ്ങുന്നു.

കാലുകൾ മാത്രം അനങ്ങാതുറപ്പിച്ച്

ദേഹമാകെ കൊക്കുരുമ്മി

വെള്ളത്തിലേക്കാത്തും, പിൻവാങ്ങിയും

വേഗത്തിലൊരു പറക്കൽ, ആഴത്തിലേക്കൊട്ടുമിറങ്ങാതെ.

ചലനാത്മകമൊരു പിടച്ചിൽ പോലത്

തോന്നിയേക്കാമെങ്കിലും

സുന്ദരമായൊരു കാഴ്ചയാണത്.


എൻ്റെ ബൈനോകുലറിൻ്റെ മുനമ്പ് കൊണ്ട്

തൊടാനാവുന്നയറ്റംവരെ 

കാക്കക്കുഞ്ഞുങ്ങളെ ഞാൻ സ്നേഹിച്ചുകൊണ്ടിരുന്നു,

ദിനം.

Sunday, 24 January 2021

 


 ഇമ്പമുള്ളവരാണ് കുഞ്ഞുങ്ങൾ.

വിരൽത്തുമ്പുകളിൽ കൗതുകമുള്ളവർ.

 അവർ വരയ്ക്കുന്ന ചിത്രങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ?

സഹജങ്ങളല്ലാത്ത നിറങ്ങൾ തിരഞ്ഞെടുക്കുന്നത്?

വീടിന്റെ മേൽക്കൂരയ്ക് കടും പച്ച 

 മനുഷ്യരുടെ തൊലിക്ക് വയലറ്റ് 

കറുത്ത പൂക്കൾ 

ചലനത്തിന് മഞ്ഞ. 

വലുതാകുമ്പോൾ 

വിരസതയുള്ള നിറങ്ങൾ ഉത്സാഹമില്ലാതെ എടുക്കുന്നവരാകുന്നതെന്ത്?

കുഞ്ഞുങ്ങൾക്ക് മനസുനൊന്താലവരത് ഓർത്തിരിക്കും.

അതിനു മീതെയുള്ള ഉറപ്പില്ലാത്തൊരു മൂടലാണ്  പിന്നീടുള്ള ദിവസങ്ങൾ.

കാല ദൂരങ്ങൾ വെച്ചളക്കുമ്പോൾ  

അതിനു കട്ടിയുണ്ടെന്നു തോന്നിയേക്കും.  

ഒരു സമയ വിഭ്രാതിയാണത്.

എങ്കിലുമവർ നേരത്തിനെ സ്നേഹസാന്ദ്രമാക്കും.

സങ്കോചമില്ലാത്തൊരടുപ്പത്തിൽ കണ്ണുകൾ മുങ്ങിപ്പോവും.

അറിയാനുള്ള വെമ്പലിൽ വലിയ വർത്തമാനം പറയും, കുഞ്ഞുങ്ങൾ.

ബലപ്പെടാത്ത ഭാഷകൊണ്ട് അത് മുതിർന്നവരെ ചിരിപ്പിച്ചേക്കാം.

ചുറ്റുമുള്ളവരുടെ വായകൾ ആകൃതികെട്ട്  ചലിക്കുന്ന കാണുമ്പോൾ,

ആ വായിൽനിന്നു സാമാന്യ വിരുദ്ധമായ ശബ്ദങ്ങളുണ്ടാകുമ്പോൾ 

കുഞ്ഞുങ്ങൾക്കെന്താവും  തോന്നുക?

തർക്കിച്ചു ജയിക്കാനൊക്കാത്ത കൊണ്ടല്ലേ മൂത്തൊരൊക്കെ കയർക്കുക ?

കുഞ്ഞുങ്ങൾ ശല്യക്കാരാണോ ?

നീക്കുപോക്കുകൾ അവർക്ക് പരിചിതമല്ല.

ചോദ്യത്തിന് ഉത്തരം:

അവർക്കു ദഹിക്കുന്ന, തൃപ്തിയുള്ള ഉത്തരങ്ങൾ.

പ്രകടിപ്പിക്കലിലൂടെ മാത്രം മനസിലാവുന്ന സ്നേഹം.

ആഹാരം.

കുഞ്ഞുങ്ങൾ സ്വയം നീതിയുള്ളവരും, പായുന്നവരുമാണ്.

ആർക്കും എളുപ്പത്തിൽ കണ്ടെത്താനാവാത്ത തൃഷണയുടെ  പുറ്റാണ്  കുട്ടികാലം.

വ്രണപ്പെട്ടാലും അത് വളരും.

കുഞ്ഞുങ്ങൾക്ക് നല്ല ഉടുപ്പുകളുണ്ടാകട്ടെ .

അനുവദിച്ചില്ലെങ്കിലും സ്വതന്ത്രരാവാൻ 

അവരുടെ എല്ലുകൾക്ക് ബലമുണ്ടാകട്ടെ.

Monday, 18 January 2021

 ചീലപ്പേൻ 


മുടിക്കുള്ളിൽ നിന്ന് കുപ്പായങ്ങളിലേക്ക് പെരുകിയ ചീലപ്പേൻ.

സർവത്ര ചൊറിച്ചിലായേ പിന്നെയെ 

എല്ലാരും ശ്രദ്ധിക്കൂ.

അപ്പോഴേക്കും ലക്ഷം കോടി പേനുകൾ.

ലക്ഷം, കോടി പേനുകൾ!

നിഴലുകൾക്ക് നീളം വെക്കാനിടമില്ലാതെ 

ചേർന്നിരുന്ന് പെണ്ണുങ്ങൾ ചീല കുടയാൻ തുടങ്ങി.

നെരിപ്പോടിലേക്ക്,

വിഴുവിഴുത്ത  ഗൾഫു പാവാടകൾ ശക്തിയിൽ ഇളകി.

പേന് തീയിൽ പൊട്ടുന്ന കേട്ട് എല്ലാരും തൊള്ളയിലെത്താത്ത ശബ്ദമുണ്ടാക്കി.

വിശപ്പു മറക്കാൻ ആഞ്ഞാഞ്ഞു പേൻ തപ്പി,

കണ്ണ് കൂർത്ത്,  തല മിന്നും വരെ. 


തോട്ടുവക്കിലാളുകൂടിവന്നു.

ഇരന്നെടുത്ത സോപ്പു തുണ്ടിന്മേൽ 

വഴക്കടിച്ചവർ കണ്ടാ മിണ്ടാതെയായി.

"നിന്റെ കെട്ടിയോൻ പിഴ്ത് ചേമ്പെല്ലാം 

നാട്ട്കാര് പെണ്ണുങ്ങക്ക് വീതംവെച്ചെന്ന് കേട്ടല്ലാടീ"

"അത് കടം വീട്യതാണക്കാ".

"നല്ല  പാടായി... ദേ പമ്മിയിരിക്കണൊരീര്!"

മറുതുണിയില്ലാതെ പെണ്ണുങ്ങൾ 

നനവൂറിയതിട്ട്, പുണ്ണ് പിടിച്ച് 

ചീലപ്പേനിനെ പ്രാകി .

റേഷൻ കിട്ടിയ തുണി 

കാലത്തുണങ്ങിക്കിട്ടുമോ എന്നൊരാധി.

അതിൽ പെരുകിക്കിടക്കുന്ന പേൻ കുഞ്ഞുങ്ങളെ ആർക്കുമിളക്കാനാവില്ല.

വെള്ളം തൊട്ടപ്പോൾ തെളിഞ്ഞ കരപ്പനിടയിൽ 

ശ്രദ്ധയോടെ പതുങ്ങിയിരുന്ന് പേനുപെറ്റ്.

എല്ലാ സംസാരങ്ങളുമതിൽ വന്നു തെന്നി.

ഉടുപ്പൂരി എറിയാൻ എല്ലാരും ആഗ്രഹിച്ചു.

"ചെലപ്പോ പിരിയത്തും, കണ്ണിന്റെ പോളേലും പെരുകും.

അമ്പോ! ആർക്കും കാണാൻ കിട്ടൂല്ല!

കൂർപ്പിച്ച നഖം കൊണ്ട് ചോരണ്ടിക്കളയണം."


പതിയെ എപ്പഴോ ചീലപ്പേൻ കാലം വരാതായി.

ഉടുതുണി കിട്ടിത്തുടങ്ങി. 


പറ്റിയിരിക്കുന്ന ചെറുതെന്ത് കണ്ടാലും 

അമ്മ ഓർക്കും, നാശം പിടിച്ച ചീലപ്പേനെ പറ്റി.  

കേട്ടിരിക്കുന്നവരുടെ ചുണ്ടുകൾ വശങ്ങളിലേക്ക് തളരും.


 "ഏറ്റവും വൃത്തി മൗനത്തിനു തന്നെയാണ്. വാക്കിൽ പകരുമ്പോഴേയ്ക്കും എല്ലാം എച്ചിലാകുന്നതു പോലെ"


അറിയാത്ത ഭാഷയിലുള്ള പാട്ടുകൾ കേൾക്കുന്ന ശീലമുള്ളവർ,

അവർക്കുള്ളിൽ 

പുറത്തുകടക്കാൻ വഴികളനുവദിക്കപ്പെടാത്ത മനുഷ്യന്മാരുണ്ട്.

കേടുപാടുകളില്ലാതെ പ്രവർത്തിക്കുന്നൊരു അവയവം പോലെ 

ആയാസരഹിതമായ വേദനയുടെ ഒരോഹരി.

മനസിലാകുന്ന വാക്കുകളുള്ള   സംഗീതം 

മുറിപ്പെടുത്തുന്നതെന്ത്, അറിയാതെ.

മറിച്ചാണെങ്കിലോ?

എഴുത്ത്‌ ഭാഷയുടെ ഇടനിലയില്ലാതെ 

സംഗീതം അതിന്റെ  സൂക്ഷ്മാർത്ഥത്തിൽ 

സ്വകാര്യമായതിലേക്ക്,

ആരെയും കടത്തിവിട്ടിട്ടില്ലാത്ത ഹൃദയവാൽവിലേക്ക് 

പൊടുന്നനെ പ്രവശിക്കുന്നു.

അതിന്റെ തുറസിന് ക്രമമില്ല: 

സമയവുമായുള്ള  ഒരു കേവല പരിശീലനം.

വേദനയുടെ അണക്കെട്ടിന്റെ അടിവശത്ത് കാറ്റ് കടക്കുന്നു.

വീണ്ടും വീണ്ടും അതേ പാട്ടുകൾ കേൾക്കുന്നു.

പാത്രം മെഴുക്കുമ്പോൾ,

വെറുതെയിരിക്കുമ്പോൾ,

തുണിയലക്കുമ്പോൾ,

ഉറങ്ങുമ്പോൾ, 

ചായകുടിക്കുമ്പോൾ. 

അങ്ങനെ,

രഹസ്യമായി നിങ്ങൾക്കൊയൊരു പശ്ചാത്തല സംഗീതമൊരുങ്ങന്നു.

വൈകുന്നേരത്തെ നടത്തത്തിൽ,

 ഓ. പി  ടിക്കറ്റിനായുള്ള ക്യുവിൽ 

വീട്ടു വഴക്കുകൾ കഴിഞ്ഞുള്ള ഇരിപ്പിൽ 

കുഞ്ഞുങ്ങളെ നോക്കി പാർക്കിലെ സ്റ്റീൽ കമ്പിയുടെ തണുപ്പിൽ-  ചാരിനിൽക്കുമ്പോൾ 

പതിയെയാണെങ്കിലും ഒറ്റയ്ക്കല്ലാതാകുന്നു.

ചിലരുമായി ആ പാട്ടുകളിൽ പലതും പങ്കുവെക്കും.

അപ്പോഴൊക്കെ,

നിങ്ങൾക്കനുകമ്പയുണ്ടാകും.

സാക്സോഫോണോ, സിത്താറോ  നേർത്ത് കിടക്കും.


മൗനവുമായി ഏറ്റവുമടുത്ത്  നിൽക്കുന്നതിനേ 

നിങ്ങൾക്കിറ്റ് സൗഹൃദം നൽകാനാവൂ.

വാക്ക് തിരിയാത്ത സംഗീതം കേൾക്കുന്നവർ.

വാക്ക് തിരിയാത്ത സംഗീതം കേൾക്കുന്നവർ,

സാധാരണയിൽ കൂടുതൽ 

നിഴലനക്കങ്ങളിൽ അതിശയമുള്ളവരാകും.


Thursday, 17 December 2020


conversations; fading and fragile (2)


തള്ളവിരലിൻ്റെ നടുക്കായി സമയമെടുത്ത്‌ പാകപ്പെട്ടൊരു പുണ്ണ്.

അതിൽനിന്നു വെടിച്ചു പൊട്ടിയ നീരിൻ്റെ കൊഴുപ്പ്.

ഉള്ളിൽ അനക്കമില്ലാത്തൊരു സമുദ്രം.

അഴലിന്റെ ഭാരമുള്ളൊരു കിണർ 

ഇത്രയും കാലം ഇതെങ്ങിനെ മറഞ്ഞിരുന്നു ?

കല്ലിച്ചു കിടന്ന മറുപടികളെപ്പോലത് 

കാലംതെറ്റി നീറി.

അടുപ്പങ്ങളെപ്പറ്റി, ഒരേ തീഷ്ണതയിൽ എത്ര നേരം ആലോചിച്ചിരിക്കാൻ കഴിയും?

എരിക്കിൻ പൂവ് പൊട്ടിച്ച പോലെ 

തലച്ചോറിനെ ചേർത്തുനിർത്തുന്ന 

പേരറിയാത്ത കെട്ടുകൾ അയയുന്നു.

അറിയിപ്പില്ലാതെ കടന്നുവരുന്ന 

നിശ്ശബ്ദതയ്ക്ക്  നിറമുണ്ടെങ്കിൽ അതേതാകും?

വാക്കുകൾ ശ്രദ്ധിച്ചടുക്കുന്നില്ലെന്ന് 

 ടണലിൽ മണ്ണെണ്ണ മണക്കവേ ഓർമ്മപെട്ടു.


എന്നെക്കാൾ ചെറുപ്പം തോന്നിക്കുന്ന സുഹൃത്തിനെ ഉടനെ വിളിച്ചു.

    -കവിതയെ, അതായിരിക്കെതന്നെ,  എങ്ങനെയാണ്  ഘടന മാറ്റിയെഴുതുക, ഭംഗിയൊന്നും ചോരരുത്.

    -നീയെനിക്കൊരു അഞ്ചുനിമിഷം തരണം. ചുമരാകെ അടർന്നിട്ട് ഞാൻ പെയിന്റ് അടിക്കുകയാണ് . 

പരുങ്ങിപ്പോയ ഒരതിഥിയെപോലെ ഞാൻ ഞൊടിയിൽ ശബ്ദം താഴ്ത്തി. കവിതയുടെ ഘടനയെപ്പറ്റി പിന്നീടൊരിക്കലും സംസാരമുണ്ടായില്ല. അതിനൊരു രസമുണ്ട്.

ഒരു യാത്രയ്ക്ക് ഒരുങ്ങുന്നവർ . ദൂരയാത്ര ഞങ്ങളുടെയൊരു ശ്രമമായിരുന്നു. 


    -ദൂരമൊരാപേക്ഷിക വ്യാകുലത അലേടീ

    -അകലമോ? അകലം ഉള്ളതാണ്.

    -ഭാഷ ഒരു പ്രശ്നപെട്ട സംഗതിയാണ്. മനുഷ്യർക്കാർക്കും സ്വയിരം  കിട്ടാത്തത് ഭാഷയില്ലാഞ്ഞിട്ടാണ്. 

    -നമ്മൾ ആദ്യമായി കെട്ടിപ്പിടിച്ചതോർക്കുന്നുണ്ടോ? അതിനു തൊട്ടുമുന്നെ നോക്കിയ നോട്ടത്തിലുള്ളതെന്തായിരുന്നു? ശരീരങ്ങളെ വലിച്ചടുപ്പിക്കും വിധം ആർദ്രമായൊരു ഉരുകൽ  സാധ്യമാകുന്നതതെന്താണ് ?

    -മ്മ്. അതിനുശേഷം അത്രമേൽ പ്രിയപ്പെട്ടൊരു നിമിഷം എനിക്കുണ്ടായിട്ടില്ല.

    -ഒരിക്കൽ, നമ്മൾ പകലുറക്കം ശീലിച്ചതിനു വളരെമുമ്പ്, ഞാൻ  കടൽക്കരയിലിരിക്കുമ്പോൾ പൊടുന്നനെ മഴപെയ്തു. വെയിൽ ഒട്ടുമേ പോയിട്ടുണ്ടായിരുന്നില്ല. അപ്പോൾ എവിടുന്നെന്നറിയാതെ ആ നിമിഷം ഞാൻ അനുഭവിച്ചു. അത് നമ്മളിലേല്പിച്ചതെന്തോ അതറിഞ്ഞു.കുറെയേറെ കരഞ്ഞു.

    -ഭൂതകാലമില്ലെങ്കിൽ നമ്മളെവിടെപോയി ജീവികുമായിരുന്നു? 


ഒരു ഫോൺകാൾ വരുന്നു.   

ചിട്ടിക്കാശ്  അയയ്ച്ചുകൊടുക്കാൻ ഓർമ്മിപ്പിച്ചുള്ള അമ്മയുടെ രണ്ടാമത്തെ വിളിയാണിത്.

ഞാൻ അമ്മയുടെ ലോകത്തെപ്പറ്റിയോർത്തു.

അമ്മ സദാ എന്റെയും.

ഞങ്ങളുടെ വളർത്തുപൂച്ചയുടെ  ചെടിത്തയ്ക്കൾ നശിപ്പിക്കുന്ന പുതിയ ശീലം പറഞ്ഞ് അമ്മ അതിനോട് ദേഷ്യപ്പെട്ടു.

ഞാൻ ചിരിച്ചു.

തീവണ്ടിയിലെ ഭക്ഷണത്തെപ്പറ്റി ഞങ്ങൾ പരാതി പറഞ്ഞു.


    -ഭാഷയുടെ അപര്യാപ്തതയെ എടുത്തുപറഞ്ഞുകൊണ്ടാണ് ആരും ആഴത്തിലുള്ള എന്തിനെയും വിവരിക്കുക.

    -"അത് പറഞ്ഞറിയിക്കാനാവാത്ത" അങ്ങനെ അല്ലെ 

    - അതെ.

    -ഞാൻ ആലോചിക്കാറുണ്ട്, വേദന, പെയിൻ-  അനുഭവം, അതിൽ നിന്ന് ഓർമ പിന്നീട് അത്  ഭാഷയിലൂടെ പുറത്തു വരുന്നു. ഭാഷ വെർബൽ  മാത്രമല്ലേ.  അപ്പോളൊക്കെ അതിന്  എന്താണ് സംഭവിക്കുക? യു നോ വാട്ട് ഐ മീൻ, ഇതിന്റെയൊക്കെ പകർപ്പിന്റെ ഒരു സ്വഭാവം നമ്മൾ കാര്യത്തിലെടുക്കുന്നുണ്ടോ?

    -ഓർത്തെടുക്കുക്ക എന്നാൽ  റീകളെക്ഷൻ മാത്രമല്ല. ജീവിതത്തിൽ ഉണ്ടായ എല്ലാ അനുഭവങ്ങളുടെയും തിരിച്ചറിവിന്റെയും വീഴ്ചയുടെയും സൗന്ദര്യത്തിന്റെയും ശരീരാവസ്ഥയുടെയും ഒക്കെ പശ്ചാത്തലത്തിൽ പുതുക്കുന്ന എന്തോ ഒന്നാണ് ഓർമ. മനുഷ്യൻ്റെയുള്ളിൽ മറ്റൊരു മനുഷ്യൻ.

    -അതെ കഴിഞ്ഞു പോയ ഒന്നേയല്ല അത്. 

    -ഓർമ ശരീരമാണ്.

    -മ്മ് . എനിക്ക് നന്നേ വിശക്കുന്നുണ്ട്.

 ഞാൻ ഓറഞ്ച് പൊളിച്ചു.

    - ദസാൽ പറഞ്ഞതോർക്കണില്ലേ..

    -യെസ്. "I am a venereal sore in the private part of language".

ഞങ്ങൾ ചിരിച്ചു. വയസേറിയ ഒരു ചിരി.


ചുളിഞ്ഞ കടലാസുപോലെ ഞങ്ങൾ രണ്ടാളും ചേർന്നിരുന്നുറങ്ങി. കുഞ്ഞുങ്ങൾ  കൊഞ്ചുന്നകേട്ടു. അനാവശ്യമായി ഞാൻ ബാഗ് മുറുക്കിപ്പിടിച്ചിരുന്നു. ആ പിടി അയയുമ്പോളൊക്കെ ഞാൻ ഉണർന്നുപോന്നു.