Friday, 18 November 2016



എന്റെ ശവം
പോതുദര്‍ശനത്തിന് വയ്ക്കരുത്.
ശ്വാസം നിലച്ച്,
കണ്ണടഞ്ഞ്
ആനന്തത്തിലാഴ്ന്ന നിമിഷം
മണ്ണിലാഴ്ത്തി
വേര് പൊടിപ്പിച്ച്
മുകളിലായൊരു
കുഞ്ഞു കനകാംബരം നടണം.
എന്റെ സത്ത ഊറ്റിക്കുടിച്ച് വളരാന്‍ പോന്ന
കുസൃതി നിറഞ്ഞ ഒന്ന്.
അതില്‍ നിറയെ
മഞ്ഞപ്പൂമ്പാറ്റകള്‍ പറക്കണം.

വിളറിയ വെളുപ്പ്‌.
ആത്മരതി.
ഭോഗിക്കപ്പെട്ട സ്വപ്നങ്ങളുടെ
നീണ്ട പകലുറക്കം പോലെ
മരണം.
കൊന്നൊടുക്കി,ഏച്ചുകെട്ടിയ
റീത്ത് വയ്ക്കെരുതെന്നപേക്ഷ.
വാടിയ പൂമണം ചൊരുക്കാണെനിക്ക്.
കടം കിട്ടിയ പുസ്തകങ്ങള്‍
ആളൊഴിയും മുന്‍പേ
തിരികെക്കൊടുക്കണം.
തുറക്കാനറച്ച പേന
ശര്‍ദിച്ചുവെച്ച വാക്കുകള്‍
കൊടുക്കാനുറച്ച പ്രണയം
എന്നോടൊപ്പം നശിക്കട്ടെ.
എന്റെ തണുപ്പോര്‍ത്ത്,
കഥകള്‍ കുമിഞ്ഞ്‌
തിരക്കിനിടയില്‍ ഒറ്റയ്ക്ക് നില്‍ക്കുന്നവനെ
ചികഞ്ഞുപിടിച്
ശവം കാട്ടരുത്.
ഒരു പൊട്ടിച്ചിരിയുടെ കനത്തോടെ
ഞാനുണര്‍ന്നുപോകും.

മഴയുള്ള ദിവസമാണെങ്കില്‍
മഴ തൊടീക്കുക.
നിരത്തിലേയ്ക്ക് വെമ്പുന്ന
വിരലുകളെ
കൂട്ടിക്കെട്ടരുത്.
ഇളം നീലകൊണ്ട് പൊതിഞ്ഞ്
നോട്ടങ്ങള്‍ കൊണ്ട് നനയിക്കാതെ
നിലവിളികൊണ്ടശുദ്ധമാക്കാതെ
ശാപത്തിന്റെ വായ്ക്കരിയിട്ട്
ഒഴുക്കുക.
മണ്ണ് മടുപ്പുപോലെ മൂടട്ടെ.
ഒച്ചയുണ്ടാക്കാതെ,
ഇറ്റ് ശ്വാസത്തില്‍ സമാധി.

No comments:

Post a Comment