വളരെ കാലത്തിന് ശേഷം അനുഭവപ്പെട്ട അസ്വസ്ഥതയുടെ കാരണം, തന്നെത്തന്നെ ബോധ്യപ്പെടുത്താനാവാതെ സ്വസ്തി ഞെരങ്ങി.അഴക്കയം പോലെ ഭയപ്പെടുത്തുന്ന മൌനത്തിലും, എകാംഗിയുടെ നിഷേധതിലും, നിലാവ് പരക്കുന്നത് ഭ്രാന്ത്പിടിപ്പിക്കാനാണെന്ന് ദീര്‍ഘനേരത്തെ ആലോചനയ്ക്ക് ശേഷം അവള്‍ കണ്ടെത്തുകയായിരുന്നു. മയങ്ങിക്കിടന്ന കവിള്‍രോമങ്ങളെ ചൂടുപിടിപ്പിച്ചുകൊണ്ട് കണ്ണീര് ഒലിച്ചിറങ്ങി. ഓര്‍മ്മകള്‍ വരിവെച്, അടക്കത്തോടെ പായുന്നു. ചിലതൊക്കെ മാറ്റിയടുക്കാന്‍ തോന്നുന്നു. മുഖങ്ങള്‍ക്കൊക്കെ എന്തൊരു തെളിച്ചം. വാക്കുകള്‍ക്ക് അശുദ്ധി.ബോധ്യങ്ങള്‍ക്ക് മങ്ങലിന്റെ ചിതലിപ്പ്. ഏറെനേരം, കഴിഞ്ഞുപോയ കടല്‍ദൂരങ്ങളെപ്പറ്റി ഓര്‍ത്തിരിക്കാനുള്ള കെല്‍പ്പില്ലാത്തത് കൊണ്ടായിരിക്കണം, ടെറസ്സിന്റെ ഇരുട്ടില്‍ സ്ഥിരം ഇരിക്കാറുള്ള ചൂരല്‍കസേരയില്‍നിന്ന്, നക്ഷത്രങ്ങള്‍ പുള്ളികുത്തിയ, തനിക്കുമേലെ പോട്ടിവീഴാന്‍ ശ്വാസംപിടിച്ചുനില്‍ക്കുന്ന ആകാശപ്പരപ്പിലെക്ക്, അവള്‍ പറന്നു പോയി. മാലാഖയെപ്പോലെ സാരിത്തുമ്പ് നാലുപാടും പറന്നാടി. മുഖം, കാണാനാവാത്ത എന്തിനെയോ എത്തിനോക്കും വിധം മുകളിലേയ്ക്കുയര്‍ത്തി, ശാസ്ത്രത്തിന്റെ എല്ലാ കണക്കുകളെയും വകഞ്ഞുമാറ്റി, സ്വസ്തി മുകളിലേക്കുയര്‍ന്നു. താഴെ ഭുഗോളം, എറിഞ്ഞുവീഴ്ത്തിയ ഗോട്ടി പോലെ കാണാനാവാതെ പൊന്തക്കാട്ടില്‍ പതുങ്ങികിടന്നു.
No comments:
Post a Comment