Saturday, 3 August 2019

ഞാനൊരൊറ്റ നിഷേധംകൊണ്ട് പരുവപ്പെട്ടു.
വീടുവിട്ടിറങ്ങുകയും
വീട്ടിലേക്ക് ശരീരമില്ലാതെ
നിരന്തരം തിരിച്ചു കയറിച്ചെല്ലുകയും ചെയ്തു.
തൊലി, താഴേയ്ക്കൊഴുകുന്ന ഒഴുക്കുവെള്ളത്തിന്റെ ആയാസത്തിൽ
ധൃതിപിടിച്ച്‌ വരണ്ടു.
ഫോണിൽ വലിയ വലിയ
മെസ്സേജുകൾ എണ്ണമറ്റയച്ചു.
എ. ടി.എം പരതി തൽക്കാലത്തിനുള്ളത് വലിച്ചു.
ആവശ്യത്തിന് അടിവസ്ത്രങ്ങൾ എടുത്തോ എന്ന്
ആധിപ്പെട്ട് ആലോചിച്ചു.

വീട്,
അനാവശ്യമായൊരു വാക്ക് കവിതക്കുള്ളിൽ
കുടുങ്ങിയപോലെ പരുങ്ങി.

ഷിഫോണിന്റെ കനംകുറഞ്ഞ സ്പർശം പോലെ
മുലകളിലേക്ക് എല്ലാവരും നോക്കുമെന്നു
സ്വയം ഒന്നോർത്തു
നീണ്ടുനിൽക്കാൻ കെൽപ്പുള്ളൊരു സ്വപ്നം പോലെ
തീവണ്ടിയിൽ കയറി
ദൂരദേശത്തെ ഏതെങ്കിലും പണിസ്ഥലത്തു
കുറഞ്ഞ ശമ്പളത്തിലായാലും
അന്തസായി ജീവിക്കണം.

ഒരു കൂട്ടുകാരിയെ കിട്ടും.
വിശപ്പാറി, ദിനം പത്രം വായിച്ച്‌ ജീവിക്കും.

അവിടെയും ഞാനൊരു വീട് കെട്ടും.
വീട് വളർന്നാൽ,
പടർപ്പ് പോലെ ശ്വാസകോശത്തെ പൊതിഞ്ഞാൽ
വീണ്ടും ഒരൊറ്റ നിഷേധത്തിൽ ഞാൻ പരുവപ്പെടും.
ഉണരുമ്പോൾ ഉത്തരം കണ്ടെണീക്കരുതെന്ന്
നേർത്ത തണുപ്പുള്ള
എണ്ണയും അഴുക്കും  പാടകെട്ടിയ
തലയിണയിലേക്ക്
സമയത്തെ  അടക്കം ചെയ്യുമ്പോൾ
ഞാനോർത്തു.

ഒറ്റക്കുതിപ്പിന്,
ആയ്ക്കാതെ,
സ്വയം ഒരൊറ്റമുറിയാവാനൊക്കുമോ ?
തീരെ കലഹിക്കാതെ.





Friday, 5 April 2019

അതി വിരസമായി ജീവിക്കുന്നതിനിടെയാണ്
മലർന്നു നീന്തുന്ന കണക്കെ
നട്ടെല്ലിന് കുറുകെയെന്നോണം
പനിപിടിക്കുന്നത്.

ചുറ്റും
വെളിപാടിന്റെ ആക്കം പോലെ
ഓറഞ്ചു മണക്കുന്നു.

സാവധാനത്തിലല്ലാതെ ഇടപെടാൻ കഴിയാത്ത
ഒന്നാണ് ഓറഞ്ച്.

കലശലായ പനിയിലും
നിങ്ങളാ  മണത്തെ ഊറ്റിക്കുടിക്കുന്നു.
നാവിലൂടെ,
നിങ്ങൾ നീരുള്ള ഒരു നിറമായി മാറും.
ധിറുതിയൊട്ടുമില്ലാതെ പരക്കും.

കിടക്കയിലും പരിസരത്തും ഓറഞ്ച് തൊലികൾ
മാറ്റപ്പെടാതെ വിതറിയിരിക്കുന്നു.
നിങ്ങളൊരു ഓറഞ്ച് ഉന്മാദിയായിരിക്കുന്നു.

ഇതുവരെ ഞാനൊരു ഓറഞ്ച് മരം കണ്ടിട്ടില്ല.
തിരക്കുള്ളടത്തൊന്നും  ഓറഞ്ച് മരങ്ങൾ വളരില്ലെന്ന്
ദീർഘകാലം,
അല്ലാ, ഇപ്പോഴും ഞാൻ വിശ്വസിച്ച്‌  പോരുന്നു.
ഒരു സ്വപ്നം കണക്കെ
രേഖപെടുത്താനിടമില്ലാതെ
അത് അയഞ്ഞ് കിടക്കുന്നു.

ഓറഞ്ച് തിന്നുന്നതിലൊരു ഒളിഞ്ഞു നോട്ടമുണ്ട്.
തൊലി പൊളിക്കുന്നു.
തുപ്പല് തൊട്ട  ഓറഞ്ച് കുരുക്കൾ
പെട്ടെന്ന് സാധുക്കളായി
വഴുവഴുപ്പിന്റെ വിനയത്തിൽ
ഇണങ്ങാതെ തെന്നി മാറുന്നു.
പിടുത്തം കിട്ടാതെ ആയത്തിൽ  തുപ്പുന്നു.
ഓറഞ്ചു തിന്നുന്നു.

നിങ്ങൾക്ക് പൊളിച്ചു മാറ്റാനാവാത്ത എന്തോ ഒന്നുണ്ടെന്ന്
അനന്തരം തോന്നിക്കുന്നു.
ഓറഞ്ച്,  അക്ഷരം പോലെ, നിങ്ങളെ ചിതറിക്കുന്നു.
നിങ്ങൾ വേർപെടുന്നു.

Sunday, 17 February 2019


ഒറ്റയടിക്ക് ഇല്ലാതായിപ്പോകുന്നത്ര ആഴത്തിൽ   ഒരു ചിന്ത.


ഒറ്റയടിക്ക് ഇല്ലാതായിപ്പോകുന്നത്ര ആഴത്തിൽ
ഒരു ചിന്ത.
മീനെടുക്കുന്ന കൊഴുത്ത തുപ്പലുനോക്കി നിന്ന കുഞ്ഞ്,
ഭംഗിയായി അലങ്കരിച്ച ഒരൊറ്റ ബിന്ദുവിൽ കുടുങ്ങിപ്പോയിരിക്കുന്നു.
തനിക്ക്  നേരെ ഓങ്ങിയ കത്തിമുന.
അത് പാഞ്ഞടുക്കുന്നതിനും
തൊലി തോടുന്നതിന് തൊട്ടു മുന്നേ,
അപകടത്തിന്റെ ബോധ്യം തലയിടുക്കിലേയ്ക്
തള്ളിക്കയറുന്നതിനും മുന്നേ,
ഒരൊറ്റനിമിഷം,
നിങ്ങളൊരു ബിന്ദുവാകുന്നു.
വീതികുറഞ്ഞൊരു സ്വപ്നത്തിലേക്ക്
ഉറങ്ങി വീഴുംപോലെ
നേർത്തു പോകുന്നു.
മണങ്ങളോട്  വെറുപ്പും
ആഴങ്ങളോടസൂയയും തോന്നുന്നു.
തീരെ നിനച്ചിരിക്കാതെ
നിങ്ങളപൂർണമാവുന്നു.
ഒരു പെല്ലറ്റ്
കാലത്ത് സ്കൂളിലേക്കു പായാനാഞ്ഞ കുട്ടിയെത്തേടി
ഒട്ടും സാവധാനമല്ലാതെയെത്തുന്ന പോലെ
നിങ്ങളുടെ ലോകം തീരുന്നു.
വളരെ നീണ്ടൊരു കാവ്യം പോലെ
എവിടെയെങ്കിലുമൊടുങ്ങി വിശ്രമിക്കാൻ
ഏങ്ങുന്നു.
കൊഴുത്ത തുപ്പൽ ബിന്ദു, ഘോഷയാത്രയ്‌ക്കെടുത്ത
മാനത്തുകണ്ണികൾ.
സമയത്തിനും, വെളിച്ചം കുത്തുന്ന  ആകാശത്തിനും
ഇടയിൽ
കപ്പൽഛേദം  കണക്കെ,
മലർന്നു നീന്തുന്നുവെന്നല്ലാതെ ,
അനക്കത്തിന്റെ യാതൊരു തെളിവുമില്ലാതെ നിങ്ങൾ.
ഭൂപടത്തിന്റെ മാതൃക
ഒഴുക്കുവെള്ളത്തിൽ ഇല്ലാതാകുന്നത് കാണുന്ന നിസംഗത.
നൃത്തം ചെയുന്ന,
ജലത്തിൽ സദാ നൃത്തം ചെയ്യുന്ന,
തായ്ത്തടിയുടെ നിഴൽ.
തൊണ്ട പൊട്ടുമാറ്  പുറത്തേയ്ക്കായുന്ന
അവസാനത്തെ കരച്ചിൽ
അതിനു രൂപം നല്കാനാവാതെ നാടുവിടുന്ന വേദന.
ശൂന്യമാവലിന്റെ അവസാനത്തെ വിശേഷണം.



Sunday, 27 January 2019


 a sudden flow.

solitude is a strange sensation. like sitting all alone on the cold floor of a local train. staring nowhere and lost in a floating crowd.  The roaring sound of Monday market. kids, along with their mothers happily sorting rotten onions. through the same street, university students march towards big bazaar to buy bananas. gentle, unexpected rain on a dull winter evening. sweating, i loosened my bra. rain looked like those strange thin ladders Amma carried on her pointing finger. it smelled of tasteless vegetables. a deep metaphor for collapsed uterus. the screaming silence of Amma’s old Usha-Tailoring machine. endless stories of hunger. Aanjili tree near our well. i wish I could die in that deep waters, where Ponmaan used to live. solitude is a strange sensation. I drew a line, shapeless, connecting my beings. a tiny map of belongings. fingers, like flamingo dancers, searched for love. the skin of earthworms. all these made me wait for the momentary sublime of death. hooked waters.
a sudden dream, like expected poetry. unfinished. but polished like a feather.
i have a strange relationship
with water.
coloured depths.
i can even smell it.
strange fragrance.
ulcer pains.
unsent postcards.
the barren land and an aged buffalo
Ammoomma demanded from that bastard.
all cured with the touch of water.
i could forgive the wetness in my grave.
it connects.
most probably
with women who are rivers*,
deep and floating.








(*
 thank you.)