Monday, 9 October 2017

ശ്വാസം കിട്ടാതെ ഒരു കണ്ണ് മരണപ്പെടുന്നു




ശ്വാസം കിട്ടാതെ ഒരു കണ്ണ് മരണപ്പെടുന്നു.

“The years are dead! I’m twenty
...mixing blood with mud
Memory with memory
I am still alone”

ഉടുപ്പ് കുടഞ്ഞു മാറ്റിയ വരികള്‍.
 തീഷ്ണമായ ഒരു കവിത വായിച്ച്‌
രക്തവും മജ്ജയും ഉരുകുന്നപോല്‍


തളിരില വെടിപ്പിലേക്
ചെമ്പരത്തിമൊട്ട്
ഈഴ്ന്നിറങ്ങുമ്പോള്‍
നിങ്ങള്‍ക്കെങ്ങനെയാണ്
കണ്ണുകളിലേക്ക് നോക്കാതിരിക്കാനാവുക?

പൊളിഞ്ഞിളകിയ നഖങ്ങളിലേക്ക്
നോക്കിയപോലെ.
അടര്‍ന്നു തൂങ്ങിയ ചെവി
കണ്ടപോലെ.
കൃഷ്ണമണി ഏങ്ങുന്നു.

മുറിക്ക് പുറത്ത് സമുദ്ര പ്രവാഹം പോലെ
ഒരു കുഞ്ഞിന്റെ കരച്ചില്‍
പലവര്‍ണങ്ങള്‍ കണ്ടുകൊണ്ട്
മുറുക്കെ പൂട്ടിയിരിക്കുന്ന
കണ്ണിന്റെ പീലി മെനഞ്ഞ്
ശവക്കച്ച ഉണ്ടാകുക.
കൊടിപ്പൊക്കങ്ങളില്‍
ചൂണ്ട കുരുക്കിയപോലെ
കുത്തിയുയര്‍ത്തിയ കണ്ണുകള്‍
കൊല്ലപ്പെട്ടവയാണ്.
അവ ചലിപ്പിക്കുന്ന ശരീരങ്ങള്‍
യുക്തി ഭദ്രമായൊരു ശവക്കുഴിയില്‍ അടക്കുക.


കവിതകള്‍ വായിക്കാറുണ്ടോ?
കണ്ണ് കലങ്ങി.
കുമ്പസാരത്തിന്റെ മൂര്‍ച്ചയില്‍
കണ്ണ് കവിതയോട് പറഞ്ഞു
"നമ്മള്‍ സ്വപ്നം കാണുന്നോ?"
കവിത 'അ' എന്നുച്ചരിച്ചു.

“ If we had shared the dust
There would be no misgiving”

ശ്വാസം കിട്ടാതെ ഒരു കണ്ണ് മരണപ്പെടുന്നു.

Sunday, 20 August 2017

മണ്ണിന്‍റെ നെറത്തില് ഒരു അജന്ത ക്ലോക്ക് ഉണ്ടായിരുന്നു.

Thursday, 10 August 2017



Amma deseeded all the pomegranates
with narrowed routes within.
She sat on the cement floor.
wore an onion-smelling nighty
and made a small hill of pomegranate seeds
on a floral-print plate.
we ate all of it. 

Amma ate none
except for one or two seeds
scattered over the floor.
we won’t eat it, of course.
 because of the dirt.

even after these many years,
i can smell those red seeds. 

Saturday, 5 August 2017

ഇഴഞ്ഞിഴഞ്ഞ്‌ പോകുന്ന
കുഞ്ഞു ജന്തുക്കളുടെ നിഴലുതട്ടി
ആഞ്ഞിലി വേരുകള്‍ നിലയറ്റു.
അഞ്ചു മടക്കുള്ള നരച്ച കുടക്കമ്പിയില്‍നിന്നും
കടുംമഞ്ഞ കുപ്പായങ്ങളിട്ട
പ്രേതങ്ങള്‍ വാരിയെല്ല് പണിതു.
പഴുത്ത പ്ലാവിലയുടെ വെയില്‍ തട്ടിയ ഇടങ്ങളില്‍
നീറിന്റെ ഞരമ്പുകള്‍ തെളിഞ്ഞു.
അരഞ്ഞു തേഞ്ഞ അമ്മിക്കല്ലിലെ
കഥകളൊക്കെ ഓപെറ ഗാനത്തിന്റെ
ഉച്ചസ്ഥായിയിലുള്ള ശബ്ദത്തെ ഓര്‍മിപ്പിച്ചു.
വരയിടുക്കില്‍ കനകാംബരം പൂത്തുനിന്നു.
അതൊക്കെ ഇതള് കനക്കും മുന്നേ
കാണാതായിരുന്നു.
കൊക്കോ കായ പൊട്ടിച്ച പടികളിലോക്കെ
വഴുവഴുത്ത് കിടന്ന പച്ച.

മണ്ണിന്‍റെ നെറത്തില് ഒരു അജന്ത ക്ലോക്ക് ഉണ്ടായിരുന്നു.
ദൂരദര്‍ശന്‍റെ സിമന്റ് തണുപ്പിലേക്ക്
അതിന്‍റെ സൂചികള്‍ക്ക് മാത്രമറിയാവുന്ന
വഴിയിലൂടെ  പെണ്ണുങ്ങള്‍ നടന്നു.
അപ്പോഴൊക്കെ അവരുടെ തുമ്പരങ്ങാത്ത
മുടിയില്‍നിന്ന്‍ വെള്ളം ഇറ്റു.

നെറഞൊഴുകിയ തൊടിക്കിണര്‍.
ചെമ്പരത്തിക്കാട്ടില്‍ നിന്ന്‍ വെട്ടിപ്പറന്ന
പൂമ്പാറ്റ നനവുറഞ്ഞ കല്ലില്‍ നേര്‍ത്തു.
പണിയ്ക്ക് പോയ വഴിയിലൊക്കെ
അവര്‍ മണ്ണിരകളെ ചവിട്ടാതെ ഒഴിഞ്ഞു.
വിശക്കാതിരികാന്‍ അവരുടെ മുണ്ട്
അടിവയറ്റില്‍ തഴമ്പുണ്ടാക്കി.

പേരയില ഞരടിയ മണം
കണ്ണടപ്പിച്ച് പെരുവിരലില്‍ നിര്‍ത്തി.
തെളിഞ്ഞ വെള്ളത്തില്‍
വെയിലിനൊപ്പം ചിത്രം വരച്ച്
മാനത്തുകണ്ണികള്‍ ധ്യാനിച്ചു.
അവരുടെ കണ്ണില്‍ സ്വപ്‌നങ്ങള്‍ പാഞ്ഞിരുന്നു.
മഞ്ഞിച്ച തോര്‍ത്തില്‍ ആരവങ്ങളോടെ
പിടക്കുമ്പൊ അവര്‍ വരയ്ക്കുന്ന
ചിത്രങ്ങള്‍ ദാലിയെ ഓര്‍മിപ്പിച്ചു.

മണ്ണുകൊണ്ട് ഉണ്ടാക്കിയ ഒരു ഭാഗം
അമ്മൂമ്മ തലച്ചോറില്‍ സൂക്ഷിച്ചിരുന്നു.
മരിക്കുവോളം ആരാലും കണ്ടുപിടിക്കപെടാതെ.
അടക്കത്തിന് എടുത്തപ്പോ
മന്താരവും, പിച്ചിയും, മുക്കുറ്റിയും, കൈതയും
നിറഞ്ഞ ഒരു പൂന്തോട്ടം അമ്മൂമ്മ
തല കുടഞ്ഞ്‌ താഴത്തിട്ടു.

ഒഴുക്കുവെള്ളം മിനുസപ്പെടുത്തിയ കല്ലുപോലെ
ചിലതൊക്കെ സ്വപ്നത്തില് വഴുതി.

ഗന്ധങ്ങളില്‍നിന്ന്‍ ഓര്‍മകളിലേക്ക് എപ്പോഴും നിറഞ്ഞൊഴുകുന്ന ഓവ്  വെട്ടിയിരുന്ന ഒരാള്‍ക് പൊടുന്നനെ മണങ്ങളോട് വിരോധമുണ്ടാകുന്നു.

Wednesday, 21 June 2017

Walls


Ammumma made one.
Years back.
With love,
Struggles
And her skin.

Amma made one.
With words
Torn skirt,
(With lavender flowers on it)
And her injured uterus.

I am making one.
With memories.
Smells.
Shaking borders.
Nail-less fingers.
Lynched stories.

The three walls
Glued together
Like

Kisses. 

Saturday, 20 May 2017

നിവൃത്തികേടിന്റെ അതിഭീകരമായൊരു അരാഷ്ട്രീയതയുണ്ട്. പറഞ്ഞു തീര്‍പ്പാക്കാന്‍ പറ്റാത്ത നീതികേട്. അതുണ്ട് എന്ന ബോധ്യം കൊണ്ടുമാത്രം കാര്യമുണ്ടാകുന്നത്. ആ ഗതികേടില്‍ നിങ്ങള്‍( ഒരിക്കലും) കവിതഎഴുതരുത്. 
മരിച്ചോരെപ്പറ്റി ഓര്‍ക്കുമ്പോഴൊക്കെ നീണ്ടു മെലിഞ്ഞ കൈവിരലുകളിലെ ദ്രവിച്ച നഖങ്ങളും, മുഴുവിക്കാന്‍പറ്റാതെ അറച്ച് നിക്കണ കവിതയുമാണ് ആദ്യം ചിത്രരൂപത്തില്‍ മനസില് കിട്ടുക. നെഞ്ച് തുളച്, കനച്ച വേദന കണ്ണിലൂടെ ഒഴുകും. ചോരപോലെ. വിഷയബധമല്ലാത്ത വരികള്‍കൊണ്ട് കവിത ഉണ്ടാക്കിയാണ് ഇതൊക്കെ മായ്ച്ചുകളയുക, പലപ്പോഴും. ചെലപ്പോ അയ്യപ്പനേം, റുള്‍ഫോയെയും നെറയെ വായിക്കും. അങ്ങനെ, അടുക്കി നെയ്ത വിഷാദത്തിന്റെ വേരുകളിലേക്കും, ഒച്ചകളില്‍ പരതുന്ന മരണപ്പെട്ട പ്രണയങ്ങളിലേയ്ക്കും എളുപ്പത്തില്‍ ഒളിച്ചിരിക്കാന്‍ പറ്റാറുണ്ട്. തലയ്ക്കകത്ത് തീനീച്ചകൂട്ടം ശബ്ദത്തോടെയും അല്ലാതെയും വട്ടമിട്ടുപറക്കും. ഉറക്കമില്ലാതെ, പിണഞ്ഞുകിടക്കുന്ന സാങ്കല്പിക ശരീരങ്ങളോട് ശബ്ദമില്ലാതെ കവിത ചൊല്ലും. പിന്നെയും ചെറിയൊരു കുലുക്കത്തോടെ മരിച്ചവര്‍ വരിവെക്കും. അസഹാനീയതയുടെ വെടിപ്പുള്ള ഓര്‍മ്മകള്‍. നാല് പെണ്മക്കളെ ആണ്‍ബലത്തിന്റെ ചൂരില്ലാതെ വളര്‍ത്തി,ഒപ്പം വളര്‍ന്ന അമ്മൂമ്മ നെറച് തന്ന കഥകളുടെ ഒരു ബലമുണ്ട്. ഒന്നിനും ഒപ്പിയെടുക്കാന്‍ പറ്റാത്ത ഒന്ന്. മെലിഞൊട്ടിയ വെളുത്ത വയറുകൊണ്ട് ചിതയിട്ട ചില ചിന്തകളുണ്ട്. ഒരാളുടെ ഇമാജിനേഷനെ/ചിന്തയുടെ എയിസ്തെറ്റിക്സിനെ കൃത്യമായി സ്വാധീനിക്കുന്ന ചിലതുണ്ട്ന്ന്‍ അപ്പോഴൊക്കെ ഓര്‍ക്കാറുണ്ട്. തടിച്ച മുലകലുമായി മലര്‍ന്നു കിടക്കുന്ന ശരീരത്തില്‍നിന്ന് പറന്നുപൊങ്ങുന്ന മഞ്ഞിച്ച പൂമ്പാറ്റകള്‍. മുറിവുണങ്ങാത്ത ചലമൊലിച്ച ചിരികള്‍. കിണറ്റിലേക്ക് എത്തിനോക്കി കുരച് സന്തോഷിക്കുന്ന നായ്ക്കുട്ടി. ഇറയത് ചവച്ചുതുപ്പിയ മുറുക്കാന്റെ ചോപ്പ് തഴമ്പ്പോലെ ഉറച് കിടക്കുന്നു. അത് ഭൂപടങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തപെട്ട ചിലതിനെ സ്മരിക്കുന്നു.അതിന്റെ വശങ്ങളില്‍ മുക്കുറ്റി വളരാറുണ്ട്. ഉള്ളില്‍ മരണമിങ്ങനെ മഷിയറ്റ് വേര്‍ത്തുകിടക്കുന്നു.

Saturday, 22 April 2017


ജനറല്‍ കമ്പാര്‍ട്ട്മെന്റിലെ തിരക്കിന്റെ ഉച്ച്വാസം വളരെയെളുപ്പം ഊഹിക്കാനായതുകൊണ്ട്, ഒരു കോച്ച് ഇപ്പറം ലേഡീസ് കമ്പാര്‍ട്ട്മെന്റിന്‍റെ വരാന്തയില്‍ സീറ്റുപിടിക്കുകയായിരുന്നു. ഒറ്റയ്ക്ക്. ഒഴിഞ്ഞ മനസും തിരക്കുള്ള കാഴ്ചകളുമായി പണിയെടുക്കുന്ന പെണ്ണുങ്ങളുടെ വിയര്‍ത്തൊട്ടലിന്റെ നടുവിലിരിക്കുന്നതാണ് സ്വാതന്ത്രത്തിന്റെ ഏറ്റവും സ്വകാര്യമായ വേര്‍ഷനെന്ന്‍ വിസ്വസിക്കുന്നൊരാളാണ് ഞാന്‍. പിന്നിലേയ്ക്ക് പായുന്ന വെളിച്ചപ്പൊട്ടുകളല്ലാതെ മറ്റൊന്നും ഒറ്റനോട്ടത്തില്‍ വ്യക്തമല്ല. ഒട്ടും വശമില്ലാത്ത ഭാഷ സംസാരിക്കുന്ന ഒരുപറ്റം പെണ്‍കുട്ടികള്‍ ഇടതുവാക്കിന് കൂടിയിരുപ്പുണ്ട്. ഒരാളുടെ കലങ്ങിയ കണ്ണ് സ്വപ്നംകാണുകയും, ബാക്കിയുള്ളവരുടെ മുഖങ്ങള്‍ മൊബൈല്‍ സ്ക്രീനിന്റെ വെട്ടത്തില്‍ വികൃതമായും തോന്നിച്ചു. അവരുടെ, സ്ക്രീനിന്റെ പലഭാകങ്ങളിലേക്ക് നൃത്തംചെയ്യുന്ന കൈവിരലുകള്‍ക്കൊപ്പം മാറി മാറി തെളിയുന്ന മുഖത്തെ ചിരി എന്നെ രസിപ്പിച്ചു.ഒരുവള്‍ യാതൊരു പകചിലുമില്ലാതെ കയ്യെത്തി മുലചൊറിഞ്ഞു. നിറം മങ്ങിയ ബ്രാ അയച്ചിടുന്നതിനിടെ അവള്‍ ചിരിയോടെ വര്‍ത്തമാനം പറഞ്ഞുകൊണ്ടേയിരുന്നു. ശൂന്യമാവലിന്റെ സന്തോഷം പങ്കുവയ്ക്കപ്പെടാനുള്ളതല്ല. അഥവാ ആതിന്റെ ഭാഷ ശ്രേണീബധമായി മെരുക്കപെടാത്ത ഒന്നാണ്. അപ്രതീക്ഷിതമെന്നു നാം കരുതുന്നവ പലതും പറ്റിപ്പോകലുകളാണല്ലോ. പറ്റരുതെന്ന് നമ്മെത്തന്നെ വിശ്വസിപ്പിച്ചിരുന്ന ചിലത്. അത് സൃഷ്ടിക്കുന്ന ശൂന്യത ചിലപ്പോള്‍ ചിലത് സംഭവിക്കുന്ന സന്തോഷത്തേക്കാള്‍ വലുതാകും. ആനന്ദം, വിട്ടുപോകുന്നവ ദാനമായി എറിഞ്ഞുതരുന്ന  അവസ്ഥയാണെന്നു ചുരുക്കം.
അത്തരത്തില്‍ ഓരോന്നും അടുത്ത നിമിഷത്തിന്റെ മരണക്കുറിപ്പുകളാണ്. എന്താണ് ചിന്തിക്കുന്നതെന്ന് അടുത്ത മാത്രയില്‍ ഒന്നുകൂടി ചിന്തിക്കുമ്പോള്‍ നേരത്തെ ചിന്തിച്ച ചിന്ത  ആ നേരത്തോടൊപ്പം മരിക്കുന്നു. അങ്ങനെയാവാം ചിന്ത നവീകരിക്കപ്പെടുന്നത്. ചിന്തയുടെയും ചിന്തിക്കുന്ന സമയത്തിന്റെയും മരണപ്പെടലുകളില്ലെങ്കില്‍ സമയം നിശ്ചലമായ തന്തുവിലേക് മാറ്റപ്പെടുകയും, ചിന്ത തുടക്കമോ ഒടുക്കമോ ഇല്ലാത്ത നീണ്ടുപോകുന്ന ആ തന്തുവിലെ നിശ്ചല ബിന്ദുവായി തുടരുകയും ചെയ്യും.
പാട്ടുകേട്ട് ഉണ്മാദിയാവുന്ന അവസ്ഥയില്‍ പാട്ടിനെയും നമ്മുക്കുള്ളിലെ ശൂന്ന്യതയെയും  വേര്‍തിരിക്കനൊക്കില്ല. പാടുന്നതില്‍/ പാട്ട് ഉള്ളെടുക്കുന്നതില്‍ (reception) വരുന്ന നേരിയ തടസം പോലും ആസ്വാദകന്റെ മനസിലെ ശൂന്യതയോട് സംവദിക്കുകയും, ഉന്മാദിയായ ആസ്വാദകന്‍ മരണപ്പെടുകയും ചെയ്യുന്നു.
...............

കാഴ്ചയ്ക്കനുഭവപ്പെടുന്ന തിരക്ക് മനസിനനുഭവപ്പെടുന്നതില്‍ നിന്നും വേറെയല്ല. അസ്വസ്ഥമായ ചില നേരങ്ങളില്‍ ചിലപ്പോള്‍ പൂര്‍ണമായും മരവിച്ചു പോകാറുണ്ട്. അപ്പോഴൊക്കെ ഒഴിഞ്ഞ ഇടങ്ങളില്‍ പോലും വളരെ തിരക്കുള്ള കാഴ്ചകള്‍ കണ്ണുടക്കാറുണ്ട്. ഉറുമ്പ് വരിവെക്കുന്നത് മുതല്‍  ശുക്ലം ചുവയ്ക്കുന്ന നോട്ടങ്ങള്‍ വരെ അതില്‍ പെടും. ഒരു നീണ്ട മരവിപ്പ് ക്രമേണ ഓര്‍മകളെ പോലും ബാധിക്കാറുണ്ട്. അപ്പോഴൊക്കെ മിക്കവാറും കറുത്ത ഒരു പ്രതലത്തെപ്പറ്റിയാവും ചിന്തിക്കുക. കൃത്യമായ അറ്റവും അരികും ഇല്ലാത്ത, ആകൃതിക്ക്‌ മെരുങ്ങാത്ത, വശങ്ങള്‍ കൊണ്ട് കുഴക്കുന്ന കറുത്ത പ്രതലം. ചില മരണങ്ങളാകും അത് നിറയെ. ശബ്ദത്താല്‍ അനങ്ങാതെ ഏറെ നേരം അങ്ങനെ ഇരിക്കാറുണ്ട്. ഒരു ക്രൂരമായ വിനോദമെന്ന നിലയ്ക്ക് ഈ ശൂന്യമാകല്‍ മനപൂര്‍വം നിര്‍മിച്ചെടുക്കാറുണ്ടെങ്കിലും, മുന്നറിയിപ്പിന്റെ ഭാരമില്ലാതെ ചിലത് സംഭവിക്കുമ്പോള്‍, പെരുത്ത് വരുന്ന മനസിന്റെ സുഖമാണ് ആനന്ദത്തിന്റെ ഒരേറ്. ഞെട്ടലിന്റെ ഇടവേളകള്‍ തരുന്ന ബുദ്ധിയില്‍ പ്രിയമുള്ളവരുടെ മരണം ഞാന്‍ സങ്കല്‍പ്പിക്കാറുണ്ട്. വളരെ ശ്രമകരമായ പ്രവൃത്തിചെയ്യുന്നെന്ന ബോധ്യത്തോടെ ഞാനത് ഓരോ നിമിഷവും ഉടച്ചുണ്ടാക്കികൊണ്ടിരിക്കും. നിരന്തരമുള്ള ഈ പ്രവൃത്തിയിലാണ് വറ്റിത്തീരാത്ത സ്നേഹം എന്നില്‍ നിന്ന് ഞാന്‍ കണ്ടെത്തുന്നത്. അത് അപാരമായ പ്രണയത്തില്‍ നിന്ന് ഉണ്ടാകുന്ന വികൃതമായ സൃഷ്ടി/ ചിന്തയാവാം. 

Friday, 3 March 2017

വളരെ കാലത്തിന് ശേഷം അനുഭവപ്പെട്ട അസ്വസ്ഥതയുടെ കാരണം, തന്നെത്തന്നെ ബോധ്യപ്പെടുത്താനാവാതെ സ്വസ്തി ഞെരങ്ങി.അഴക്കയം പോലെ ഭയപ്പെടുത്തുന്ന മൌനത്തിലും, എകാംഗിയുടെ നിഷേധതിലും, നിലാവ് പരക്കുന്നത് ഭ്രാന്ത്പിടിപ്പിക്കാനാണെന്ന് ദീര്‍ഘനേരത്തെ ആലോചനയ്ക്ക് ശേഷം അവള്‍ കണ്ടെത്തുകയായിരുന്നു. മയങ്ങിക്കിടന്ന കവിള്‍രോമങ്ങളെ ചൂടുപിടിപ്പിച്ചുകൊണ്ട് കണ്ണീര് ഒലിച്ചിറങ്ങി. ഓര്‍മ്മകള്‍ വരിവെച്, അടക്കത്തോടെ പായുന്നു. ചിലതൊക്കെ മാറ്റിയടുക്കാന്‍ തോന്നുന്നു. മുഖങ്ങള്‍ക്കൊക്കെ എന്തൊരു തെളിച്ചം. വാക്കുകള്‍ക്ക് അശുദ്ധി.ബോധ്യങ്ങള്‍ക്ക് മങ്ങലിന്റെ ചിതലിപ്പ്. ഏറെനേരം, കഴിഞ്ഞുപോയ കടല്‍ദൂരങ്ങളെപ്പറ്റി ഓര്‍ത്തിരിക്കാനുള്ള കെല്‍പ്പില്ലാത്തത് കൊണ്ടായിരിക്കണം, ടെറസ്സിന്റെ ഇരുട്ടില്‍ സ്ഥിരം ഇരിക്കാറുള്ള ചൂരല്‍കസേരയില്‍നിന്ന്, നക്ഷത്രങ്ങള്‍ പുള്ളികുത്തിയ, തനിക്കുമേലെ പോട്ടിവീഴാന്‍ ശ്വാസംപിടിച്ചുനില്‍ക്കുന്ന ആകാശപ്പരപ്പിലെക്ക്, അവള്‍ പറന്നു പോയി. മാലാഖയെപ്പോലെ സാരിത്തുമ്പ് നാലുപാടും പറന്നാടി. മുഖം, കാണാനാവാത്ത എന്തിനെയോ എത്തിനോക്കും വിധം മുകളിലേയ്ക്കുയര്‍ത്തി, ശാസ്ത്രത്തിന്റെ എല്ലാ കണക്കുകളെയും വകഞ്ഞുമാറ്റി, സ്വസ്തി മുകളിലേക്കുയര്‍ന്നു. താഴെ ഭുഗോളം, എറിഞ്ഞുവീഴ്ത്തിയ ഗോട്ടി പോലെ കാണാനാവാതെ പൊന്തക്കാട്ടില്‍ പതുങ്ങികിടന്നു.
പെണ്ണുങ്ങളിങ്ങനെ അന്തമില്ലാതെ എഴുതിക്കൂട്ടി, മുടിക്കെട്ടിന്റെ ജെടയ്ക്കുള്ളില്‍ വിരല് കുടുക്കി, ആണിടങ്ങളുടെ ഉച്ചീലേക്ക് നോട്ടമയയ്ച്ച്, ബുദ്ധിജീവി  ആരാഷ്ട്രീയത്തിലേക്ക് നടുവിരല് കാട്ടി, തുപ്പലില്‍ അലിയാതെകിടക്കണ മീന്‍മണം കൊണ്ട് പടങ്ങള് കോറി, അയഞ്ഞ മുലകള്‍ക്കു നേരെ കണ്ണാടി കാട്ടി, കാലുകള്‍ വിടര്‍ത്തി വെച്ച്, അമ്മേടെ തേഞ്ഞ കറുത്ത നഖംമുങ്ങിയ രസച്ചോറു തിന്ന്‍, ഉന്മാദത്തിന്റെ നീര്‍ക്കെട്ടില്...
 നിങ്ങളുടെ  എലീറ്റ് ആണ്‍ പെണ്‍ നടുവരമ്പിന്റെ വിശാലമാനവപ്പെടലുകലുണ്ടല്ലോ, ആ എഴുത്തുകള്‍ ഉണര്‍ത്താത്ത അവസ്തപ്പെടലുകലാണ് എഴുത്തിന്റെ എന്നല്ല കലയുടെതന്നെ എയിസ്തറ്റിക്സ്.