conversations; fading and fragile (2)
തള്ളവിരലിൻ്റെ നടുക്കായി സമയമെടുത്ത് പാകപ്പെട്ടൊരു പുണ്ണ്.
അതിൽനിന്നു വെടിച്ചു പൊട്ടിയ നീരിൻ്റെ കൊഴുപ്പ്.
ഉള്ളിൽ അനക്കമില്ലാത്തൊരു സമുദ്രം.
അഴലിന്റെ ഭാരമുള്ളൊരു കിണർ
ഇത്രയും കാലം ഇതെങ്ങിനെ മറഞ്ഞിരുന്നു ?
കല്ലിച്ചു കിടന്ന മറുപടികളെപ്പോലത്
കാലംതെറ്റി നീറി.
അടുപ്പങ്ങളെപ്പറ്റി, ഒരേ തീഷ്ണതയിൽ എത്ര നേരം ആലോചിച്ചിരിക്കാൻ കഴിയും?
എരിക്കിൻ പൂവ് പൊട്ടിച്ച പോലെ
തലച്ചോറിനെ ചേർത്തുനിർത്തുന്ന
പേരറിയാത്ത കെട്ടുകൾ അയയുന്നു.
അറിയിപ്പില്ലാതെ കടന്നുവരുന്ന
നിശ്ശബ്ദതയ്ക്ക് നിറമുണ്ടെങ്കിൽ അതേതാകും?
വാക്കുകൾ ശ്രദ്ധിച്ചടുക്കുന്നില്ലെന്ന്
ടണലിൽ മണ്ണെണ്ണ മണക്കവേ ഓർമ്മപെട്ടു.
എന്നെക്കാൾ ചെറുപ്പം തോന്നിക്കുന്ന സുഹൃത്തിനെ ഉടനെ വിളിച്ചു.
-കവിതയെ, അതായിരിക്കെതന്നെ, എങ്ങനെയാണ് ഘടന മാറ്റിയെഴുതുക, ഭംഗിയൊന്നും ചോരരുത്.
-നീയെനിക്കൊരു അഞ്ചുനിമിഷം തരണം. ചുമരാകെ അടർന്നിട്ട് ഞാൻ പെയിന്റ് അടിക്കുകയാണ് .
പരുങ്ങിപ്പോയ ഒരതിഥിയെപോലെ ഞാൻ ഞൊടിയിൽ ശബ്ദം താഴ്ത്തി. കവിതയുടെ ഘടനയെപ്പറ്റി പിന്നീടൊരിക്കലും സംസാരമുണ്ടായില്ല. അതിനൊരു രസമുണ്ട്.
ഒരു യാത്രയ്ക്ക് ഒരുങ്ങുന്നവർ . ദൂരയാത്ര ഞങ്ങളുടെയൊരു ശ്രമമായിരുന്നു.
-ദൂരമൊരാപേക്ഷിക വ്യാകുലത അലേടീ
-അകലമോ? അകലം ഉള്ളതാണ്.
-ഭാഷ ഒരു പ്രശ്നപെട്ട സംഗതിയാണ്. മനുഷ്യർക്കാർക്കും സ്വയിരം കിട്ടാത്തത് ഭാഷയില്ലാഞ്ഞിട്ടാണ്.
-നമ്മൾ ആദ്യമായി കെട്ടിപ്പിടിച്ചതോർക്കുന്നുണ്ടോ? അതിനു തൊട്ടുമുന്നെ നോക്കിയ നോട്ടത്തിലുള്ളതെന്തായിരുന്നു? ശരീരങ്ങളെ വലിച്ചടുപ്പിക്കും വിധം ആർദ്രമായൊരു ഉരുകൽ സാധ്യമാകുന്നതതെന്താണ് ?
-മ്മ്. അതിനുശേഷം അത്രമേൽ പ്രിയപ്പെട്ടൊരു നിമിഷം എനിക്കുണ്ടായിട്ടില്ല.
-ഒരിക്കൽ, നമ്മൾ പകലുറക്കം ശീലിച്ചതിനു വളരെമുമ്പ്, ഞാൻ കടൽക്കരയിലിരിക്കുമ്പോൾ പൊടുന്നനെ മഴപെയ്തു. വെയിൽ ഒട്ടുമേ പോയിട്ടുണ്ടായിരുന്നില്ല. അപ്പോൾ എവിടുന്നെന്നറിയാതെ ആ നിമിഷം ഞാൻ അനുഭവിച്ചു. അത് നമ്മളിലേല്പിച്ചതെന്തോ അതറിഞ്ഞു.കുറെയേറെ കരഞ്ഞു.
-ഭൂതകാലമില്ലെങ്കിൽ നമ്മളെവിടെപോയി ജീവികുമായിരുന്നു?
ഒരു ഫോൺകാൾ വരുന്നു.
ചിട്ടിക്കാശ് അയയ്ച്ചുകൊടുക്കാൻ ഓർമ്മിപ്പിച്ചുള്ള അമ്മയുടെ രണ്ടാമത്തെ വിളിയാണിത്.
ഞാൻ അമ്മയുടെ ലോകത്തെപ്പറ്റിയോർത്തു.
അമ്മ സദാ എന്റെയും.
ഞങ്ങളുടെ വളർത്തുപൂച്ചയുടെ ചെടിത്തയ്ക്കൾ നശിപ്പിക്കുന്ന പുതിയ ശീലം പറഞ്ഞ് അമ്മ അതിനോട് ദേഷ്യപ്പെട്ടു.
ഞാൻ ചിരിച്ചു.
തീവണ്ടിയിലെ ഭക്ഷണത്തെപ്പറ്റി ഞങ്ങൾ പരാതി പറഞ്ഞു.
-ഭാഷയുടെ അപര്യാപ്തതയെ എടുത്തുപറഞ്ഞുകൊണ്ടാണ് ആരും ആഴത്തിലുള്ള എന്തിനെയും വിവരിക്കുക.
-"അത് പറഞ്ഞറിയിക്കാനാവാത്ത" അങ്ങനെ അല്ലെ
- അതെ.
-ഞാൻ ആലോചിക്കാറുണ്ട്, വേദന, പെയിൻ- അനുഭവം, അതിൽ നിന്ന് ഓർമ പിന്നീട് അത് ഭാഷയിലൂടെ പുറത്തു വരുന്നു. ഭാഷ വെർബൽ മാത്രമല്ലേ. അപ്പോളൊക്കെ അതിന് എന്താണ് സംഭവിക്കുക? യു നോ വാട്ട് ഐ മീൻ, ഇതിന്റെയൊക്കെ പകർപ്പിന്റെ ഒരു സ്വഭാവം നമ്മൾ കാര്യത്തിലെടുക്കുന്നുണ്ടോ?
-ഓർത്തെടുക്കുക്ക എന്നാൽ റീകളെക്ഷൻ മാത്രമല്ല. ജീവിതത്തിൽ ഉണ്ടായ എല്ലാ അനുഭവങ്ങളുടെയും തിരിച്ചറിവിന്റെയും വീഴ്ചയുടെയും സൗന്ദര്യത്തിന്റെയും ശരീരാവസ്ഥയുടെയും ഒക്കെ പശ്ചാത്തലത്തിൽ പുതുക്കുന്ന എന്തോ ഒന്നാണ് ഓർമ. മനുഷ്യൻ്റെയുള്ളിൽ മറ്റൊരു മനുഷ്യൻ.
-അതെ കഴിഞ്ഞു പോയ ഒന്നേയല്ല അത്.
-ഓർമ ശരീരമാണ്.
-മ്മ് . എനിക്ക് നന്നേ വിശക്കുന്നുണ്ട്.
ഞാൻ ഓറഞ്ച് പൊളിച്ചു.
- ദസാൽ പറഞ്ഞതോർക്കണില്ലേ..
-യെസ്. "I am a venereal sore in the private part of language".
ഞങ്ങൾ ചിരിച്ചു. വയസേറിയ ഒരു ചിരി.
ചുളിഞ്ഞ കടലാസുപോലെ ഞങ്ങൾ രണ്ടാളും ചേർന്നിരുന്നുറങ്ങി. കുഞ്ഞുങ്ങൾ കൊഞ്ചുന്നകേട്ടു. അനാവശ്യമായി ഞാൻ ബാഗ് മുറുക്കിപ്പിടിച്ചിരുന്നു. ആ പിടി അയയുമ്പോളൊക്കെ ഞാൻ ഉണർന്നുപോന്നു.