Wednesday, 1 April 2020

 അതിന് പരിഭാഷയില്ലാതാകുന്നു
20.03.2020

കവിതയെഴുത്തിൻ്റെ അഞ്ചാംനാൾ
ചിന്തയുടെ ഒരു നീർക്കെട്ട്.
ഒരോളത്തിൻ്റെ ആയാസത്തിൽ
മുറിയിലേക്ക് സ്വയം വഴുതുകയുണ്ടായി.
എത്രനാളു കൂടിയാണ് എൻ്റെ ശരീരത്തെ
കെട്ടുറപ്പില്ലാതെ അയച്ചിടുന്നത്!
അതിനെ നോക്കിയും തൊട്ടും മറ്റൊരാളാവുന്നത്!

ദിശാബോധമൊട്ടുമില്ലാത്തവൻ്റെ ചുമരിലെ
ഭൂപടം.
ഒളിവിലാക്കപ്പെട്ട ഒന്നിനെ സദാ വെളിപ്പെടുത്തുന്ന ഒന്ന്.
സമയം ഒരു നേർരേഖ.

ശാസ്ത്രകൗതുകമുള്ള കവിതകൾ
കുട്ടികൾക്കായി എഴുതി പരാചയപ്പെട്ടയാൾ.
ഒരു പരീക്ഷണശാലയെന്നോണം അതെന്നെ
സാധാരണമല്ലാത്തൊരു ഗന്ധം കൊണ്ട് മൂടി.
തുടർച്ചയില്ലാത്തൊരു ചിന്ത
സൂക്ഷ്മമായൊരു വര.

'മുനമ്പിലൊരു നോട്ടം വച്ച ചിന്ത '
എന്നാണ് എൻ്റെ ആദ്യ കവിതയെപ്പറ്റി
ഒരു യുവനിരൂപകൻ കുറിച്ചത്...
അത് വായിച്ചുടനെ ഞാൻ ശരീരമില്ലാതെ
എങ്ങോട്ടോ ഓടിപ്പോയിരുന്നു.
രാത്രി വെളുക്കുവോളം ഞാൻ
മനുഷ്യരുടെ വിരലുകൾ ശ്രദ്ധിക്കുന്ന
എൻ്റെ പുതിയ വിനോദത്തെപ്പറ്റിയോർത്തു.

ഇടവേളാബാധ.
തുടക്കത്തിൽ പറഞ്ഞ എൻ്റെ മുറി
മിലേയ്സിൻ്റെ പ്രശസ്തമായ ചിത്രം പോലെ
സ്വസ്ഥമായി നിവർന്ന് കിടന്നു.
കടുത്ത കറുപ്പ് ഫ്രയിമിട്ട രണ്ട് ചിത്രങ്ങൾ അവിടുണ്ട്.
അതിലൊന്ന്  എൻ്റെ തന്നെ, മുഖം വ്യകതമല്ലാത്ത ഒരു പോട്രയിറ്റാണ്.
'ഫ്രയിംഡ് പോയംസ് ' എന്ന കുറ്റകരമായ തലക്കെട്ടിൽ ഞാനൊരു എഴുത്ത് വായിച്ചിരുന്നു.

തറയിൽ തീരെ ഉയരത്തിലല്ലാതെ
പുസതകമടുക്കിയ തട്ട്.
മാസികകൾക്ക് പ്രത്യേക സ്ഥാനമൊന്നുമില്ല:
അവയൊഴുകും.

മുറിയിലെ വെളിച്ച സഞ്ചാരം.
വെളിച്ചത്തിന്റെ സാവധാനത്തിലുള്ള നടത്തം .
വെട്ടം തൊലിയിലേക്കിറങ്ങുന്ന കണ്ട്,
ശബ്ദത്താൽ മുറിവേൽക്കാതെ,
നോട്ടത്താൽ ഒന്നായിരിക്കുന്നവരെപ്പോലെ,
ഞാൻ സ്വസ്ഥയാണ്:
മൂർച്ചയിൽ പതിക്കുന്ന വെള്ളം പോലെ.

മുറി, തിടുക്കപ്പെടാതെ എന്നെ മൂടുന്നു.
പുറത്ത് ആരവത്തോടെ മഴ പെയ്യുന്ന
ഒച്ചകേട്ട് ഞെട്ടിയുണർന്ന് ജനാല തുറക്കുകയും,
അപ്പോൾ മഴയേയിലെന്ന് കണ്ട് അത്ഭുതപ്പെടുകയും ചെയ്യാറുണ്ട് ഞാൻ.
കേട്ട ശബ്ദം എന്തായിരുന്നു?
വെള്ളവും ബോധവും കേൾവിയും കൊണ്ടുള്ള
കൺകെട്ട്.
പാളയത്തു നിന്ന് ബസുകയറി ആർട്സ് കോളേജ്
കടക്കുമ്പഴേക്കും
മനസിൽ ദീർഘമായെഴുതുന്നതൊക്കെ
വേഗത്തിൽ മായുന്ന പോലൊന്ന്.

ആലോചന: ഒരു ഫ്ലമിംഗോ നൃത്തം.
വഴക്കത്തിൻ്റെ തെന്നി നീക്കം.
പിടിതരാതുരുളുന്ന മെഷീൻ നൂല്.

അതികായൻ്റെ പ്രതിമ വീഴുന്ന
സിനിമാരംഗം പോലെ,
എഴുത്ത് നിർത്തുകയും,
വാതിൽ,
ക്ഷമ നശിച്ചൊരാൾ
ഒരു തിരക്കഥയിലെന്ന പോലെ
ബലമുപയോഗിച്ച് തളളിത്തുറക്കുന്നത്
തിരിഞ്ഞുനോട്ടത്തിൻ്റെ എല്ലാ ഭംഗിയോടെയും
കാണുകയാണ് ഞാൻ.

No comments:

Post a Comment