Wednesday, 23 July 2025

 ഞങ്ങൾക്ക്  മാത്രമായി ഒരു ലോകം 

ആദ്യമായി  നീറ്റിയുണ്ടാക്കിയ ദിവസം 

എനിക്കോർമയുണ്ട്. 

"പെരുമഴ വരണ്, വയല്  വരെ പോയി നോക്കീറ്റ് വരാം"ന്ന് 

മുഖത്തുനോക്കാതെ പറഞ്ഞിറ്റ് 

എന്നേംകൊണ്ട് അമ്മച്ചി കുത്തിറക്കിറങ്ങി.  

ചെറുതുങ്ങളെ ഇതിനൊന്നും കൂട്ടാറില്ല. 

ഒറ്റയ്ക്പുവാൻ പേടിയുമുണ്ടാവില്ല.

ഞങ്ങൾ ഉറപ്പില്ലാത്ത പടവിലൂടെ താഴേക്കിറങ്ങി.

അതിരു തൊട്ട് തൊട്ട് വരമ്പിൽക്കയറി.


മട  നിറഞ്ഞു. 

മുട്ടറ്റം പൊന്തിയ ചെളി വെള്ളത്തില് 

അമ്മച്ചി പൊതഞ്ഞു നടന്നു. 

കൈകൊണ്ടും മാന്തി

നീറിയ നഖത്തിനിടയ്ക് വീണ്ടും മണ്ണുകേറ്റി.

കൈരണ്ടും  ലാഞ്ചിക്കഴുക്കി കരയ്ക്ക് കേറി. 

തവള മൊട്ട ഒഴുക്കില് മാലപോലെ നീങ്ങുന്ന കണ്ടുനിന്നതിനിടയ്ക്  

അമ്മച്ചി ഏങ്ങുന്നെന്ന് എനിക്കറിയാനൊത്തു. 

മറയ്ക്കാൻ നോക്കുന്ന അത്രേം തെളിഞ്ഞു തെളിഞ്ഞു വന്നു.

അവരുടെ വയറ്റിനൊപ്പം പൊക്കമുള്ള എന്നെ ചേർത്തു.

കേക്കാനറച്ച്  ഒട്ടിനിന്നപാട്,

ദയനീയതയെപ്പറ്റി എനിക്ക് വെളിപാടുണ്ടായി;

ആദ്യമായി.

തണുപ്പുകൊണ്ടല്ലാതെ വെറപറ്റി.


സന്ധ്യായാവാൻ ഇനിയുമുണ്ട് നേരം.

എങ്കിലും

കണ്ടുനിക്കേ,

ഇരുട്ട് അവസാനത്തെ വെട്ടത്തെയും വിഴുങ്ങി.

സംശയിച്ചാലും കേൾക്കാനൊക്കാത്തപോലെ

മഴയുടെ ഇരപ്പിൽ  അമ്മച്ചി വാവിട്ട് കരയാൻ തുടങ്ങി. 

ആ തേരികുന്നിനു കീഴേ വെള്ളം പൊങ്ങിയത് 

ഒരു എടകിട്ടലായിരുന്നു. 

മിറ്റം കൂടുതലുള്ള  വീട്ടിൽ 

അമ്മച്ചിക്കും എനിക്കും അറിയാവുന്ന 

സങ്കടത്തിന്റെ ഒറ്റ രഹസ്യം പൊട്ടി. 

എവിടെയെങ്കിലും ആരും കാണാതെ കുഴിച്ചിടാനോ, 

കൊണ്ട് കളയാനോ ഉള്ളതെന്തോ അവർക്കുണ്ടായിട്ടുണ്ട്. 

വിശ്വാസത്തിന്റെ പെരുവെള്ളം എന്നേം കൊണ്ട് പാഞ്ഞു.

അതീന്നു നീന്തിക്കേറാതിരിക്കാൻ മുങ്ങിക്കൊണ്ടിരുന്നു. 

1 comment: