Sunday, 15 June 2025

 പാട കെട്ടിയ സെറാമിക് കോപ്പയിലേക്ക് 

തന്നെത്തന്നെ തിരയുന്നൊരു സന്മാർഗിയെപ്പോലവൾ 

മുട്ടുകുത്തി നിന്ന് ഒച്ചയെടുത്തു.

എണ്ണപടർന്ന നെറ്റി മുക്കി 

കടൽജലംപോൽ ഉപ്പ് കയ്‌ക്കുന്ന 

ധമനി വാൽവുകളിലേക് ചൂട് കൂട്ടി.

മൈനയെപ്പോലെ അവിടവിടെ മഞ്ഞ വീഴ്ത്തി 

തോർത്തികയറി 

നെടുവീർപ്പിൽ ദീർഘമായി പിടച്ചു.

ആമാശയത്തിൽ സ്വപ്നം വഴിതെറ്റിക്കിടന്നു.

അരികിൽ അമ്മച്ചി തന്നുപോയ പിടിമാറിയ കുട.

ചുമരിലിൽ ചത്തുപോയ വളർത്തുപൂച്ചയുടെ 10 x 12 ചിത്രം

ചരിവിൽ തൂങ്ങിക്കിടക്കുന്നു.

നെടും പാതയിൽ പാതിയിലായിപ്പോയവളെപോലെ, 

ഒടുക്കം തിരിച്ചു നിന്നടത്തുതന്നെത്തിയവരെപോലെ, 

പമ്പരംപോലെ

വട്ടത്തിൽ ചുറ്റുന്നു, തീരാതെ .

വീടിനകം വെട്ടം തൊട്ടിട്ടില്ല.

ലാഞ്ചലേൽക്കാത്ത കെണറ്റ് വെള്ളംകണക്കെ 

കുതിർന്നിട്ടൊരകം.

ചെടികളുടെ ഞരമ്പുകൾ വെള്ളം തൊടാതെ ചുരുങ്ങി,

നിറം വറ്റി.

പുതപ്പുകളിലെ ആഹ്ളാദമുള്ള പശമണം പൊയ്‌പ്പോയി.


മേൽപറഞ്ഞവയൊക്കെ സ്ഥിര സന്ദർശകരെന്നിരിക്കേ  

ഏറെനേരവും ദിവസം കടന്നുപോകുന്നത്, 

ഒരേ വേഗത്തിലായിരുന്നു.

ചടച്ചിട്ടുണ്ടെങ്കിലും താളത്തിൽ.

കുറച്ചായി നിരതെറ്റി പായലാണ്.

കണ്ടതിലേറെയും കൈക്കലാക്കി 

അതടുക്കിയും നിരത്തിയും വെച്ച ഷെൽഫുകൾ,

ബലത്തിൽ എഴുതിയ  നീണ്ട വരികൾ 

എഴുത്തുമേശയിൽ ഓളങ്ങൾ പോലെ 

പരുപരപ്പിൽ മലർന്നു കിടന്നു. 

ഖേതമില്ലെങ്കിലും ഏറെ ഉൽകണ്ഠയിൽ കഴിഞ്ഞുപോകുന്ന

ദിനചര്യയുടെ ഇടവേളയാണിന്ന്.

കിച്ചൻ ക്ളോത്തിന്റെ കടുംനിറങ്ങളിൽ 

നോക്കിയിരിക്കുന്ന 

പലവിചാരങ്ങളുടെ നെയ്ത്ത്.

ഞാനാർക്കും പങ്ക് മാറ്റിവെച്ചിട്ടില്ല,

പൊറുതിയിൽ പേടിമാത്രം ബാക്കി.

കിട്ടാഞ്ഞതൊക്കെ എഴുത്തിൽ തിരുകിവെച്ചുറപ്പിച്ചു.

മാറിപ്പോകേണ്ടിവന്ന ഇടങ്ങളിലേക് തുപ്പി നീറ്റി.

സദസുകളിൽ അടക്കമില്ലാരുന്നു.


ജനാലയിൽ കാറ്റ് തട്ടി.

വേഗത്തിൽ ഞാനൊരു പാളി തുറന്നു,

പുറകേ മറ്റേതും.

അറ്റം കാണാത്ത ആ തെരുവിൽ എപ്പോഴും കുട്ടികളുണ്ടാവും.

പണി കഴിഞ്ഞു വരുന്നവരിലേക്കും ,

വിലപേശുന്നവരിലേക്കും,

മുഷിഞ്ഞ മണമുള്ളവരിലേക്കും,

ഇടക്കാലത്തേക്ക് വന്നുപോകുന്നവരിലേക്കും

സ്നേഹത്തിന്റെ അയവുണ്ടായി.

പിന്നിക്കെട്ടിയ മുടിയുമായി ഞാൻ 

കണ്ണെടുക്കാതെ 

നിശ്ചയം കെട്ടുനിന്നു.

കാറ്റ് കടന്നും, ജനൽ തുറന്നും കിടന്നു.

No comments:

Post a Comment