Thursday, 12 June 2025

ഈർച്ചപ്പകലുകളേയും,

തുള്ളിതോരാ രാത്രികളേയും കടന്ന് 

ഉറക്കച്ചടവുള്ള എന്റടുത്തേക്ക് 

ഒരെഴുത്ത് വന്നു.

ആ ഇടുങ്ങിയ മുറിയിലെ 

ഉച്ചനേരത്തിലാകെ കണ്ണീരിനിച്ചു.

മുഷിപ്പിന്റെ മുകളിലേക്ക് 

അലിയാൻ പാകത്തിന് 

സന്തോഷത്തിന്റെ ഒരു കട്ട വെച്ചപോലെ.


കത്തുകളിൽ എന്തിത്ര?

വിശേഷങ്ങൾ പറയാൻ സാധ്യതകളേറെ ഉള്ളപ്പോ,

കത്തുകൾ എന്ത് കരുതുന്നു?


വേഗത്തിന്റെ കുറവിൽ 

സമയ-സ്ഥല വ്യത്യാസങ്ങളിൽ 

ഒരാളുടെ വിരലനങ്ങിയതിന്റെ തിരയടിപ്പ്.

എഴുതിനിറയ്പ്പാൻ 

ഇടമോ, സംഭവങ്ങളോ ഇല്ലാതെയും അവയ്‌ക്കെത്താം.

കൈപറ്റലിൽ,

ഉള്ളിൽ ഭാരമില്ലാതാവുന്നൊരാഹ്ലാദം കൊട്ടും.


"എഴുത്തുണ്ട്"

എടുത്തുവെച്ചാള് 

അതിശയത്തോടെയോ,

ഒരു ചെറിയ ചിരിയോടെയോ പറയാം.

നിങ്ങളും ചിരിക്കും.

പോസ്റ്റുകാർഡിലെ ചിത്രം നോക്കി,

തിരിച്ച്,  എഴുത്തു വായിച്ച് 

പിന്നെയുമാ വിശറിയനക്കം തുടർന്ന്,

ഏറ്റവും പ്രിയപ്പെട്ടവയ്‌ക്കൊപ്പം എടുത്തുവെക്കും-

ഒരു പൂന്തോട്ടം സൂക്ഷിക്കും പോലെ.

അടുപ്പത്തിന്റെ പതിച്ചിൽ

തെളിവിനൊരു മഷിനെറം.

വായിക്കുമ്പോഴൊക്കെ 

ന്ലാവിൽ ഒരു മിന്നൽ.

എത്തിപ്പെടാത്ത കത്തുകളുണ്ടാവാം,

എത്തിയെന്നറിയാതെയും പോവാം,

വാങ്ങാതെയുമാവാം.

മറ്റൊരാളുടെ ഓർമയിൽ 

നിങ്ങൾക്ക്   മറുജീവിതമുണ്ടെന്നതാണ് കാര്യം.

മനുഷ്യസാധ്യമായ,

അത് മാത്രമായ ഒന്ന്.


No comments:

Post a Comment