വെട്ടം വീണതും
കൊക്ക്, കാലൂന്നി ആകാശത്തേക്ക്
നീണ്ട കഴുത്തു പൊക്കി.
ഇത്രയ്ക്കും കനം കുറഞ്ഞൊരു പതനം
അതിന്റെ എല്ലുകളെ തണുപ്പിച്ചു കാണണം.
ചിറകുകളിൽ ചൂടും
നോട്ടത്തിൽ മന്ദതയും കൊണ്ട്
വിശപ്പ് മറന്നത് രണ്ടു കാലിൽ നിന്നു.
നിൽക്കുന്ന പ്രതലം ബലമില്ലാത്തതാണ്.
വയലിലെ പകുതി കുഴഞ്ഞ ചെളിയുടെ പൊതയിൽ
കുമിളകൾ വീഴ്ത്തിപ്പിടയുന്ന,
ചിലപ്പോൾ അനങ്ങാതെ കണ്ണുകൾ പുറത്തേക് ചാടികിടക്കുന്ന,
മീനുകളെ
വെറുതേ കണ്ടു നിക്കയാണാ
ചാര കൊക്കുള്ള പക്ഷി.
നടന്നിടത്തൊക്കെ മൂന്ന് നേർത്ത വരകൾ
അതിന്റെ പാദങ്ങളിൽ നിന്നൂരി പോന്നിരുന്നു.
ആമാശയത്തിലെ കാളലിന്റെ മൃദുവല്ലാത്ത രേഖകൾ
തിങ്ങികിടക്കുന്ന മറയില്ലാത്തൊരു ചതുരം, ആ കണ്ടം.
അതിരിൽ ചെടികളുണ്ടായിട്ടും
ദൂരേ വന്മരങ്ങളിൽ ചെളിപ്പാട് വീഴ്ത്തിയാണ് പക്ഷി വിശ്രമം.
വെയിലിന്റെ കുത്തലിൽ കണ്ണുപെട്ടിട്ട്
വയലിൽ കൊറ്റിയുണ്ടാക്കിപോയ
നിൽപ്പ് ശേഷിപ്പുകളെ കണ്ടെന്നു വരുത്താൻ തെല്ലു സമയം പിടിക്കും.
മിച്ചം കിട്ടാത്തൊരു കാഴ്ചയാണത്.
അത് ക്യാമറയിൽ പകർത്തി,
ഒന്നുകൂടി സൂം ചെയ്തു നോക്കി.
മഞ്ഞിച്ച പാദങ്ങളും,
സന്ദേഹപ്പെട്ടുള്ള നടത്തവും
ഒരക്ഷരം പോലുള്ള നിൽപ്പും
വീണ്ടും വീണ്ടും ഞാനെടുത്തു. .
എന്റെ സ്വപ്നത്തിൽ സന്ദർശനമുണ്ടാകുമെന്ന് ഉറപ്പും നൽകി.
അതൊരു വേഗത്തിലുള്ള പറക്കൽ ആവും, ഞാനോർത്തു.
ദീർഘമായ ജീവിതമുള്ളവർക്ക്
തീരെ ചെറുതെന്ന് തോന്നുന്ന കാഴ്ചകൾ നീട്ടുന്നതെന്താവും?
കോൾപ്പാടത്തെ നോക്കിനില്കുന്നയാളിലേക്ക്
മെഴുക്കുള്ള ഒരു തൊടൽ.
പുളച്ചിലിന്റെ മദ്ധ്യാഹ്നങ്ങൾ കടന്ന്
വീട് വിട്ട് പുറത്തേക്ക് നടക്കാനിറങ്ങുന്നയാൾക്
സ്വാസ്ഥ്യത്തിന്റെ ഒരുറപ്പും,
അതിന്റെ മറവിയെപ്പറ്റി ആവലാതിയില്ലാതെ
നോക്കി നില്കാനാവുകയും കഴിയുക.
ദിനചര്യകൾ സൗമ്യമായേക്കും..
കൊറ്റി തിന്ന നേർത്ത വെട്ടത്തിന്റെ മിനുസതയും
അത് പോറിയിട്ട തിരച്ചിലുകളും
നമ്മെ അനുകമ്പയുള്ളവരാകുന്നു.
ഏറെ.
No comments:
Post a Comment