Sunday, 24 January 2021

 


 ഇമ്പമുള്ളവരാണ് കുഞ്ഞുങ്ങൾ.

വിരൽത്തുമ്പുകളിൽ കൗതുകമുള്ളവർ.

 അവർ വരയ്ക്കുന്ന ചിത്രങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ?

സഹജങ്ങളല്ലാത്ത നിറങ്ങൾ തിരഞ്ഞെടുക്കുന്നത്?

വീടിന്റെ മേൽക്കൂരയ്ക് കടും പച്ച 

 മനുഷ്യരുടെ തൊലിക്ക് വയലറ്റ് 

കറുത്ത പൂക്കൾ 

ചലനത്തിന് മഞ്ഞ. 

വലുതാകുമ്പോൾ 

വിരസതയുള്ള നിറങ്ങൾ ഉത്സാഹമില്ലാതെ എടുക്കുന്നവരാകുന്നതെന്ത്?

കുഞ്ഞുങ്ങൾക്ക് മനസുനൊന്താലവരത് ഓർത്തിരിക്കും.

അതിനു മീതെയുള്ള ഉറപ്പില്ലാത്തൊരു മൂടലാണ്  പിന്നീടുള്ള ദിവസങ്ങൾ.

കാല ദൂരങ്ങൾ വെച്ചളക്കുമ്പോൾ  

അതിനു കട്ടിയുണ്ടെന്നു തോന്നിയേക്കും.  

ഒരു സമയ വിഭ്രാതിയാണത്.

എങ്കിലുമവർ നേരത്തിനെ സ്നേഹസാന്ദ്രമാക്കും.

സങ്കോചമില്ലാത്തൊരടുപ്പത്തിൽ കണ്ണുകൾ മുങ്ങിപ്പോവും.

അറിയാനുള്ള വെമ്പലിൽ വലിയ വർത്തമാനം പറയും, കുഞ്ഞുങ്ങൾ.

ബലപ്പെടാത്ത ഭാഷകൊണ്ട് അത് മുതിർന്നവരെ ചിരിപ്പിച്ചേക്കാം.

ചുറ്റുമുള്ളവരുടെ വായകൾ ആകൃതികെട്ട്  ചലിക്കുന്ന കാണുമ്പോൾ,

ആ വായിൽനിന്നു സാമാന്യ വിരുദ്ധമായ ശബ്ദങ്ങളുണ്ടാകുമ്പോൾ 

കുഞ്ഞുങ്ങൾക്കെന്താവും  തോന്നുക?

തർക്കിച്ചു ജയിക്കാനൊക്കാത്ത കൊണ്ടല്ലേ മൂത്തൊരൊക്കെ കയർക്കുക ?

കുഞ്ഞുങ്ങൾ ശല്യക്കാരാണോ ?

നീക്കുപോക്കുകൾ അവർക്ക് പരിചിതമല്ല.

ചോദ്യത്തിന് ഉത്തരം:

അവർക്കു ദഹിക്കുന്ന, തൃപ്തിയുള്ള ഉത്തരങ്ങൾ.

പ്രകടിപ്പിക്കലിലൂടെ മാത്രം മനസിലാവുന്ന സ്നേഹം.

ആഹാരം.

കുഞ്ഞുങ്ങൾ സ്വയം നീതിയുള്ളവരും, പായുന്നവരുമാണ്.

ആർക്കും എളുപ്പത്തിൽ കണ്ടെത്താനാവാത്ത തൃഷണയുടെ  പുറ്റാണ്  കുട്ടികാലം.

വ്രണപ്പെട്ടാലും അത് വളരും.

കുഞ്ഞുങ്ങൾക്ക് നല്ല ഉടുപ്പുകളുണ്ടാകട്ടെ .

അനുവദിച്ചില്ലെങ്കിലും സ്വതന്ത്രരാവാൻ 

അവരുടെ എല്ലുകൾക്ക് ബലമുണ്ടാകട്ടെ.

Monday, 18 January 2021

 ചീലപ്പേൻ 


മുടിക്കുള്ളിൽ നിന്ന് കുപ്പായങ്ങളിലേക്ക് പെരുകിയ ചീലപ്പേൻ.

സർവത്ര ചൊറിച്ചിലായേ പിന്നെയെ 

എല്ലാരും ശ്രദ്ധിക്കൂ.

അപ്പോഴേക്കും ലക്ഷം കോടി പേനുകൾ.

ലക്ഷം, കോടി പേനുകൾ!

നിഴലുകൾക്ക് നീളം വെക്കാനിടമില്ലാതെ 

ചേർന്നിരുന്ന് പെണ്ണുങ്ങൾ ചീല കുടയാൻ തുടങ്ങി.

നെരിപ്പോടിലേക്ക്,

വിഴുവിഴുത്ത  ഗൾഫു പാവാടകൾ ശക്തിയിൽ ഇളകി.

പേന് തീയിൽ പൊട്ടുന്ന കേട്ട് എല്ലാരും തൊള്ളയിലെത്താത്ത ശബ്ദമുണ്ടാക്കി.

വിശപ്പു മറക്കാൻ ആഞ്ഞാഞ്ഞു പേൻ തപ്പി,

കണ്ണ് കൂർത്ത്,  തല മിന്നും വരെ. 


തോട്ടുവക്കിലാളുകൂടിവന്നു.

ഇരന്നെടുത്ത സോപ്പു തുണ്ടിന്മേൽ 

വഴക്കടിച്ചവർ കണ്ടാ മിണ്ടാതെയായി.

"നിന്റെ കെട്ടിയോൻ പിഴ്ത് ചേമ്പെല്ലാം 

നാട്ട്കാര് പെണ്ണുങ്ങക്ക് വീതംവെച്ചെന്ന് കേട്ടല്ലാടീ"

"അത് കടം വീട്യതാണക്കാ".

"നല്ല  പാടായി... ദേ പമ്മിയിരിക്കണൊരീര്!"

മറുതുണിയില്ലാതെ പെണ്ണുങ്ങൾ 

നനവൂറിയതിട്ട്, പുണ്ണ് പിടിച്ച് 

ചീലപ്പേനിനെ പ്രാകി .

റേഷൻ കിട്ടിയ തുണി 

കാലത്തുണങ്ങിക്കിട്ടുമോ എന്നൊരാധി.

അതിൽ പെരുകിക്കിടക്കുന്ന പേൻ കുഞ്ഞുങ്ങളെ ആർക്കുമിളക്കാനാവില്ല.

വെള്ളം തൊട്ടപ്പോൾ തെളിഞ്ഞ കരപ്പനിടയിൽ 

ശ്രദ്ധയോടെ പതുങ്ങിയിരുന്ന് പേനുപെറ്റ്.

എല്ലാ സംസാരങ്ങളുമതിൽ വന്നു തെന്നി.

ഉടുപ്പൂരി എറിയാൻ എല്ലാരും ആഗ്രഹിച്ചു.

"ചെലപ്പോ പിരിയത്തും, കണ്ണിന്റെ പോളേലും പെരുകും.

അമ്പോ! ആർക്കും കാണാൻ കിട്ടൂല്ല!

കൂർപ്പിച്ച നഖം കൊണ്ട് ചോരണ്ടിക്കളയണം."


പതിയെ എപ്പഴോ ചീലപ്പേൻ കാലം വരാതായി.

ഉടുതുണി കിട്ടിത്തുടങ്ങി. 


പറ്റിയിരിക്കുന്ന ചെറുതെന്ത് കണ്ടാലും 

അമ്മ ഓർക്കും, നാശം പിടിച്ച ചീലപ്പേനെ പറ്റി.  

കേട്ടിരിക്കുന്നവരുടെ ചുണ്ടുകൾ വശങ്ങളിലേക്ക് തളരും.


 "ഏറ്റവും വൃത്തി മൗനത്തിനു തന്നെയാണ്. വാക്കിൽ പകരുമ്പോഴേയ്ക്കും എല്ലാം എച്ചിലാകുന്നതു പോലെ"


അറിയാത്ത ഭാഷയിലുള്ള പാട്ടുകൾ കേൾക്കുന്ന ശീലമുള്ളവർ,

അവർക്കുള്ളിൽ 

പുറത്തുകടക്കാൻ വഴികളനുവദിക്കപ്പെടാത്ത മനുഷ്യന്മാരുണ്ട്.

കേടുപാടുകളില്ലാതെ പ്രവർത്തിക്കുന്നൊരു അവയവം പോലെ 

ആയാസരഹിതമായ വേദനയുടെ ഒരോഹരി.

മനസിലാകുന്ന വാക്കുകളുള്ള   സംഗീതം 

മുറിപ്പെടുത്തുന്നതെന്ത്, അറിയാതെ.

മറിച്ചാണെങ്കിലോ?

എഴുത്ത്‌ ഭാഷയുടെ ഇടനിലയില്ലാതെ 

സംഗീതം അതിന്റെ  സൂക്ഷ്മാർത്ഥത്തിൽ 

സ്വകാര്യമായതിലേക്ക്,

ആരെയും കടത്തിവിട്ടിട്ടില്ലാത്ത ഹൃദയവാൽവിലേക്ക് 

പൊടുന്നനെ പ്രവശിക്കുന്നു.

അതിന്റെ തുറസിന് ക്രമമില്ല: 

സമയവുമായുള്ള  ഒരു കേവല പരിശീലനം.

വേദനയുടെ അണക്കെട്ടിന്റെ അടിവശത്ത് കാറ്റ് കടക്കുന്നു.

വീണ്ടും വീണ്ടും അതേ പാട്ടുകൾ കേൾക്കുന്നു.

പാത്രം മെഴുക്കുമ്പോൾ,

വെറുതെയിരിക്കുമ്പോൾ,

തുണിയലക്കുമ്പോൾ,

ഉറങ്ങുമ്പോൾ, 

ചായകുടിക്കുമ്പോൾ. 

അങ്ങനെ,

രഹസ്യമായി നിങ്ങൾക്കൊയൊരു പശ്ചാത്തല സംഗീതമൊരുങ്ങന്നു.

വൈകുന്നേരത്തെ നടത്തത്തിൽ,

 ഓ. പി  ടിക്കറ്റിനായുള്ള ക്യുവിൽ 

വീട്ടു വഴക്കുകൾ കഴിഞ്ഞുള്ള ഇരിപ്പിൽ 

കുഞ്ഞുങ്ങളെ നോക്കി പാർക്കിലെ സ്റ്റീൽ കമ്പിയുടെ തണുപ്പിൽ-  ചാരിനിൽക്കുമ്പോൾ 

പതിയെയാണെങ്കിലും ഒറ്റയ്ക്കല്ലാതാകുന്നു.

ചിലരുമായി ആ പാട്ടുകളിൽ പലതും പങ്കുവെക്കും.

അപ്പോഴൊക്കെ,

നിങ്ങൾക്കനുകമ്പയുണ്ടാകും.

സാക്സോഫോണോ, സിത്താറോ  നേർത്ത് കിടക്കും.


മൗനവുമായി ഏറ്റവുമടുത്ത്  നിൽക്കുന്നതിനേ 

നിങ്ങൾക്കിറ്റ് സൗഹൃദം നൽകാനാവൂ.

വാക്ക് തിരിയാത്ത സംഗീതം കേൾക്കുന്നവർ.

വാക്ക് തിരിയാത്ത സംഗീതം കേൾക്കുന്നവർ,

സാധാരണയിൽ കൂടുതൽ 

നിഴലനക്കങ്ങളിൽ അതിശയമുള്ളവരാകും.