ഇമ്പമുള്ളവരാണ് കുഞ്ഞുങ്ങൾ.
വിരൽത്തുമ്പുകളിൽ കൗതുകമുള്ളവർ.
അവർ വരയ്ക്കുന്ന ചിത്രങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ?
സഹജങ്ങളല്ലാത്ത നിറങ്ങൾ തിരഞ്ഞെടുക്കുന്നത്?
വീടിന്റെ മേൽക്കൂരയ്ക് കടും പച്ച
മനുഷ്യരുടെ തൊലിക്ക് വയലറ്റ്
കറുത്ത പൂക്കൾ
ചലനത്തിന് മഞ്ഞ.
വലുതാകുമ്പോൾ
വിരസതയുള്ള നിറങ്ങൾ ഉത്സാഹമില്ലാതെ എടുക്കുന്നവരാകുന്നതെന്ത്?
കുഞ്ഞുങ്ങൾക്ക് മനസുനൊന്താലവരത് ഓർത്തിരിക്കും.
അതിനു മീതെയുള്ള ഉറപ്പില്ലാത്തൊരു മൂടലാണ് പിന്നീടുള്ള ദിവസങ്ങൾ.
കാല ദൂരങ്ങൾ വെച്ചളക്കുമ്പോൾ
അതിനു കട്ടിയുണ്ടെന്നു തോന്നിയേക്കും.
ഒരു സമയ വിഭ്രാതിയാണത്.
എങ്കിലുമവർ നേരത്തിനെ സ്നേഹസാന്ദ്രമാക്കും.
സങ്കോചമില്ലാത്തൊരടുപ്പത്തിൽ കണ്ണുകൾ മുങ്ങിപ്പോവും.
അറിയാനുള്ള വെമ്പലിൽ വലിയ വർത്തമാനം പറയും, കുഞ്ഞുങ്ങൾ.
ബലപ്പെടാത്ത ഭാഷകൊണ്ട് അത് മുതിർന്നവരെ ചിരിപ്പിച്ചേക്കാം.
ചുറ്റുമുള്ളവരുടെ വായകൾ ആകൃതികെട്ട് ചലിക്കുന്ന കാണുമ്പോൾ,
ആ വായിൽനിന്നു സാമാന്യ വിരുദ്ധമായ ശബ്ദങ്ങളുണ്ടാകുമ്പോൾ
കുഞ്ഞുങ്ങൾക്കെന്താവും തോന്നുക?
തർക്കിച്ചു ജയിക്കാനൊക്കാത്ത കൊണ്ടല്ലേ മൂത്തൊരൊക്കെ കയർക്കുക ?
കുഞ്ഞുങ്ങൾ ശല്യക്കാരാണോ ?
നീക്കുപോക്കുകൾ അവർക്ക് പരിചിതമല്ല.
ചോദ്യത്തിന് ഉത്തരം:
അവർക്കു ദഹിക്കുന്ന, തൃപ്തിയുള്ള ഉത്തരങ്ങൾ.
പ്രകടിപ്പിക്കലിലൂടെ മാത്രം മനസിലാവുന്ന സ്നേഹം.
ആഹാരം.
കുഞ്ഞുങ്ങൾ സ്വയം നീതിയുള്ളവരും, പായുന്നവരുമാണ്.
ആർക്കും എളുപ്പത്തിൽ കണ്ടെത്താനാവാത്ത തൃഷണയുടെ പുറ്റാണ് കുട്ടികാലം.
വ്രണപ്പെട്ടാലും അത് വളരും.
കുഞ്ഞുങ്ങൾക്ക് നല്ല ഉടുപ്പുകളുണ്ടാകട്ടെ .
അനുവദിച്ചില്ലെങ്കിലും സ്വതന്ത്രരാവാൻ
അവരുടെ എല്ലുകൾക്ക് ബലമുണ്ടാകട്ടെ.
No comments:
Post a Comment