"ഏറ്റവും വൃത്തി മൗനത്തിനു തന്നെയാണ്. വാക്കിൽ പകരുമ്പോഴേയ്ക്കും എല്ലാം എച്ചിലാകുന്നതു പോലെ"
അറിയാത്ത ഭാഷയിലുള്ള പാട്ടുകൾ കേൾക്കുന്ന ശീലമുള്ളവർ,
അവർക്കുള്ളിൽ
പുറത്തുകടക്കാൻ വഴികളനുവദിക്കപ്പെടാത്ത മനുഷ്യന്മാരുണ്ട്.
കേടുപാടുകളില്ലാതെ പ്രവർത്തിക്കുന്നൊരു അവയവം പോലെ
ആയാസരഹിതമായ വേദനയുടെ ഒരോഹരി.
മനസിലാകുന്ന വാക്കുകളുള്ള സംഗീതം
മുറിപ്പെടുത്തുന്നതെന്ത്, അറിയാതെ.
മറിച്ചാണെങ്കിലോ?
എഴുത്ത് ഭാഷയുടെ ഇടനിലയില്ലാതെ
സംഗീതം അതിന്റെ സൂക്ഷ്മാർത്ഥത്തിൽ
സ്വകാര്യമായതിലേക്ക്,
ആരെയും കടത്തിവിട്ടിട്ടില്ലാത്ത ഹൃദയവാൽവിലേക്ക്
പൊടുന്നനെ പ്രവശിക്കുന്നു.
അതിന്റെ തുറസിന് ക്രമമില്ല:
സമയവുമായുള്ള ഒരു കേവല പരിശീലനം.
വേദനയുടെ അണക്കെട്ടിന്റെ അടിവശത്ത് കാറ്റ് കടക്കുന്നു.
വീണ്ടും വീണ്ടും അതേ പാട്ടുകൾ കേൾക്കുന്നു.
പാത്രം മെഴുക്കുമ്പോൾ,
വെറുതെയിരിക്കുമ്പോൾ,
തുണിയലക്കുമ്പോൾ,
ഉറങ്ങുമ്പോൾ,
ചായകുടിക്കുമ്പോൾ.
അങ്ങനെ,
രഹസ്യമായി നിങ്ങൾക്കൊയൊരു പശ്ചാത്തല സംഗീതമൊരുങ്ങന്നു.
വൈകുന്നേരത്തെ നടത്തത്തിൽ,
ഓ. പി ടിക്കറ്റിനായുള്ള ക്യുവിൽ
വീട്ടു വഴക്കുകൾ കഴിഞ്ഞുള്ള ഇരിപ്പിൽ
കുഞ്ഞുങ്ങളെ നോക്കി പാർക്കിലെ സ്റ്റീൽ കമ്പിയുടെ തണുപ്പിൽ- ചാരിനിൽക്കുമ്പോൾ
പതിയെയാണെങ്കിലും ഒറ്റയ്ക്കല്ലാതാകുന്നു.
ചിലരുമായി ആ പാട്ടുകളിൽ പലതും പങ്കുവെക്കും.
അപ്പോഴൊക്കെ,
നിങ്ങൾക്കനുകമ്പയുണ്ടാകും.
സാക്സോഫോണോ, സിത്താറോ നേർത്ത് കിടക്കും.
മൗനവുമായി ഏറ്റവുമടുത്ത് നിൽക്കുന്നതിനേ
നിങ്ങൾക്കിറ്റ് സൗഹൃദം നൽകാനാവൂ.
വാക്ക് തിരിയാത്ത സംഗീതം കേൾക്കുന്നവർ.
വാക്ക് തിരിയാത്ത സംഗീതം കേൾക്കുന്നവർ,
സാധാരണയിൽ കൂടുതൽ
നിഴലനക്കങ്ങളിൽ അതിശയമുള്ളവരാകും.
No comments:
Post a Comment