Saturday, 27 February 2021

 ഫുട്നോട്ട് ടു ഇൻസോംനിയ 


ഒറിഗാമി മുയലിന്‍റെ, അളവുതെറ്റിയ ആദ്യത്തെ മടക്ക്.

സ്വയം വലിഞ്ഞും പലതായി പിരിഞ്ഞും 

മാംസനൃത്തം പോലെ തിരക്ക്.

അതിന്‍റെ പല വശങ്ങളിൽ നിന്നും 

പരിചയമുണ്ടെന്നു തോന്നിക്കുന്ന മനുഷ്യർ 

വാങ്ങാനുദ്ദേശിക്കാത്ത വസ്തുക്കളുടെ പേര് 

തൊണ്ട വീങ്ങുമാറ് വിളിച്ച് 

കടകളിലേക്ക് ബലത്തിൽ വലിച്ചിടുംപോലെ.

നടത്തത്തിന്  ഭാരമേറി, കൈവീശാൻ ശേഷിയില്ലാതെ.

തോളിലാരോ പറ്റിയിരുന്ന് 

ബിഗ്ഷോപ്പറിലെ എന്‍റെ പിടുത്തത്തിലേക്ക്  

സൂചി തുന്നുന്നു:

തൊലിയിൽ  സമ്മതമില്ലാതെ പൊങ്ങലുകളുണ്ടാക്കുന്നു.

അമ്മ വർഷങ്ങളായി ഉടുക്കുന്ന 

അതേ മജന്ത പൂക്കളുള്ള പോളിസ്റ്റർ സാരിയിൽ 

ഒരു സ്ത്രീ കടന്നു പോയി.

അത് വീട്ടിലെത്തി പറഞ്ഞു സന്തോഷിക്കാനാളില്ലെന്നോർത്ത്  

ഞാൻ മാഞ്ഞുപോയി.


പിരിപിണങ്ങിയ അടപ്പുപോലുറക്കം.

കോഫീ ഹൗസിലെ   

കളിമൺ പാത്രങ്ങളുടെ ഉരസൽ  ശബ്ദത്തിന്‍റെ 

ആരോഹണം താങ്ങാനാവാതെയാണ് ഞെട്ടിയെഴുന്നേൽക്കുന്നത്. 

തണുത്ത വെള്ളം കുടിക്കാൻ തോന്നിയെങ്കിലും 

കരയുകയാണുണ്ടായത്.

ഉപ്പൂറ്റി ശക്തിയിലൂന്നി നടന്നു, മുറിയാകെ.

ഒരിളവും നൽകാതുറക്കം പൊയ്ക്കഴിഞ്ഞു.

കൺപീലികളിലോരോന്നിലും വെളിച്ചത്തിന്‍റെ റോന്തുചുറ്റൽ.

ഇപ്പോളനാവശ്യമായി ഓർക്കാനാണ് 

നട്ടുച്ചയ്ക് ഇലവുങ്കാ പൊട്ടിയ കണ്ടതുതന്നെ.

ശാഖകളുള്ളൊരു വയറുവേദന നഖങ്ങളിൽ നീന്തി തുടങ്ങി.


ധൃതിയിൽ ഞാൻ പുറത്തേക്കോടി 

ഒരു കെട്ട് മുല്ലമൊട്ടയഞ്ഞപോലെ 

ഛർദിച്ചു.


Monday, 15 February 2021

 നെരിപ്പോട് വെക്കുന്ന സമയത്താണ് ഫോണടിക്കുന്നത്.

സിമന്റ് തറയിലൂടെ 

കൈമുട്ടിന്‍റെയറ്റം വരെ ഉരസിനീക്കി റിങ് ടോൺ കെടുത്തി.

വീണ്ടും വിളിച്ചതുകൊണ്ടെടുത്തു.

കടൽത്തീരമില്ലാത്ത നഗരത്തിൽ 

സ്ഥിരതാമസമാക്കിയ സുഹൃത്താണ്.


എന്റെ ഞരമ്പിലൂടെ സ്വസ്ഥതയുടെ വെളിച്ചം പാഞ്ഞു.

അതെന്‍റെ ശബ്ദത്തെ മിനുസമുള്ളതാക്കി.

സകലതിനോടും ഒരു സ്നേഹം വന്നുനിറഞ്ഞു.


" ഒരുമിച്ചു വായിച്ച കവിത കണ്ടു,

പഴയ മാസിക തപ്പിയപ്പോൾ. 

കേൾപ്പിക്കാല്ലോ എന്നോർത്തു".

ഒരു പുതപ്പുപോലെയാണയാളുടെ ശബ്ദം, കയർക്കാനൊക്കാത്തതരം.

"ആടോ"

ഞാനെന്‍റെ രക്തത്തെയാകെ കേൾവിയിലേക്കെടുത്തിരുന്നു.  

പ്രിയപ്പെട്ട അധ്യാപകനെ ടൗണിൽ വെച്ച് കണ്ടുമുട്ടുന്ന 

കണ്ണുകാണാനാകാത്ത  വിദ്യാർഥിനികൾ. 

അതാണാ കുഞ്ഞു കവിത.


കവിത പറഞ്ഞു കഴിഞ്ഞുടനെ 

ഒരു മിന്നലിനെ ഞങ്ങൾ രണ്ടാളും വിഴുങ്ങിയിരിക്കണം!

മൂടൽമഞ്ഞിന്‍റെ അസ്തമയം തലച്ചോറിൽ പതിച്ചപോലെ ഞാൻ വിറച്ചു.

ഭൂമിയാകെ അനക്കമറ്റ് വെമ്പിയപോലെ.

എനിക്കുറപ്പായിരുന്നു,

ഈർപ്പമുള്ള കൈപ്പത്തികളായിരുന്നതിന്‍റെ പ്രാർത്ഥന.

വർത്തമാനത്തിന്  പ്രാർത്ഥനയുണ്ടാകുക

എന്നതെത്ര വാത്സല്യമുള്ള ശേഷിപ്പാണ്!


ചെന്നടിയാൻ മനുഷ്യർ പരസ്പരം തിരഞ്ഞെടുക്കുന്നല്ലോ!   

നിമിഷങ്ങളുടെ നീറ്റലിലായാൽക്കൂടി,

സൗഹാർദമായത് കടന്നുവരും.

Sunday, 14 February 2021

ജീവിതത്തിലന്നു വരെ കണ്ട ഏറ്റവും,

സുന്ദരങ്ങളായ രണ്ട് സ്വപനങ്ങൾ 

പരസ്പരം വീണ്  കണികകളായി ചിതറി

ശരീരത്തിലൊരു തിരമാലയുണ്ടാക്കിയപോല 

ആ കാഴ്ച്ച, 

ആർദ്രതയുടെ നീരനക്കം സൃഷ്ടിച്ചു.


കാക്കക്കുഞ്ഞുങ്ങളുടെ കുളിയായിരുന്നത്.


നോക്കിനിൽക്കുംതോറുമത്

ഹൃദയത്തിൽ വരകളുണ്ടാക്കി.

ഒരു ദൂരദർശിനിയെടുത്ത്

അവരുടെ വായിലെ ചുവപ്പ്

ശ്രദ്ധിച്ചു, ഞാൻ.

ഉപ്പൻ്റെ കണ്ണിലേതുപോലുള്ള

കടും ചുവപ്പ്.  പശിമയുള്ളത്.

ഒരു കുഞ്ഞു ജീവിയുടെ ചലനത്തിൻ്റെ

ഭംഗി കാണാൻ കാത്തിരിക്കുന്നതിലൊരു

വൈചിത്രമില്ലേ?

ആ ചലനത്തിൻ്റെ ദൈർഘ്യമോ, വേഗമോ,

ആകൃതിയോ അറിയാതെ

എത്രനേരമിങ്ങനെ?

തലകറക്കം പോലുള്ള ദിവസത്തെ,

ശ്വാസമിടിപ്പിൻ്റെ നേരിയ തുടിപ്പിലേക്ക്

ഒരു കാഴ്ചയുടെ ഉല്ലാസം ഊറിക്കൂട്ടുന്ന കണ്ടു.


കാക്കക്കുഞ്ഞുങ്ങൾ വെള്ളത്തിൽ തലമുക്കി

ഇടത്തേക്കും വലത്തേക്കും വേഗത്തിൽ ലാഞ്ചി

നിവർന്ന്,

ഒപ്പം ചിറക് രണ്ടും വിടർത്തി, വായ തുറന്ന്

ശക്തിയിൽ കുടഞ്ഞു.

അപ്പോൾ,

തൂവലുകൾ വശങ്ങളിലേക്ക് ഏറ്റ് നിന്ന്

വൃത്താകൃതിയിലൊരു കിരീടമുണ്ടാക്കി.

നിമിഷത്തിൽ നനവൊട്ടി മിഴിച്ചു.

വെയിലുമായി അവർ നടത്തുന്ന ഒരിഴുക്കലെത്ര ചന്തമുള്ളതാണ്!

പലേ വലിപ്പത്തിൽ കാക്കകൾ

പലശൈലിയിൽ പറന്നിറങ്ങുന്നു.

കാലുകൾ മാത്രം അനങ്ങാതുറപ്പിച്ച്

ദേഹമാകെ കൊക്കുരുമ്മി

വെള്ളത്തിലേക്കാത്തും, പിൻവാങ്ങിയും

വേഗത്തിലൊരു പറക്കൽ, ആഴത്തിലേക്കൊട്ടുമിറങ്ങാതെ.

ചലനാത്മകമൊരു പിടച്ചിൽ പോലത്

തോന്നിയേക്കാമെങ്കിലും

സുന്ദരമായൊരു കാഴ്ചയാണത്.


എൻ്റെ ബൈനോകുലറിൻ്റെ മുനമ്പ് കൊണ്ട്

തൊടാനാവുന്നയറ്റംവരെ 

കാക്കക്കുഞ്ഞുങ്ങളെ ഞാൻ സ്നേഹിച്ചുകൊണ്ടിരുന്നു,

ദിനം.