നെരിപ്പോട് വെക്കുന്ന സമയത്താണ് ഫോണടിക്കുന്നത്.
സിമന്റ് തറയിലൂടെ
കൈമുട്ടിന്‍റെയറ്റം വരെ ഉരസിനീക്കി റിങ് ടോൺ കെടുത്തി.
വീണ്ടും വിളിച്ചതുകൊണ്ടെടുത്തു.
കടൽത്തീരമില്ലാത്ത നഗരത്തിൽ
സ്ഥിരതാമസമാക്കിയ സുഹൃത്താണ്.
എന്റെ ഞരമ്പിലൂടെ സ്വസ്ഥതയുടെ വെളിച്ചം പാഞ്ഞു.
അതെന്‍റെ ശബ്ദത്തെ മിനുസമുള്ളതാക്കി.
സകലതിനോടും ഒരു സ്നേഹം വന്നുനിറഞ്ഞു.
" ഒരുമിച്ചു വായിച്ച കവിത കണ്ടു,
പഴയ മാസിക തപ്പിയപ്പോൾ.
കേൾപ്പിക്കാല്ലോ എന്നോർത്തു".
ഒരു പുതപ്പുപോലെയാണയാളുടെ ശബ്ദം, കയർക്കാനൊക്കാത്തതരം.
"ആടോ"
ഞാനെന്‍റെ രക്തത്തെയാകെ കേൾവിയിലേക്കെടുത്തിരുന്നു.
പ്രിയപ്പെട്ട അധ്യാപകനെ ടൗണിൽ വെച്ച് കണ്ടുമുട്ടുന്ന
കണ്ണുകാണാനാകാത്ത വിദ്യാർഥിനികൾ.
അതാണാ കുഞ്ഞു കവിത.
കവിത പറഞ്ഞു കഴിഞ്ഞുടനെ
ഒരു മിന്നലിനെ ഞങ്ങൾ രണ്ടാളും വിഴുങ്ങിയിരിക്കണം!
മൂടൽമഞ്ഞിന്‍റെ അസ്തമയം തലച്ചോറിൽ പതിച്ചപോലെ ഞാൻ വിറച്ചു.
ഭൂമിയാകെ അനക്കമറ്റ് വെമ്പിയപോലെ.
എനിക്കുറപ്പായിരുന്നു,
ഈർപ്പമുള്ള കൈപ്പത്തികളായിരുന്നതിന്‍റെ പ്രാർത്ഥന.
വർത്തമാനത്തിന് പ്രാർത്ഥനയുണ്ടാകുക
എന്നതെത്ര വാത്സല്യമുള്ള ശേഷിപ്പാണ്!
ചെന്നടിയാൻ മനുഷ്യർ പരസ്പരം തിരഞ്ഞെടുക്കുന്നല്ലോ!
നിമിഷങ്ങളുടെ നീറ്റലിലായാൽക്കൂടി,
സൗഹാർദമായത് കടന്നുവരും.
No comments:
Post a Comment