ഫുട്നോട്ട് ടു ഇൻസോംനിയ
ഒറിഗാമി മുയലിന്‍റെ, അളവുതെറ്റിയ ആദ്യത്തെ മടക്ക്.
സ്വയം വലിഞ്ഞും പലതായി പിരിഞ്ഞും
മാംസനൃത്തം പോലെ തിരക്ക്.
അതിന്‍റെ പല വശങ്ങളിൽ നിന്നും
പരിചയമുണ്ടെന്നു തോന്നിക്കുന്ന മനുഷ്യർ
വാങ്ങാനുദ്ദേശിക്കാത്ത വസ്തുക്കളുടെ പേര്
തൊണ്ട വീങ്ങുമാറ് വിളിച്ച്
കടകളിലേക്ക് ബലത്തിൽ വലിച്ചിടുംപോലെ.
നടത്തത്തിന് ഭാരമേറി, കൈവീശാൻ ശേഷിയില്ലാതെ.
തോളിലാരോ പറ്റിയിരുന്ന്
ബിഗ്ഷോപ്പറിലെ എന്‍റെ പിടുത്തത്തിലേക്ക്
സൂചി തുന്നുന്നു:
തൊലിയിൽ സമ്മതമില്ലാതെ പൊങ്ങലുകളുണ്ടാക്കുന്നു.
അമ്മ വർഷങ്ങളായി ഉടുക്കുന്ന
അതേ മജന്ത പൂക്കളുള്ള പോളിസ്റ്റർ സാരിയിൽ
ഒരു സ്ത്രീ കടന്നു പോയി.
അത് വീട്ടിലെത്തി പറഞ്ഞു സന്തോഷിക്കാനാളില്ലെന്നോർത്ത്
ഞാൻ മാഞ്ഞുപോയി.
പിരിപിണങ്ങിയ അടപ്പുപോലുറക്കം.
കോഫീ ഹൗസിലെ
കളിമൺ പാത്രങ്ങളുടെ ഉരസൽ ശബ്ദത്തിന്‍റെ
ആരോഹണം താങ്ങാനാവാതെയാണ് ഞെട്ടിയെഴുന്നേൽക്കുന്നത്.
തണുത്ത വെള്ളം കുടിക്കാൻ തോന്നിയെങ്കിലും
കരയുകയാണുണ്ടായത്.
ഉപ്പൂറ്റി ശക്തിയിലൂന്നി നടന്നു, മുറിയാകെ.
ഒരിളവും നൽകാതുറക്കം പൊയ്ക്കഴിഞ്ഞു.
കൺപീലികളിലോരോന്നിലും വെളിച്ചത്തിന്‍റെ റോന്തുചുറ്റൽ.
ഇപ്പോളനാവശ്യമായി ഓർക്കാനാണ്
നട്ടുച്ചയ്ക് ഇലവുങ്കാ പൊട്ടിയ കണ്ടതുതന്നെ.
ശാഖകളുള്ളൊരു വയറുവേദന നഖങ്ങളിൽ നീന്തി തുടങ്ങി.
ധൃതിയിൽ ഞാൻ പുറത്തേക്കോടി
ഒരു കെട്ട് മുല്ലമൊട്ടയഞ്ഞപോലെ
ഛർദിച്ചു.
No comments:
Post a Comment