Sunday, 27 December 2015

കിടക്ക, നിവര്‍ന്നിരിക്കുന്നവരുടെ മിത്താണ്.



ഗ്നതയൂറ്റിക്കിടന്ന
വെളുത്ത മെത്തവിരിയിലെ
ചുവന്ന സുഷിരത്തില്‍ നിന്ന്
മുളച്ചു പൊന്തുമ്പോഴും
ഞാന്‍ നിവര്‍ന്നു തന്നെയിരുന്നു.
എന്നിലൂടെ
ഊര്‍ന്നും,
വളഞ്ഞും,
ഇഴുകിയും,
പൊടിച്ചു കയറി
പൂക്കളാലെന്നെ മൂടി
വഴക്കത്തോടെ കിടക്കയിലേക്ക് ചരിച്ച്
ഉയിരിന്റെ വേരടര്‍ത്തുമ്പോ,
ഞാന്‍ പെറ്റ
പൂമ്പാറ്റകള്‍
ഒറ്റവരയ്ക്ക് ചിറകു വച്ചപോലെ
നീലപ്പരപ്പിലേക്ക്
നിവര്‍ന്ന നോട്ടങ്ങളുമായി
പറന്നു പൊങ്ങി.

Monday, 23 November 2015

ജനിക്കാനിരിക്കുന്നവന്റെ ആത്മഹത്യാക്കുറിപ്പ്‌ .



ഉറക്കത്തിനിടെ പിറവിയുടെ ഞരമ്പ്
പിടച്ചപ്പോഴാണ് , ഓര്‍മ്മയില്‍
പറിച്ചെടുത്ത നഖങ്ങള്‍
ചിതറിയത്.
ജനിച്ചവന്റെ ജീവിക്കാനുള്ള ബാധ്യത
നെഞ്ചിന്റെ തുടിപ്പിനോപ്പം അളന്നപ്പോള്‍,
ഞാന്‍ ,
ആത്മഹത്യ ചെയ്യാന്‍
തീരുമാനിക്കുകയായിരുന്നു.
കാത്തിരിക്കുന്ന അമ്മയ്ക്കും
തിരിച്ച് പോകേണ്ട ശൂന്യതയ്ക്കുമിടയി-
ലെപ്പോഴോ സ്വയം തിരിഞ്ഞ്
മെഴുക്കിലെന്നപോലെ
ഞാന്‍ തെന്നി.
ശ്വാസം നിലയ്ക്കണ്ടേ?
അമ്മ ആഞ്ഞാഞ്ഞ് പിടയുന്നതിനിടെ
ഭൂമിയില്‍ ആകാശം ചുവന്നു.
അടിവയറ്റില്‍ വേരാഴ്ത്തി,
എന്റെ കനംവയ്ക്കാത്ത പൊക്കിള്‍ക്കൊടി
വലിഞ്ഞു പൊട്ടാന്‍
മേപ്പോട്ട് പടര്‍ന്നു.
സ്നേഹമിറ്റിയ മാറിടം.
അമ്മ തികട്ടിയ
ആനന്ദത്തിന്റെ ഉച്ചിഷ്ടങ്ങള്‍.
വേദനകൊണ്ട് വിറച്ച
പതപ്പ്‌ പൊട്ടിച്ച്
ഞാന്‍ അസ്തമയങ്ങളിലേക്ക് പാഞ്ഞു.
താഴേ, അങ്ങ് ദൂരത്ത്,
അമ്മ വേര്‍പെട്ടു.
കുരുങ്ങിക്കോര്‍ത്ത
ജീവന്റെ നാരുകള്‍
എന്റെ ആത്മഹത്യാക്കുറിപ്പ്‌.
നിലാവെട്ടത്തില്‍ ചാപിള്ളയായുയിരിട്ടത്
സുഷുപ്തിയില്‍ ഞാനേറ്റ
പുനര്‍ജനിയ്ക്കായാണ്.

Monday, 9 November 2015

പ്രണയത്തിന്റെ രാജിക്കത്ത്



നിരത്തുകളില്‍ നിന്നും ഞാ-
നകന്നു പോകുന്നത്
കാല്‍പാദങ്ങള്‍ കടന്ന്
നീ നില്‍ക്കുന്നതു കൊണ്ടാണ്..
കണ്ണുകളില്‍ നിന്നും
കാഴ്ചകളെ പറിച്ചുനീക്കിയത്
കാഴ്ചയ്ക്കറ്റം നിന്റെ
നോട്ടമില്ലെന്ന ബോധ്യമാണ്.
ചുംബിക്കാനാഞ്ഞവരില്‍നിന്ന്
ഒഴിഞ്ഞു മാറിയത്
നീ നനയ്ക്കാത്ത  എന്റെ
വരണ്ട ചുണ്ടുകള്‍.
അനാവശ്യമായി ചിരിച്ചത്
നമുക്കിടയിലെ
ആണിനേയും പെണ്ണിനേയും കുറിച്ചോര്‍ത്ത്.
(എന്റെ ചിരിയോര്‍ത്ത് നീ
സ്ഖലിക്കാറുള്ള കഥയാണ്‌
ഇന്നെന്റെ നേരമ്പോക്ക്.)
പറയാനൊരുങ്ങുമ്പോഴൊക്കെ
നീ സ്നേഹംകൊണ്ടെന്നെ
കുഴക്കിയിരുന്നു.
എന്റെ വെളുത്ത തൊലിപ്പുറത്തേക്ക്
നിന്റെ തിളങ്ങുന്ന നിറത്തെ
ചേര്‍ത്തത്  ഞാനായിരുന്നു.
മടുപ്പ് ദിവാസ്വപ്നമല്ലല്ലോ...
നമ്മളിലെ ഞാന്‍
അടര്‍ന്ന്‌ മാറി
വീണ്ടും കിളിര്‍ക്കട്ടെ.

Monday, 7 September 2015

അനന്തരം അത് പ്രണയമാകുന്നില്ല.



                                    പൂത്തുലയുന്ന കണ്ണുകള്‍ തമ്മില്‍  ഇടനാഴിയില്‍വച്ച് കൂട്ടിമുട്ടിയത് അറിഞ്ഞുകൊണ്ടായിരുന്നു. എന്റെ ദരിദ്ര യവ്വനത്തിന്റെ ശോഷിച്ച  നോട്ടത്തിന് അതൊട്ട്‌ താങ്ങാനാവില്ലെന്നും അറിയാമായിരുന്നു.  ആ ചൂഴ്ന്നുള്ള ചിരി ഒരേറുപോലെ നെഞ്ചില്‍ക്കൊള്ളുന്നത് കിനാവുകണ്ടു. യൂണിവേര്‍‌സിറ്റിയുടെ പൊതുചര്‍ച്ചകളില്‍ ഇടയ്ക്കൊക്കെ കൊട്ടിക്കേറുന്ന ശബ്ദത്തെ , അതുവരെ ഞാൻ നിർമിച്ചെടുത്ത രൂപത്തിനു കൈമാറിക്കഴിഞ്ഞു. പുച്ഛത്തോടെ മാത്രം കണ്ടിരുന്ന റൊമാന്റിക്‌ അസ്കിതകള്‍, തിയറിക്ലാസുകളില്‍ കിനിഞ്ഞിങ്ങി അലോസരപ്പെടുത്തി."രോഗം മറ്റെതാണ്.." സുഹൃത്ത് പറഞ്ഞു.ഞാന്‍ വിനയപൂര്‍വ്വം മൂളി.

                                "പ്രണയമാണ്..."
                                 "എനിക്കും."
ഒരുവര്‍ഷത്തോളം ആ ചുമട്ടുപണിയുടെ വോളെന്‍റെറിവര്‍ക്ക്‌ ഏറ്റെടുത്തു...

                             "നീ അണ്‍റൊമാന്റിക്‌ ആണ്.."
                                "ഉം.."
                             "എനിക്ക് നീ വലിയ പൊട്ടു കുത്തുന്നത് ഇഷ്ടമല്ല..."
                               "ഉം.."
                               "നീയെന്താ ഡ്രസ്സ്‌ ഒക്കെ ഇങ്ങനെ കെയര്‍ലെസ്സായി...???"
                               "ഉം.."
                           "ഇമോഷണല്‍ അല്ലാത്ത പെണ്ണിനെപറ്റി എനിക്ക് ചിന്തിക്കാനേ ആവില്ല!"
                                  "ഉം.."


            പ്രണയത്തിലൂടെ ഞാനിപ്പോ സ്വാതന്ത്ര്യത്തിന്റെ വിപ്ലവമുണ്ടാക്കുമത്രേ..!!!
ഒരാണ്ടിന്റെ വഴങ്ങിക്കൊടുക്കലുകള്‍... നിന്റെ നീറ്റലുകള്‍ ഒപ്പിമാറ്റാനും, ചുണ്ടനക്കങ്ങളിലെ പൈങ്കിളികളെ ആരാധിക്കാനും , നീ വെയില്‍വെട്ടങ്ങളില്‍ മറ്റുള്ളവര്‍ക്കായി എയ്തുവിടുന്ന ലിബറല്‍ ചുഴിക്കുതത്തുകളില്‍ ആശ്വസിക്കാനും,ഞാന്‍ കുടിച്ചുതീര്‍ത്ത അക്ഷരങ്ങളും,ചേര്‍ത്തുവച്ച സ്വപ്നങ്ങളും എന്നെ അഴിച്ചുവിടുന്നില്ലല്ലോ!!

  ഇറങ്ങിപ്പോക്ക് മനസുകളില്‍ നിന്നാവുമ്പോള്‍, ഒഴിഞ്ഞുകിടക്കല്‍ ആനന്ദമാണ്.



Monday, 10 August 2015

അമ്മക്കാര്യങ്ങള്‍


"ലാല്‍സംഗത്തിനു ശേഷം ഡല്‍ഹിയില്‍ പതിമൂന്നുകാരിയുടെ തലയറുത്തുമാറ്റി".ബ്രേകിംഗ് ന്യൂസായി എഴുതിക്കാണിച്ച വാര്‍ത്തകണ്ട് ഞങ്ങള്‍ ഓരോ വിധത്തില്‍ പ്രതികരിച്ചു. "ഇതൊക്കെ ഇപ്പോള്‍ ഒരു സ്ഥിരം സംഭവമല്ലേ..." എന്നാണ് ഞാന്‍ പറയാനൊരുങ്ങിയത്. അച്ഛന്‍, " ഇനി എന്തൊക്കെ കാണാനിരിക്കുന്നു," എന്ന രീതിയില്‍ ധീർഘമായൊന്നു നിശ്വസിച്ചു. ഞങ്ങള്‍ അമ്മയെ നോക്കി; അമ്മ നിര്‍ത്താതെ കരയുന്നു! "ഈ അമ്മമാര്‍ എപ്പോഴുമെന്താ ഇങ്ങനെ" എന്ന് മുഖം ചുളിച്ചുകൊണ്ട് ഞാന്‍ ആലോച്ചിക്കുമ്പോഴേക്കും, അച്ഛന്‍ മുറി വിട്ടിരുന്നു.

സ്വപ്നാടനത്തിന്റെ വഴിയറ്റം


ഞങ്ങൾ നടക്കാനിറങ്ങി. നീണ്ട വഴിയിലൂടെ സമയത്തെ പിളര്‍ന്ന്‍ കാല്പാദത്തിനു കനം വയ്പ്പിച്ചു. പെട്ടെന്ന് ഉള്ളിലെന്തോ കാളിയപ്പോഴാണ് തിരിഞ്ഞുനോക്കിയത്. നടന്നു വന്ന വഴി , തലേന്നത്തെ സ്വപ്നം പോലെ മാഞ്ഞു പോയിരിക്കുന്നു. അവനെ നോക്കി. കണ്ണുകളില്‍ നിറയെ ചിരി. സഞ്ചി തുറന്ന്‍ അവന്‍ കുറേ പുസ്തകങ്ങള്‍ നീട്ടി. എനിക്ക് തലകറങ്ങും പോലെ തോന്നി. ഭയവും അമ്പരപ്പും ഒരുമിച്ചുള്ള അവസ്ഥയിലായതിനാല്‍ ഞാന്‍പോലുമറിയാതെ എന്‍റെ കൈകള്‍ നീണ്ടു. ശേഷം, വഴിയോടൊപ്പം അവനും പോടിഞ്ഞില്ലതായി. ഭൂമിക്കുള്ളിലേക്ക് ഒരു സൂചിക്കുത്ത് പോലെ ആഴത്തില്‍ വീണുമറഞ്ഞു... അസ്തമിച്ച വഴിയെനോക്കി, ആഴത്തില്‍ മറഞ്ഞ സ്നേഹിതനെ നോക്കി തിരഞ്ഞെടുപ്പിന്‍റെ സാധ്യതയറിയാതെ ഞാന്‍ നിന്നു. തിരികെ നടക്കണമെന്നാണെങ്കില്‍ പുതിയ വഴി കണ്ടെത്തണം. ഇരുട്ട് പരക്കുന്നതിനൊപ്പം, പുസ്തകക്കെട്ടിലെ എന്‍റെ പിടി മുറുകി വന്നു.  


Monday, 6 July 2015

കിനാവിലെ പുരുഷന്‍ ;അഥവാ ഒറ്റപെടലിലെ ഒളിത്താവളങ്ങള്‍

.
          ഒറ്റയ്ക്ക് ജീവിക്കാനുറച്ച വടിവൊത്ത ഈ ശരീരമല്ലാതെ , ഭൂമിക്കുമുകളില്‍  എടുത്തു വയ്ക്കപ്പെട്ട ആഡംബരത്തിന്‍റെ നീര്‍ക്കെട്ട്പോലെയുള്ള  ആ  വീട്ടില്‍,  മറ്റാരുമില്ലെന്ന് അവള്‍ക്കു പൂര്‍ണ ബോധ്യമായിരുന്നു.  എങ്കിലും, ചലനങ്ങളുടെ കണക്കെടുപ്പുപോലെ വീട്ടുപണികള്‍ ചെയ്യുമ്പോള്‍ ,  മഞ്ഞവെയില്‍ പരക്കുന്ന അപരാഹ്നന്നത്തിന്‍റെയും,  ഇടയ്ക്കിടെ അറിഞ്ഞുകൊണ്ടുള്ള അറിയായ്മകളില്‍ ഉരസിമാറുന്ന കൈകളുടെയും  അദ്രിശ്യമായൊരാവരണം അവള്‍ക്കു ചുറ്റും നിര്‍മിക്കപ്പെട്ടു . അടച്ച മുന്‍വാതിലിന് നേരെയുള്ള സെറ്റിയില്‍ ഉന്മാദത്തോടെ വായിച്ചിരിക്കുമ്പോളെല്ലാം , താനറിയാതെ അകത്തളങ്ങളില്‍ തന്നെനോക്കിയിരിക്കുന്ന രണ്ടാമത്തെ നിഴലിനെ , കൌശലക്കാരിയായ കണ്ണുകള്‍ ചികഞ്ഞുകൊണ്ടിരുന്നു. ഇടയ്ക്കിടയ്ക് കാലു കോച്ചിപ്പിടിക്കുമ്പോള്‍,  മത്തുപിടിപ്പിക്കുന്ന നോട്ടവുമായി വന്ന് പരിചരിക്കുന്ന ,സ്ഥിരം മുഖമില്ലാത്ത പുരുഷരൂപമായിരുന്നു ഒറ്റപ്പെടല്‍! അലസമായി മുടിയിഴകളെ വിരല്‍തുമ്പില്‍ പിണയ്ക്ക്കുമ്പോള്‍ , ഉരുകിയൊലിക്കുന്ന കിനാവുകളിലെ കറുത്ത,ബലിഷ്ടങ്ങളായ കൈകള്‍ അവളെ മുറുകെ ചേര്‍ത്ത് പിടിച്ചിരുന്നു.
        
             ഒറ്റപ്പെടലുകളിലല്ലെങ്കില്‍ പിന്നെപ്പോഴാണ് പെണ്ണുടലുകള്‍ പൂത്തുലയുന്ന മറുപകുതിയാല്‍ വലയം ചെയ്യപ്പെടുന്നത്? നിരന്തരം നടക്കുന്നെങ്കിലും , ആരാലും കൊത്തിമാറ്റപ്പെടാത്ത ധ്യാനനിര്‍മിതികള്‍.
       

Tuesday, 23 June 2015

വേരറ്റ പടര്‍പ്പുകള്‍

"പ്പാ...നമ്മുടെ ഫാക്ടറി ഇനി തോറക്കോ??"
"ഉം...."
"തോറന്നില്ലെങ്കിലാ...?"
"ഇപ്പം കഴിയുമ്പോലങ്ങ് കഴിയും."

കറുത്ത പൂപ്പലുകള്‍ പറ്റിയിരിക്കുന്ന ചുള്ളിക്കമ്പുകള്‍ അടുക്കികെട്ടി വയ്ക്കുകയായിരുന്നു അപ്പന്‍.ചീവീടിന്‍റെ മുറവിളി മാനം മുട്ടെ പൊങ്ങി.
"അപ്പാ , ഇപ്പം നമ്മക്ക് കാടൊണ്ടല്ലാ...."
"ഉം...."
"കാടും തീര്‍ന്നാലാ...??"

ചുള്ളിക്കെട്ടില്‍ പറ്റിയിരുന്ന കുളയട്ടകള്‍ തലയിലൂടിഴഞ്ഞ്,ചെവി കടന്ന് കഴുത്തില്‍ പിടിയിട്ടതായി അയാള്‍ക്ക് തോന്നി.
"കാടും തീര്‍ന്നാലാ അപ്പാ??" കുട്ടി വീണ്ടും ചോദിച്ചു.

ബോണക്കാട്കുന്നുകളില്‍ നിനച്ചിരിക്കാതെ മഞ്ഞിറങ്ങാറുണ്ട്.

Friday, 19 June 2015

അമ്മ ,അമ്മ മാത്രമാണ്.



                               ല്ലാവരും അത്താഴം കഴിച്ചുതീര്‍ന്നശേഷം അമ്മ പാത്രങ്ങളെടുത്ത് അടുക്കളയിലേക്ക് നടന്നതിന്‍റെ അങ്ങേതലയ്ക്കല്‍ നിന്ന് , അച്ഛന്‍റെ കൂട്ടുകാര്‍ പൊട്ടിച്ചിരികളുമായി വന്നു.  സംഭാഷണങ്ങള്‍ നീളുന്നതിനിടയ്ക്ക്, "എല്ലാവര്‍ക്കും കട്ടനിടട്ടെ?","കഴിക്കാനെന്താ?","കഴിച്ചിട്ടു പോയാല്‍ മതി..." എന്നിങ്ങനെ അച്ഛന്‍ പറയുന്നുണ്ട്.   അടുക്കളയില്‍ ഒന്നും ബാക്കിയില്ല.   നെടുവീര്‍പ്പിനോപ്പം അമ്മയുടെ ചൂഴ്ന്നുള്ള നോട്ടം അടുക്കളയെ ഉഴിഞ്ഞു.    അവസാനത്തെ എച്ചില്‍ , സമയത്തെ തോല്‍പ്പിച്ചുകൊണ്ട് ചോറും, കറികളും, മരച്ചീനി അവിച്ചതും, മുളകുടച്ചതുമോക്കെയായി വളര്‍ന്നു!  വിളമ്പി വച്ചിരിക്കുന്ന വിഭവങ്ങള്‍ക്ക് ചുറ്റും ഞങ്ങളിരുന്നു.  അമ്മ കൈപ്പതം കൊണ്ട് ചുണ്ടിനു മുകളിലെ വിയര്‍പ്പു തുടച്ച് പാത്രങ്ങളൊക്കെ അടുക്കിവയ്ക്കുമ്പോള്‍  മാര്‍ക്സിന്‍റെ കലാദര്‍ശനത്തെപ്പറ്റി എല്ലാവരും ആഞ്ഞു സംവദിക്കുകയായിരുന്നു.

                            പൊട്ടിച്ചിരികള്‍ രാത്രിയുടെ നീണ്ട നിഴല്‍പരക്കുന്ന പാതയോരങ്ങളിലേയ്ക്ക് നടന്നകന്നു. വെടിപ്പാക്കിയ അടുക്കളയുടെ  നടുവില്‍ , ഇനിയാരും കഴിക്കാനില്ലല്ലോ എന്ന  പതിവ്  ഉറപ്പുവരുത്തലുമായി അമ്മ കഴിക്കാനിരുന്നു.ഞാന്‍ അളിച്ച എച്ചില്‍ച്ചോറ്, കറിയോഴിഞ്ഞ പാത്രത്തിലിട്ട് അമ്മ ഉണ്ടു തീര്‍ത്തു. അമ്മ എല്ലായിപ്പോഴും  ദ്രൗപതിയായിരുന്നില്ല.  

Thursday, 18 June 2015

ജീവനുള്ള വീടുകള്‍.





                        വീട്, എന്‍റെ ശ്വാസംപോലെ എന്‍റെതു മാത്രമാണ്. ഒരു വേനലില്‍ വീടിന്‍റെ  മണ്‍കട്ടകള്‍ വിളറി വെടിച്ച് പൊടിഞ്ഞുപോയി. ദീര്‍ഘനേരമെടുത്താണ് ഞാനവനെ പഴയ എന്‍റെ വീടാക്കിയത്. പിന്നൊരിക്കല്‍ മഴത്തുള്ളികള്‍ അതിന്‍റെ നെഞ്ചിലേക്ക് ദാഹത്തോടെ പെയ്തിറങ്ങി. വീട് കുത്തൊലിപ്പായി താഴേക്ക്.. പുതുക്കിപ്പണിത്, മഴകടക്കാത്ത മേല്‍കൂരയിട്ട് ഒരുവിധം വീണ്ടുമവനെ വീടാക്കിയെടുത്തു. മഞ്ഞില്‍ പൊതിഞ്ഞപ്പോള്‍ തീകായിച്ച്  രക്ഷപ്പെടുത്തി.  കാറ്റും,കാറും ,മിസൈലുകളും കടന്നുപോയി.
   
         അങ്ങനെയിരിക്കെ ഒരുനാള്‍ (ഞാന്‍ ഉള്ളപ്പോള്‍ത്തന്നെ ) എന്‍റെ വീട് ഉത്തരത്തില്‍  കെട്ടിതൂങ്ങി ആത്മഹത്യ ചെയ്തു. വളരെ എളുപ്പത്തില്‍ ഞാന്‍ വെയിലും,മഴയും, കാറ്റുമായി എങ്ങോട്ടൊക്കെയോ ചിതറിപ്പോയി...

Wednesday, 17 June 2015

മഴയ്ക്കു മുന്‍പേ ജനിക്കുന്നവര്‍

.
        ഴയുമായി പിണഞ്ഞ് കാറ്റുവീശി. മണ്ണില്‍നിന്നും തണുപ്പ് അരിച്ചിറങ്ങി, പൊങ്ങിപ്പറന്നു. സുഷുപ്ത്തിയിലാണ്ടിരുന്ന ഈയലുകള്‍ സ്വപ്നച്ചിറകുകള്‍ ഒതുക്കിക്കൊണ്ട് മണ്ണിലെ ചെറിയ ദ്വാരങ്ങളിലൂടെ പുറത്തുവന്നു. ചിറകുറയ്ക്കാന്‍ ആഞ്ഞുപറന്നു; വെട്ടത്തിന് നേരെ, ആവേശത്തിന്‍റെ ചിറകടിയുമായി...വെളിച്ചം പലതവണ കുതറി.വെട്ടിച്ചു പറന്ന്, നിയോണ്‍ ചൂടിനെ പൊതിഞ്ഞു. മണ്ണില്‍ പതിയിരുന്ന്‍ ജനിക്കേണ്ടി വന്നതിന്‍റെ  പ്രതിഷേധം,നഗര മധ്യത്തിലെ കൂറ്റന്‍ ലൈറ്റുകാലിന്‍റെ ഉയരത്തിലേക്ക് പറന്നു ചിതറിച്ചു.
  
     കണ്ണാടിച്ചിറകുകള്‍ പൊഴിഞ്ഞു വീണ്, ഈയല്‍ കുരുന്നുകള്‍ ഭൂമിയില്‍ വട്ടം കറങ്ങി.

വീണ്ടുമവ മണ്ണിനുള്ളിലെ തണുപ്പുറഞ്ഞ തടവറകള്‍ അന്വേഷിച്ചു. മിനുമിനുത്ത ദേഹത്തെ ഇഴച്ചിഴച്ച് പോകവേ, തണുത്ത കാറ്റില്‍;മഴപ്പരപ്പില്‍, വീണ്ടും ജനിക്കുന്നതിനെപ്പറ്റിയും, വെട്ട ത്തിളക്കത്തിലേക്ക് പറന്നുയരുന്നതിനെപ്പറ്റിയും  ഈയല്‍പൊറ്റകള്‍ ആര്‍ത്തിയോടെ ഓര്‍ക്കുന്നുണ്ടാകാം. 

Tuesday, 16 June 2015

സ്നേഹം ചുരത്തുന്നവര്‍

                     ന്നും വീട്ടില്‍ പാല് തരുന്ന സ്ത്രീ കരിവാളിച്ച മുഖവുമായി ഏന്തിയേന്തി വന്നു.അല്ലെങ്കില്‍,നിറഞ്ഞ ചിരിയും വാതോരാതെയുള്ള അന്വേഷണങ്ങളുമായി ,ദൂരെ നിന്നേ പാല്‍ക്കുപ്പി നീട്ടിക്കൊണ്ട് വേഗത്തില്‍ അവര്‍ വരുമായിരുന്നു.വീട്ടുപടിക്കലെത്തിയിട്ടും പാല്‍ക്കുപ്പി തന്നില്ല...കനത്ത മുഖവുമായി വരാന്തയിലിരുന്നു."എന്താ കാര്യമെന്ന് ചോദിക്ക്" എന്ന വിധേയഭാവം.
    "ഇല്ലെന്നു പറയരുത്..ഒരു ആയിരംരൂപ തന്നേ പറ്റൂ..." അമ്മയോടാണ്.
    "എന്‍റെ മോള് ഇന്നലെ വീണു...ഒരു കൊഴപ്പോം ഇല്ലാരുന്നു...പെറ്റ കൊച്ചിനും ഒന്നൂല്ല..ഇന്നലെ ആയപ്പം പുല്ലും വേണ്ട കാടീം വേണ്ട.വയറും വീര്‍ത്ത്..കാണാന്‍ വയ്യ... ഡോക്ടറെ കാണിക്കാനാ പൈസ..."
അതുവരെ കെട്ടിനിന്ന കനത്ത ഭാവത്തിന്‍റെ ഓരത്ത് കൂടി പെട്ടെന്ന്‍ ഒരു കണ്ണീര്‍ച്ചാല് പൊട്ടിയൊഴുകി.
    അമ്മ അകത്തു പോയി രൂപാ കൊണ്ടുവന്നു.അവര്‍ അത് വാങ്ങി കണ്ണീരു തുടച്ച് എണീറ്റു.ഒറ്റനോട്ടു മടക്കി ബ്ലൌസിനിടയില്‍ തിരുകി.
   "ഇന്നലെ കാലത്ത് മുതല്‍ അവളുടെ കൂടെ ഒറ്റ നില്പായിര്ന്ന്‍,എനിക്ക് ദീനം വന്നാലും ഇത്രേം ദണ്ണമില്ല.ഇനി വീട്ടില്‍ ചെന്നിട്ടു വേണം വല്ലോം വച്ചുണ്ടാക്കാന്‍".
  "പാല്.."
   "അയ്യോ മറന്ന്..."
പാല്‍ക്കുപ്പി തരുമ്പോ അവരുടെ വിരലുകള്‍ അനാവശ്യമായി ധൃതിപ്പെട്ടു.
  "ച്ചെവിത്തേന്നും ഇല്ല ..."
ലോകത്താര്‍ക്കും മനസിലാവാത്ത ഭാഷയില്‍ പിറുപിറുത്തുകൊണ്ട്‌ ,നേര്‍ത്ത് നേര്‍ത്ത്‌ അവര്‍ നടന്നുനീങ്ങി.ഇനിയവരെ സ്ത്രീയെന്നു പരുക്കന്‍ മട്ടില്‍ വിളിക്കാനാവില്ല.

Thursday, 11 June 2015

കൈസഞ്ചി



മുഖം വ്യക്തമല്ലാത്ത തലയ്ക്കും,
പാദങ്ങളുടെ ആയാസം പേറുന്ന
കാല്‍മുട്ടിനുമിടയില്‍
തലകീഴായി തൂങ്ങുന്ന
പല നിറത്തിലുള്ള വാവലുകള്‍...
ഒറ്റ അറയേ ഉള്ളൂ.
കുത്തിനിറയ്ക്കാനാവില്ല.
അക്ഷരങ്ങള്‍ (നിരൂപകപ്പരിഷകള്‍ കാണാതെ)
പൊതിഞ്ഞുകെട്ടി;
സ്നേഹിതന്‍തന്ന പേന അരികിലിട്ടു.
അമ്മയ്ക്കു കൊടുക്കാനുള്ള കണ്ണീരിന്‍റെ പലിശ
അപ്പനും എനിക്കും തമ്മിലുള്ള
പൊട്ടിച്ചിരികളുടെ അകലങ്ങള്‍ക്ക് കൈമാറി.

പാതയുടെ അറ്റമളക്കാന്‍
ഭൂപടങ്ങളെടുത്തിട്ടില്ല.
പകരം,
പൂന്തോട്ടത്തിലെ മഞ്ഞിച്ച പൂക്കള്‍ക്ക്മേലെ
വെട്ടിപ്പറക്കുന്ന പലവര്‍ണങ്ങളുള്ള
ശലഭത്തെ കൂടെ കൂട്ടിയിട്ടുണ്ട്.
വൈകുന്നേരത്തിന്‍റെ ഓര്‍മ്മകള്‍
അരം പറ്റുന്ന ഓണപ്പുല്ലുകള്‍.
സ്നേഹത്തിന്‍റെ കായ്പ്പുള്ള കൈകളാല്‍
തലയുഴിയുമ്പോള്‍, അമ്മൂമ്മ പറയാറുള്ള
പേക്കഥകളാണ് സഞ്ചിക്ക്
കടും നിറം പൂശിയത്.

യാത്രയില്‍ മഴയും, മാനവും
കാടും, കനവും തരാനുള്ള
പങ്കിന്‍റെ ഭാകം മാറ്റിവച്ചിട്ടുണ്ട്.
കനപ്പെട്ട വിചാരങ്ങളുടെ ശേഷി അളന്നിട്ടില്ല.

കുഞ്ഞു കാര്യങ്ങളിലെ
ചന്തമുള്ള നിറങ്ങളാല്‍ നൂറ്റ
ചെറു ചിരിയോളം പോന്ന
ഒരു സഞ്ചിയാണ് എന്‍റെത്...